ഇന്ത്യൻ കരസേനയുടെ ആദരവിന് പിന്നാലെ മോഹൻലാൽ പങ്കുവെച്ച ട്വീറ്റ് റീ ഷെയർ ചെയ്ത് കുറിപ്പ് പങ്കുവെച്ച് റിട്ടയർഡ് നേവി ചീഫ് അഡ്മിറൽ അരുൺ പ്രകാശ്. കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ആദരിക്കുന്ന ചിത്രങ്ങൾ മോഹൻലാൽ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ആ ചിത്രം പങ്കുവെച്ചുകൊണ്ടാണ് അഡ്മിറൽ അരുൺ പ്രകാശ് എക്‌സിൽ കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘ഓണററി റാങ്ക് ലഭിച്ച സിവിലിയന്മാർ സൈനിക റാങ്കും യൂണിഫോമും ധരിച്ച് ചടങ്ങുകളിൽ പങ്കെടുക്കുമ്പോൾ എങ്ങനെ പ്രത്യക്ഷപ്പെടണമെന്ന് സർവ്വീസ് ആസ്ഥാനത്ത് നിന്നും ഉചിതമായ നിർദ്ദേശം ലഭിക്കണമെന്നാണ്’ അഡ്മിറൽ അരുൺ പ്രകാശ് ചൂണ്ടിക്കാണിക്കുന്നത്.
“ഇന്ത്യൻ രാഷ്ട്രപതിയിൽ നിന്ന് സായുധ സേനയിൽ ഓണററി റാങ്ക് ലഭിച്ച വിശിഷ്ട സിവിലിയന്മാർക്ക്, സൈനിക റാങ്കും യൂണിഫോമും ധരിക്കുമ്പോൾ എങ്ങനെ പ്രത്യക്ഷപ്പെടണമെന്ന് സർവീസ് ആസ്ഥാനത്ത് നിന്ന് ഉചിതമായ ഉപദേശം ലഭിക്കണം.” അരുൺ പ്രകാശ് കുറിച്ചു. സിഖ് ഓഫീസർ അല്ലാത്ത പക്ഷം ആർമിയിൽ ഒരാൾക്ക് താടി വെക്കാൻ കഴിയില്ലെന്നും കമന്റ് രൂപത്തിൽ ചിലർ ചൂണ്ടി കാണിച്ചു.
കഴിഞ്ഞ ദിവസമാണ് ദാദാ സാഹേബ് ഫാൽക്കേ പുരസ്കാരം ലഭിച്ചതിനെ തുടർന്ന് കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി മോഹൻലാലിന് അനുമോദന മെഡൽ സമ്മാനിച്ചത്. ജീവിതത്തിലെ അസുലഭനിമിഷമായിരുന്നു അതെന്നും കരസേനയ്ക്ക് വേണ്ടിയുള്ള കൂടുതല്‍ പ്രചാരണ പരിപാടികള്‍ ഏറ്റെടുക്കുമെന്നും ആദരവിന് പിന്നാലെ മോഹൻലാൽ പ്രതികരിച്ചിരുന്നു. സൗത്ത് ബ്ലോക്കില്‍ നടന്ന ചടങ്ങില്‍ സൈനിക യൂണിഫോമിലെത്തിയാണ് മോഹൻലാൽ ആദരം ഏറ്റുവാങ്ങിയത്.