സൂപ്പർ താരത്തിൽ നിന്ന് ദുരനുഭവം, ‘നോ’ പറഞ്ഞതോടെ സിനിമാ അവസരം നഷ്ടമായി; നടി ഉദ്ദേശിച്ചത് വിജയ് സേതുപതിയെ?

','

' ); } ?>

തമിഴ് ടെലിവിഷൻ സീരിയലുകളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയയായ നടി റീഹാന ബീഗം തെന്നിന്ത്യൻ സൂപ്പർ താരത്തിൽ നിന്നുണ്ടായ അസ്വസ്ഥജനകമായ അനുഭവം വെളിപ്പെടുത്തി രംഗത്ത്. തന്നോട് ഫോൺ നമ്പർ വാങ്ങി അതിരുവിട്ട സന്ദേശങ്ങൾ അയച്ച നടന്റെ താത്പര്യങ്ങളെ എതിർത്തതോടെ തനിക്ക് സിനിമാ അവസരം നഷ്ടമായെന്നാണ് ഒരു അഭിമുഖത്തിൽ താരം തുറന്നുപറഞ്ഞത്.

വലിയ ആരാധകവൃന്ദമുള്ള, പലരുടെയും ‘ക്രഷ്’ ആയ ഒരു മുൻനിര നടനിൽ നിന്നാണ് തനിക്ക് ഇത്തരം അനുഭവമുണ്ടായതെന്ന് റീഹാന വ്യക്തമാക്കുന്നു. ഒരു സിനിമയിലെ മൂന്ന് വരി ഡയലോഗുള്ള രംഗത്തിൽ ഒന്നിച്ച് അഭിനയിച്ചപ്പോഴാണ് സംഭവം. റീഹാനയുടെ അഭിനയത്തെയും ഡയലോഗ് ഡെലിവറിയെയും പുകഴ്ത്തി സംസാരിച്ച നടൻ, ഓഫീസ് ആവശ്യങ്ങൾക്കും അടുത്ത പ്രോജക്റ്റുകളിൽ അവസരം നൽകുന്നതിനുമായി നടിയിൽ നിന്ന് ഫോൺ നമ്പർ വാങ്ങുകയായിരുന്നു. എന്നാൽ ഇതിനുപിന്നാലെ വ്യക്തിപരമായ താത്പര്യങ്ങൾ പ്രകടിപ്പിച്ച് നടനിൽ നിന്ന് അതിരുവിട്ട സന്ദേശങ്ങൾ വരാൻ തുടങ്ങി.

നടന്റെ ഉദ്ദേശ്യം മനസ്സിലാക്കി താൻ ഉടൻ തന്നെ വിയോജിപ്പ് അറിയിച്ചുവെന്നും അതോടെ അതേ സിനിമയുടെ അടുത്ത ഷെഡ്യൂളിൽ നിന്ന് തന്നെ ഒഴിവാക്കുകയായിരുന്നുവെന്നും റീഹാന വെളിപ്പെടുത്തി. അഭിനയത്തിൽ ഒട്ടും മിടുക്കനല്ലാത്ത അദ്ദേഹം എങ്ങനെയാണ് സൂപ്പർ താരമായതെന്ന് അത്ഭുതം തോന്നിയിട്ടുണ്ടെന്നും, ഒരുപാട് ടേക്കുകൾ എടുത്താണ് അദ്ദേഹം ഓരോ രംഗവും പൂർത്തിയാക്കിയിരുന്നതെന്നും നടി കൂട്ടിച്ചേർത്തു. എന്നാൽ നടന്റെ പേരോ മറ്റ് സൂചനകളോ പറയാൻ താൻ ഉദ്ദേശിക്കുന്നില്ലെന്നും അവർ വ്യക്തമാക്കി.

റീഹാനയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ, പരാമർശിക്കപ്പെട്ട താരം വിജയ് സേതുപതിയാണെന്ന രീതിയിൽ പ്രേക്ഷകർക്കിടയിൽ പ്രചാരണങ്ങൾ ശക്തമായിട്ടുണ്ട്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ‘വിക്രം’ എന്ന സിനിമയിൽ റീഹാനയും അഭിനയിച്ചിരുന്നു. ഈ ചിത്രത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രത്തെയാണ് വിജയ് സേതുപതി അവതരിപ്പിച്ചത് എന്നതുയർത്തിക്കാട്ടിയാണ് ആരാധകർ ഇത്തരമൊരു നിഗമനത്തിൽ എത്തിച്ചേർന്നത്. എന്നാൽ നടി പേര് തുറന്നുപറയാത്ത പശ്ചാത്തലത്തിൽ, കേവലം ഊഹാപോഹങ്ങളുടെ പേരിൽ പ്രചരിപ്പിക്കുന്ന വാർത്തകളിൽ കഴമ്പില്ലെന്ന വിലയിരുത്തലുമുണ്ട്.