പാലക്കാട് മെഡിക്കല്‍ കോളേജില്‍ നടന്ന പരിപാടിക്കിടെ നടന്‍ ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംഭവത്തില്‍ വിശദീകരണവുമായി സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ രംഗത്തെത്തിയതോടെ യഥാര്‍ത്ഥ ഉത്തരവാദി ആരെന്ന ചോദ്യമാണുയരുന്നത്. ബിനീഷ് ആയതുകൊണ്ടല്ല, പരിപാടിയില്‍ താനല്ലാതെ മറ്റാരെങ്കിലും ഉണ്ടെങ്കില്‍ തന്നെ ഒഴിവാക്കണമെന്ന് സംഘാടകരോട് ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും അങ്ങനെ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അവരുടെ പ്രതിഫലം മുടക്കണ്ടല്ലോ എന്ന് ആഗ്രഹിച്ചാണ് അങ്ങനെ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. പേരിനൊപ്പം മേനോന്‍ ഉണ്ടെന്ന് കരുതി തന്നെ സവര്‍ണനായി മുദ്രകുത്തരുതെന്ന് പറയുന്ന അദ്ദേഹം താന്‍ കാരണം ബിനീഷിന് വിഷമം ഉണ്ടായിട്ടുണ്ടെങ്കില്‍ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് മാപ്പ് ചോദിക്കുന്നതായും പറഞ്ഞു.
തന്റെ ചിത്രത്തില്‍ ചാന്‍സ് ചോദിച്ച ആള്‍ക്കൊപ്പം വേദി പങ്കിടില്ലെന്ന് അനില്‍ രാധാകൃഷ്ണ മേനോന്‍ പറഞ്ഞെന്ന് ബിനീഷിനോട് പറഞ്ഞത് യൂണിയന്‍ ഭാരവാഹികളാണ്. ആ യൂണിയന്‍ ഭാരവാഹികള്‍ ഇത്ര സമയവും ഇത്രയൊക്കെ വിഷയം വഷളായിട്ടും പ്രതികരിച്ചിട്ടുമില്ല. കോളേജിലെ പ്രിന്‍സിപ്പല്‍ ആകട്ടെ ആദ്യം ബിനീഷിനെ വിളിച്ചിട്ടില്ലെന്നാണ് പ്രതികരിച്ചത്. ഈ ഘട്ടത്തില്‍ പോസ്റ്ററിലടക്കം പേര് അച്ചടിച്ച് യൂണിയന്‍ ഭാരവാഹികളാല്‍ ക്ഷണിക്കപ്പെട്ട് അപമാനിച്ചയച്ച വിഷയത്തില്‍ പക്ഷേ യൂണിയന്റെ മൗനമാണ് സംശയാസ്പദം. പ്രൊഫഷണല്‍ കോഴ്‌സ് ആയതിനാല്‍ അധ്യാപകരുടെ നിയന്ത്രണമുള്ളതിനാല്‍ മിണ്ടാത്തതാണെന്നും സംസാരമുണ്ട്. ആറ് മണിയ്ക്കും എട്ട് മണിയ്ക്കും നടക്കേണ്ട രണ്ട് പരിപാടികള്‍ക്ക് ക്ഷണിക്കപ്പെട്ട അതിഥികളാണെന്നും, രണ്ടാം പരിപാടിയില്‍ പങ്കെടുക്കേണ്ട ബിനീഷ് നേരത്തെയെത്തിയെന്ന വിചിത്ര വാദവും ചില കേന്ദ്രങ്ങളുയര്‍ത്തുന്നുണ്ട്. പരിപാടി നടക്കേണ്ട വേദിയും അത് തന്നെയായിരുന്നു.
ഇതുമായി ബന്ധപ്പെട്ട് എസ് എഫ് ഐ സംസ്ഥാന നേതൃത്വം വിഷയത്തിലെ നിലപാട് വ്യക്തമാക്കിയതാണ് ഏറെ രസകരം. ”മികച്ച കലാകാരന്‍ എന്ന നിലയില്‍ കോളേജ് യൂണിയന്റെ പൂര്‍ണ്ണമായ പിന്തുണയോടും താല്പര്യത്തോടും കൂടിയാണ് ബിനീഷ് ബാസ്റ്റിന്‍ പരിപാടിയുടെ ഭാഗമായത്. ഒരു കോളേജില്‍ ഇത്തരം വിഷയങ്ങള്‍ ഉയര്‍ന്നു വരുമ്പോള്‍ കോളേജ് അധികാരി എന്ന നിലയില്‍ പ്രിന്‍സിപ്പല്‍ സ്വീകരിച്ച സമീപനവും വിമര്‍ശനവിധേയമാവണം. അവഗണിക്കപ്പെടുന്ന ജനതയോടൊപ്പം നിലകൊള്ളാനാണ് എസ്എഫ്‌ഐ ആഗ്രഹിക്കുന്നത്. കൂടെ ഇരിക്കാന്‍ ഞാന്‍ തയ്യാറല്ല എന്നുപറയുന്ന സംവിധായകന്റെ മേല്‍ക്കോയ്മ ബോധത്തിനൊപ്പമല്ല, അപമാനിക്കപ്പെട്ട നടനോടൊപ്പം തന്നെയാണ് എസ്എഫ്‌ഐ നിലകൊള്ളുന്നത്’. ഇതാണ് എസ് എഫ് ഐ നിലപാട്.
ഈ വിഷയത്തില്‍ യഥാര്‍ത്ഥത്തിലെന്താണ് നടന്നതെന്ന് വ്യക്തമാക്കേണ്ട യൂണിയന്‍ മൗനത്തിലിരിക്കുമ്പോള്‍ ജാതി വിവേചനമുണ്ടായെന്ന പൊതുബോധത്തിനൊപ്പം നില്‍ക്കുന്ന സാമ്പ്രദായിക ഉഴപ്പന്‍ പ്രസ്താവനയാണ് എസ് എഫ് ഐ ഇറക്കിയതെന്ന് ചുരുക്കം. ഒരു വശത്ത് പ്രിന്‍സിപ്പല്‍ ബിനീഷിനെ അപമാനിക്കുന്നു, മറുവശത്ത് എസ് എഫ് ഐയുടെ പിന്തുണ, അങ്ങിനെ ഉദ്ദേശിച്ചിട്ടേ ഇല്ലെന്ന് സംവിധായകന്‍. ഇതിലെല്ലാം എന്ത് നടന്നുവെന്ന് പറയാന്‍ ബാധ്യതപ്പെട്ട യൂണിയന്‍ ഭാരവാഹികളുടെ മൗനം. ഇതെല്ലാം കൂട്ടി വായിച്ചാല്‍ എല്ലാത്തിനുമുള്ള ഉത്തരം ലഭിയ്ക്കും. തെറ്റിദ്ധാരണാജനകമായ കാര്യങ്ങളാണ് ആശയവിനിമയത്തിലുള്‍പ്പെടെയുണ്ടായതെങ്കില്‍ അത് തുറന്ന് പറയാതെ പൊതുബോധത്തിനൊപ്പമോ, അല്ലെങ്കില്‍ പ്രൊഫഷണല്‍ ഭാവിയേയോ കരുതി മൗനം തുടരുന്നവര്‍ നാളത്തെ ഡോക്ടര്‍മാരാകേണ്ടവരാണ് എന്നതാണ് ഏറെ ഖേദകരം.
എസ്.എഫ്.ഐ ഫേസ്ബുക്ക് പോസ്റ്റ്