അണ്ടര്‍വേള്‍ഡല്ല.. ഇതാണ് റിയല്‍ വേള്‍ഡ്…!

അരുണ്‍ കുമാര്‍ അരവിന്ദ് എന്ന പ്രിയദര്‍ശന്റെ പ്രിയപ്പെട്ട ചിത്രസംയോജകന്‍ ഇന്ന് തന്റെ സ്വന്തം സംവിധാനത്തിലൊരുങ്ങിയ ആറാം ചിത്രവുമായി തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ആസിഫ് അലി, ഫര്‍ഹാന്‍ ഫാസില്‍, ലാല്‍ ജൂനിയര്‍ എന്നിവര്‍ക്കൊപ്പം സീനിയര്‍ താരം മുകേഷിനെയും അണിനിരത്തി അരുണ്‍ ഒരു വ്യത്യസ്ഥ ചിത്രവുമായെത്തിയപ്പോള്‍ അണ്ടര്‍വേള്‍ഡ് എന്ന ചിത്രം നല്‍കുന്നത് സമിശ്ര വികാരങ്ങളാണ്. ഒരു വേറിട്ട ഗ്യാങ്‌സ്റ്റര്‍ ചിത്രമെന്ന നിലയിലും വ്യത്യസ്ഥ കാസ്റ്റിങ്ങു കൊണ്ടും അണ്ടര്‍വേള്‍ഡ് എന്ന ചിത്രം ഒരു നല്ല അനുഭവമായിത്തന്നെയാണ് തോന്നിയത്.

തന്റെ നാട്ടില്‍ അത്യാവശ്യം ചില്ലറ ഉഡായിപ്പുകളുമായി മുന്നോട്ട് പോകുകയാണ് സ്റ്റാലിന്‍ ജോണ്‍ എന്ന ചെറുപ്പക്കാരന്‍. അല്‍പം മടയനാണെങ്കിലും ‘നേരേ വാ നേരേ പോ’ എന്ന പ്രകൃതക്കാരനാണ് സ്റ്റാലിന്‍. ചെറുപ്പത്തിലേ അല്ലറ ചില്ലറ ഉഡായിപ്പുകള്‍ കയ്യില്‍ കൊണ്ടുനടക്കുന്ന സ്റ്റാലിന് ഒരു ഗ്യാങ്‌സ്റ്ററായിത്തന്നെ ജീവിക്കാനാണ് ഇഷ്ടം.

മറ്റൊരു വശത്ത് സോളമന്‍. അത്യാവശ്യം നല്ല നിലയില്‍ തന്നെ ഉഡായിപ്പുകളുണ്ട്. ചെറുപ്പത്തിലേ അത്തരം ഒരു ജീവിതത്തിലൂടെ തന്റെ ധൈര്യം കൊണ്ട് വലിയ നിലയിലെത്തിയ ആളാണ്. സോളമന്‍ പക്ഷെ ഇപ്പോള്‍ ഒരു ചെറിയ കുരുക്കില്‍പെട്ട് അത് തീര്‍ക്കാനുള്ള ശ്രമത്തിലാണ്, പിന്‍ബലത്തിന് തന്റെ ഗുരുവും ബോസ്സുമായ പത്മനാഭന്‍ സാറുമുണ്ട്.

ഇവര്‍ തമ്മില്‍ ജീവിതത്തിലെ ഒരു നിര്‍ണായക നിമിഷത്തില്‍ തമ്മില്‍ കണ്ടു മുട്ടുകയാണ്. പക്ഷെ അല്‍പം ഗ്യാങ്സ്റ്റര്‍മാരായ ആരും അങ്ങനെ പരസ്പരം വിട്ടുകൊടുക്കില്ലല്ലോ…? അല്ലേ…?

കാസ്റ്റിങ്ങ് തന്നെയാണ് അണ്ടര്‍ വേള്‍ഡ് എന്ന ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്. സോളമനായെത്തിയ ലാല്‍ ജൂനിയര്‍, സ്റ്റാലിനായെത്തിയ ആസിഫ് അലി, സ്റ്റാലിന്റെ ഉറ്റ സുഹൃത്തായെത്തിയ ഫര്‍ഹാന്‍ ഫാസില്‍, ചിത്രത്തിലെ പ്രധാന ബോസായെത്തിയ മുകേഷ് എന്നിവരുടെ മികച്ച പ്രകടനവും ഇതിനെ പിന്തുണച്ചു. സംവിധായകനായെത്തിയ ചിത്രത്തിലൂടെ ആദ്യ വേഷം അവതരിപ്പിച്ച ലാല്‍ ജൂനിയറിന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവ് തന്നെയായിരിക്കും അണ്ടര്‍വേള്‍ഡ്.

വ്യത്യസ്തമായ കളര്‍ ടോണ്‍, അവതരണ രീതി, സ്റ്റണ്ടിങ്ങ് സീനുകള്‍, റിയലിസ്റ്റിക് ഫൈറ്റ് സീക്വന്‍സുകള്‍ എന്നിവ ചിത്രത്തെ വ്യത്യസ്ഥമാക്കുന്നു. ചിത്രത്തിലെ ഗാനങ്ങള്‍ ശ്രദ്ധിക്കാതെ പോയതും ബാക്ഗ്രൗണ്ട് സൗണ്ടിന്റെ ചില കടന്നുകയറ്റവും ചിത്രത്തിനെ ചില നിമിഷങ്ങള്‍ പിറകോട്ടുവലിച്ചു. എന്നിരുന്നാലും നല്ല കുറേ നിമിഷങ്ങളും ഒരു വ്യത്യസ്ഥമായ സിനിമ കണ്ടിറങ്ങിയ അനുഭവവും ചിത്രം തീര്‍ച്ചയായും സമ്മാനിക്കുന്നുണ്ട്.

കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നത് ഒരു ചിത്രത്തിന്റെ ഏറ്റവും വലിയ ഘടകമാണ്. അത് കൃത്യമായി സിനിമയുടെ അങ്ങേയറ്റം വരെ കാണിച്ച് തരാന്‍ കഴിഞ്ഞത് തന്നെയാണ് അണ്ടര്‍വേള്‍ഡ് എന്ന ചിത്രത്തിന്റെ വിജയം. അരുണ്‍ കുമാര്‍ അരവിന്ദ് എന്ന സംവിധാകനും അണ്ടര്‍വേള്‍ഡിനും എല്ലാ ആശംസകളും…