ഗാനരചയിതാവും സംഗീത സംവിധായകനുമായ ശ്രീകുമാരന്‍ തമ്പിയുമായുള്ള സൗഹൃദം ഓര്‍ക്കുകയാണ് സംഗീത നിരൂപകന്‍ രവിമേനോന്‍. മാര്‍ച്ച് 16ന് എണ്‍പത് വയസ്സ് തികയുന്ന അദ്ദേഹത്തിന്റെ ഓര്‍മ്മ പങ്ക് വെയ്ക്കുന്ന ഫേസ്ബുക്ക് കുറിപ്പ് താഴെ വായിക്കാം.
എണ്‍പതിന്റെ യൗവനകാന്തിയില്‍
”ചെത്തുകാരനല്ല ഞാന്‍, എഴുത്തുകാരന്‍ മാത്രം” എന്ന് പറയാന്‍ വേണ്ടിയാണ് ശ്രീകുമാരന്‍ തമ്പി സാര്‍ ആദ്യമായി എന്നെ ഫോണില്‍ വിളിച്ചത്; ഇരുപത്തേഴു വര്‍ഷങ്ങള്‍ക്ക് മുന്‍പ്.
ഓര്‍ക്കുമ്പോള്‍ ഉള്ളില്‍ ചിരി പൊടിയുന്ന അനുഭവം; തെല്ലൊരു കുറ്റബോധവും.
1990 കളുടെ തുടക്കത്തിലാണ്. വെള്ളിനക്ഷത്ര”ത്തില്‍ അന്നൊരു പ്രതിവാര സംഗീത നിരൂപണ പംക്തിയുണ്ട് എനിക്ക്. ആസ്വാദകപക്ഷത്തു നിന്നുകൊണ്ട്, പുതിയ ഓഡിയോ കാസറ്റുകളുടെ ഒരു റിവ്യൂ. ശ്രീകുമാരന്‍ തമ്പി സംവിധാനം ചെയ്ത ”ബന്ധുക്കള്‍ ശത്രുക്കള്‍” എന്ന സിനിമയുടെ മ്യൂസിക് ആല്‍ബം മാഗ്‌നസൗണ്ട് പുറത്തിറക്കിയിട്ട് ദിവസങ്ങളേ ആയുള്ളൂ. ഗാനരചനയും സംഗീതവും തമ്പിയുടെ വക തന്നെ. അര്‍ത്ഥദീപ്തമായ രചനകൊണ്ടും ലളിതസുന്ദരമായ വാദ്യവിന്യാസം കൊണ്ടും ഹൃദ്യമായ ആലാപനം കൊണ്ടും പതിവ് ശൈലിയില്‍ നിന്ന് വേറിട്ടുനിന്ന സൃഷ്ടികള്‍. മലയാളിപ്പെണ്ണേ നിന്റെ മനസ്സ്, ബന്ധുവാര് ശത്രുവാര്, തല്‍ക്കാല ദുനിയാവ്, ചുംബനപ്പൂ കൊണ്ട് മൂടി, പൂനിറം കണ്ടോടി വന്ന, ആലപ്പുഴ പട്ടണത്തില്‍…. പടമിറങ്ങും മുന്‍പേ സൂപ്പര്‍ഹിറ്റായി മാറിയ പാട്ടുകളായിരുന്നു എല്ലാം. മലയാള ചലച്ചിത്ര ഗാനങ്ങളുടെ വസന്തഋതുവിനെ ഓര്‍മിപ്പിച്ച ആ ആല്‍ബത്തെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടാന്‍ മടിച്ചില്ല, എന്നിലെ ആസ്വാദകന്‍. അത്തരം സുവര്‍ണ്ണാവസരങ്ങള്‍ നിരൂപകന് വീണുകിട്ടുക അപൂര്‍വമായിരുന്നല്ലോ…
വാരിക പുറത്തിറങ്ങിയതിന്റെ പിറ്റേന്ന് തിരുവനന്തപുരത്തു നിന്ന് അപ്രതീക്ഷിതമായി പത്രാധിപര്‍ പ്രസാദ് ലക്ഷ്മണന്റെ കോള്‍. രവീ, ശ്രീകുമാരന്‍ തമ്പി സാര്‍ വിളിച്ചിരുന്നു. എന്തോ പരിഭവം ഉണ്ടെന്ന് തോന്നുന്നു. ഒന്ന് തിരിച്ചു വിളിച്ചേക്കണം. നമ്പര്‍ തരാം..” ഞെട്ടിപ്പോയെന്നത് സത്യം. എഴുതിയത് മോശമായോ? അതോ വസ്തുതാ വിരുദ്ധമായ വല്ല പരാമര്‍ശവും കടന്നുകൂടിയിരിക്കുമോ എന്റെ കുറിപ്പില്‍? ഒന്നും പിടികിട്ടുന്നില്ല. അപ്പോള്‍ തന്നെ തമ്പി സാറിന്റെ നമ്പറില്‍ വിളിച്ചുനോക്കിയെങ്കിലും മറ്റാരോ ആണ് ഫോണെടുത്തത്. സാര്‍ സ്ഥലത്തില്ല, വന്നാല്‍ പറയാം എന്നു പറഞ്ഞു ആള്‍ ഫോണ്‍ വെച്ചതോടെ ഉള്ളിലെ വേവലാതി കൂടി.
അധികം വൈകാതെ തമ്പി സാര്‍ തിരിച്ചു വിളിച്ചു. ഫോണെടുത്തത് ചെറിയൊരു ഉള്‍ക്കിടിലത്തോടെ. പ്രിയപ്പെട്ട നൂറുകണക്കിന് ഗാനങ്ങളുടെ രചയിതാവാണ് മറുതലയ്ക്കല്‍. കുട്ടിക്കാലം മുതല്‍ റേഡിയോയിലൂടെ കേട്ടു ശീലിച്ച പേരിന്റെ ഉടമ. ആള്‍ ക്ഷിപ്രകോപിയാണ് എന്ന് പറഞ്ഞുകേട്ടിരുന്നതിനാല്‍ ആശങ്ക സ്വാഭാവികം. പക്ഷേ പതിഞ്ഞ ശബ്ദത്തിലാണ് തമ്പി സാര്‍ സംസാരിച്ചു തുടങ്ങിയത്: മിസ്റ്റര്‍ രവിമേനോന്‍, നിങ്ങള്‍ എഴുതിയത് വായിച്ചു. നന്നായിട്ടുണ്ട്. ആദ്യമായിട്ടാണെന്ന് തോന്നുന്നു ഇത്രയും വിശദമായി ആ പാട്ടുകളെ കുറിച്ചൊരു വിലയിരുത്തല്‍ വരുന്നത്. താങ്ക് യു.” ഒരു നിമിഷം നിര്‍ത്തിയ ശേഷം തമ്പി സാര്‍ തുടര്‍ന്നു; ഉറച്ച ശബ്ദത്തില്‍: പക്ഷേ, ഒന്നു പറഞ്ഞേക്കാം. ഞാനൊരു ചെത്തുകാരനല്ല, എഴുത്തുകാരന്‍ മാത്രമാണ്. തെറ്റിദ്ധാരണ വേണ്ട..” എടുത്തടിച്ചപോലുള്ള ആ പ്രസ്താവന കേട്ട് തരിച്ചു നിന്നു ഞാന്‍. സാരമില്ല. പറഞ്ഞെന്നേ ഉള്ളൂ,” എന്നെ സമാധാനിപ്പിക്കാനെന്നോണം തമ്പി സാര്‍ പറഞ്ഞു.
ഫോണ്‍ വെച്ച ശേഷവും അമ്പരപ്പ് നീങ്ങുന്നില്ല. ഇതെന്താവാം ഇങ്ങനെയൊരു വിചിത്രമായ പ്രതികരണത്തിന് പ്രകോപനം? പാട്ടും ചെത്തും തമ്മില്‍ എന്ത് ബന്ധം? ഒന്നും മനസ്സിലായില്ല. വാരിക ഒന്നുകൂടി തുറന്ന് വായിച്ചുനോക്കിയപ്പോഴാണ് തമ്പി സാര്‍ പറഞ്ഞതിന്റെ പൊരുള്‍ പിടികിട്ടിയത്. ഗാനപംക്തിക്ക് വേണ്ടി അയച്ചു കൊടുക്കുന്ന കുറിപ്പുകള്‍ക്ക് കൗതുകമാര്‍ന്ന തലക്കെട്ടുകള്‍ കൊടുക്കാറുണ്ട് വാരികയുടെ എഡിറ്റോറിയല്‍ ഡെസ്‌ക്. ബന്ധുക്കള്‍ ശത്രുക്കളെ” കുറിച്ചെഴുതിയ കോളത്തിന് നല്‍കിയിരുന്ന തലക്കെട്ട് ഇങ്ങനെ: തമ്പി ചെത്തി; രചനയിലും സംഗീതത്തിലും.” ചെത്തി എന്നത് അന്നത്തെ കുസൃതി നിറഞ്ഞ ഒരു ന്യൂജന്‍ പ്രയോഗം. പൊളിച്ചു, തകര്‍ത്തു, റോക്ക്ഡ് എന്നൊക്കെ ഇന്നത്തെ കുട്ടികള്‍ പറയുംപോലെ. എന്നാലും വായിച്ചു നോക്കിയപ്പോള്‍ തലക്കെട്ടിലെ ആ ചെത്ത്’ അല്‍പ്പം കടന്നുപോയില്ലേ എന്നൊരു തോന്നല്‍.
എങ്കിലും ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ ആ പ്രയോഗത്തിന് പിന്നിലെ ഉദ്ദേശ്യശുദ്ധി” തിരിച്ചറിയുന്നു ഞാന്‍. മലയാളത്തില്‍ ഒരാഴ്ച്ചക്കുള്ളില്‍ ഒരു ലക്ഷം കോപ്പി വിറ്റ് അത്യപൂര്‍വമായ പ്ലാറ്റിനം ഡിസ്‌ക് നേടുന്ന ആദ്യത്തെ മ്യൂസിക് ആല്‍ബം ആയി മാറി ബന്ധുക്കള്‍ ശത്രുക്കള്‍”. ശരിക്കും അടിച്ചു പൊളിക്കുക” തന്നെയായിരുന്നു ശ്രീകുമാരന്‍ തമ്പി എന്ന ഓള്‍റൗണ്ടര്‍. ഇന്നത്തെ തലമുറയില്‍ പോലുമുണ്ട് ആ ഗാനങ്ങള്‍ക്ക് ആരാധകര്‍.
ദൂരെ നിന്നാണെങ്കിലും, തമ്പി സാറിനെ ആദ്യം കണ്ടത് അതിനും അഞ്ചു വര്‍ഷം മുന്‍പ് കൊല്ലത്തുവെച്ചാണ് കൗതുകമുള്ള മറ്റൊരു ഓര്‍മ്മ. 1988 ലെ സന്തോഷ് ട്രോഫി ഫുട്‌ബോള്‍ കേരളകൗമുദിക്ക് വേണ്ടി റിപ്പോര്‍ട്ട് ചെയ്യുകയാണ് ഞാന്‍. സഹലേഖകനായി കെ ഡി ദയാല്‍. കാര്‍ത്തിക ഹോട്ടലില്‍ ഞങ്ങള്‍ ഒരുമിച്ച് ഒരേ മുറിയില്‍ താമസം. ഒരു ദിവസം ഉച്ചക്ക് വെറുതെ വരാന്തയില്‍ ഉലാത്തിക്കൊണ്ടിരുന്ന ദയാല്‍ മുറിയുടെ വാതിലില്‍ തട്ടി പൊടുന്നനെ വിളിച്ചു പറയുന്നു: ദേ നോക്കിയേ, നമ്മുടെ ശ്രീകുമാരന്‍ തമ്പി സാറല്ലേ അത്?”
തിടുക്കത്തില്‍ മുറിയില്‍ നിന്ന് പുറത്തിറങ്ങി രണ്ടാം നിലയില്‍ നിന്ന് താഴേക്ക് നോക്കിയപ്പോള്‍ ഇടതൂര്‍ന്ന മുടിയും റ’ ആകൃതിയിലുള്ള സ്‌റ്റൈലന്‍ മീശയുമായി ഒരാള്‍ നടന്നു പോകുന്നു; ഒരു ബെല്‍ബോട്ടം പാന്റ്‌സുകാരന്‍. കോട്ടയത്തു നിന്നിറങ്ങിയിരുന്ന സിനിമാമാസിക”യിലെ ചോദ്യോത്തര പംക്തിക്കൊപ്പം നല്‍കിയിരുന്ന പടത്തില്‍ കണ്ട് മനസ്സില്‍ പതിഞ്ഞ രൂപം. ഹോട്ടലിലെ ഏതോ താമസക്കാരനെ സന്ദര്‍ശിച്ച ശേഷം മടങ്ങിപ്പോകുകയാവണം തമ്പി സാര്‍.നമുക്കൊന്ന് ചെന്ന് പരിചയപ്പെട്ടാലോ?” ദയാലിനോട് എന്റെ ചോദ്യം. പെട്ടെന്ന് ചൂടാവുന്ന ആളാണെന്നാ കേട്ടിട്ടുള്ളത്. ചിലപ്പോ ചീത്ത കേള്‍ക്കേണ്ടി വരും. എന്നാലും പോയി നോക്കാം. ദേഷ്യപ്പെട്ടാലും ശ്രീകുമാരന്‍ തമ്പിയല്ലേ?” ദയാല്‍.
പക്ഷെ പടിയിറങ്ങി ഓടി ചെന്നപ്പോഴേക്കും തമ്പി സാര്‍ ഹോട്ടലിന് പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ കയറി സ്ഥലം വിട്ടിരുന്നു.
എല്ലാ അര്‍ത്ഥത്തിലും ജനകീയ”നായ ആ കവിയുടെ വിപുലമായ സൗഹൃദവലയത്തില്‍ ഒരിക്കല്‍ ഇടം ലഭിക്കുമെന്നോ, എന്റെ ഒരു പുസ്തകത്തിന് (എങ്ങനെ നാം മറക്കും) അദ്ദേഹം അവതാരിക എഴുതുമെന്നോ, മറ്റൊരു പുസ്തകം (അനന്തരം സംഗീതമുണ്ടായി) പ്രകാശനം ചെയ്യുമെന്നോ ഒന്നും അന്ന് സങ്കല്പിച്ചിട്ടു പോലുമില്ല. പിന്നീട് എത്രയെത്ര കൂടിക്കാഴ്ചകള്‍; അഭിമുഖങ്ങള്‍, സൗഹൃദ ഭാഷണങ്ങള്‍…പാട്ടുകളെ കുറിച്ചുള്ള എഴുത്തില്‍ ഞാന്‍ ഏറ്റവും പരാമര്‍ശിച്ചിരിക്കുക തമ്പി സാറിന്റെ പേരായിരിക്കും. വിഷയം ഗാനരചനയോ ഈണമോ ആലാപനമോ സിനിമയോ എന്തുമാകട്ടെ, ശ്രീകുമാരന്‍ തമ്പി എന്ന പേര് കടന്നുവരാത്ത ലേഖനങ്ങള്‍ കുറവാണ് എന്റെ രചനകളില്‍. അത് തികച്ചും സ്വാഭാവികമാണ് താനും. തമ്പി സാറിന്റെ പാട്ടുകള്‍ ഒരിക്കലെങ്കിലും കേള്‍ക്കാത്ത, മൂളാത്ത ദിനങ്ങളും അപൂര്‍വമാണല്ലോ എന്റെ ജീവിതത്തില്‍.
ഗാനരചയിതാക്കള്‍ക്കിടയിലെ ഗന്ധര്‍വനായ ശ്രീകുമാരന്‍ തമ്പിക്ക് ഈ തിങ്കളാഴ്ച്ച (മാര്‍ച്ച് 16) എണ്‍പത് തികയുന്നു. എല്ലാ പ്രതിസന്ധികള്‍ക്കിടയിലും ജീവിതം ജീവിക്കാന്‍ കൊള്ളാവുന്നതാണെന്ന് വീണ്ടും വീണ്ടും എന്നെ ഓര്‍മ്മിപ്പിക്കുന്ന, കാതുകളില്‍ സ്‌നേഹപൂര്‍വ്വം മന്ത്രിച്ചുകൊണ്ടിരിക്കുന്ന നൂറു നൂറു പാട്ടുകളുടെ ശില്പിയെ ഹൃദയപൂര്‍വം, നന്ദിപൂര്‍വം നമിക്കുന്നു.
രവിമേനോന്‍