ഉസ്താദ് ഹോട്ടലിന് ശേഷം അന്‍വര്‍ റഷീദ്-ദുല്‍ഖര്‍ കൂട്ടുകെട്ട് വീണ്ടും…?

ഉസ്താദ് ഹോട്ടലിന്റെ നീണ്ട ഇടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാനും സംവിധായകന്‍ അന്‍വര്‍ റഷീദും വീണ്ടും ഒന്നിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. 2012ലാണ് ആദ്യമായി അന്‍വര്‍ റഷീദ് ദുല്‍ഖറിനെ നായകനാക്കി ‘ഉസ്താദ് ഹോട്ടല്‍’ എന്ന ചിത്രം ഒരുക്കിയത്. അഞ്ജലി മേനോന്‍ തിരക്കഥയില്‍ അന്‍വര്‍ റഷീദിന്റെ മികച്ച സംവിധാനം കൂടിച്ചേര്‍ന്നപ്പോള്‍ ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായി ‘ഉസ്താദ് ഹോട്ടല്‍’ മാറിയിരുന്നു. ഉസ്താദ് ഹോട്ടലിന് ശേഷം അന്‍വര്‍ റഷീദ് അഞ്ചു സുന്ദരികള്‍ എന്ന ചിത്രത്തില്‍ ഒരു ഹ്രസ്വ ചിത്രം മാത്രമാണ് സംവിധാനം ചെയ്തത്. പിന്നീട് നീണ്ട ഏഴു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഫഹദ് ഫാസിലിനെ നായകനാക്കി അദ്ദേഹം ‘ട്രാന്‍സ്’ എന്ന ചിത്രം ഒരുക്കിയത്. ദുല്‍ഖറിനെ നായകനാക്കി അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് വേണ്ടി മലയാളി പ്രേക്ഷകര്‍ തന്നെ വലിയ രീതിയിലുള്ള ഒരു കാത്തിരിപ്പുണ്ടായിരുന്നു. എന്നാല്‍ ആ കാത്തിരിപ്പിന് ഇനിയും അധികം നാളുകളില്ല എന്ന് സൂചിപ്പിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ട്രാന്‍സ് എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയെ നായകനാക്കി അദ്ദേഹം പുതിയ ചിത്രമൊരുക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.

സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടിനെ കുറിച്ചുള്ള വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ സജീവമായി തന്നെ നില്‍ക്കുമ്പോഴാണ് ദുല്‍ഖര്‍ ചിത്രത്തിന്റെ പുതിയ സൂചനകള്‍ പുറത്തു വരുന്നത്. അന്‍വര്‍ റഷീദ് തന്നെയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നതെന്നും ദുല്‍ഖറിനൊപ്പം ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മി, മഞ്ജു വാര്യര്‍ എന്നിവരും പ്രധാന വേഷത്തില്‍ എത്തുമെന്നുമാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ദുല്‍ഖറിനെ നായകനാക്കി അന്‍വര്‍ റഷീദ് എന്ന സംവിധായകന്‍ ഒരു ചിത്രവുമായെത്തുമ്പോള്‍ പ്രേക്ഷകര്‍ക്കും വലിയ പ്രതീക്ഷയാണുള്ളത്. ഔദ്യോഗികമായ ഒരു പ്രഖ്യാപനത്തിന് വേണ്ടി ഏവരും കാത്തിരിക്കുകയാണ്.