നടന്‍ രവി വള്ളത്തോള്‍ (67) അന്തരിച്ചു. മിനിസ്‌ക്രീനിലെ ജനപ്രിയതാരമായിരുന്നു രവി വള്ളത്തോള്‍ . തിരുവനന്തപുരം വഴുതക്കാട്ടെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. അസുഖബാധിതനായതിനാല്‍ ഏറെക്കാലമായി അഭിനയരംഗത്ത് നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ദൂരദര്‍ശന്റെ പ്രതാപകാലത്ത് സീരിയല്‍ രംഗത്തെ നിറഞ്ഞ സാന്നിധ്യമായിരുന്നു. മഹാകവി വള്ളത്തോള്‍ നാരായണ മേനോന്റെ മരുമകനാണ്. നാടകാചാര്യന്‍ ടി. എന്‍.ഗോപിനാഥന്‍ നായരുടെയും സൗദാമിനിയുടെയും മകനാണ്. ഭാര്യ: ഗീതലക്ഷ്മി. മികച്ച നടനുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. സംസ്‌കാരം ഞായറാഴ്ച നടക്കും.
ടി.എന്‍. ഗോപിനാഥന്‍ നായരുടെ മൂന്ന് മക്കളില്‍ മൂത്തവനായി ജനിച്ച രവിയുടെ വിദ്യാഭ്യാസമെല്ലാം തിരുവനന്തപുരത്തായിരുന്നു. 1996ല്‍ ദൂരദര്‍ശനിലെ വൈതരണി എന്ന പമ്പരയിലൂടെയാണ് അഭിനയരംഗത്ത് സജീവമാകുന്നത്. അച്ഛന്‍ ടി.എന്‍.ഗോപിനാഥന്‍ നായര്‍ തന്നെയായിരുന്നു പരമ്പരയുടെ രചന. തുടര്‍ന്ന് നൂറിലേറെ ടെലിവിഷന്‍ പരമ്പരകളില്‍ അഭിനയിച്ചു. അമേരിക്കന്‍ ഡ്രീംസ് എന്ന പരമ്പരയിലെ അഭിനയത്തിനാണ് മികച്ച നടനുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ലഭിച്ചത്. പാരിജാതം എന്ന പരമ്പരയിലെ അഭിനയത്തിന് ഏഷ്യാനെറ്റ് ടെലിവിഷന്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. 25 ചെറുകഥ എഴുതി. ഇതില്‍ ദേവരഞ്ജിനി, നിമജ്ജനം എന്നിവ ടെലിവിഷന്‍ പരമ്പരകളായി. ശ്രീഗുരുവായൂരപ്പന്‍, വസുന്ധര മെഡിക്കല്‍സ്, മണല്‍സാഗരം, പാരിജാതം, അമേരിക്കന്‍ ഡ്രീംസ് തുടങ്ങിയ മെഗാ സീരിയലുകളിലും രവി ശ്രദ്ധേയനായി. ഗാനരചയിതാവായാണ് ചലച്ചിത്രരംഗത്തു തുടക്കം കുറിച്ചത്. 1976-ല്‍ ‘മധുരം തിരുമധുരം’ എന്ന ചിത്രത്തിന് വേണ്ടി ‘താഴ്വരയില്‍ മഞ്ഞുപെയ്തു’ എന്ന ഗാനം എഴുതി സിനിമാ ബന്ധത്തിന് തുടക്കമിട്ടു. 1986-ല്‍ റിലീസ് ചെയ്ത ‘രേവതിക്കൊരു പാവക്കുട്ടി’ എന്ന സിനിമയുടെ കഥ രവി വള്ളത്തോളിന്റേതായിരുന്നു.
1987 ല്‍ ലെനിന്‍ രാജേന്ദ്രന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘സ്വാതിതിരുനാള്‍’ എന്ന ചലച്ചിത്രത്തിലൂടെ സിനിമാരംഗത്തെത്തി. അടൂര്‍ ഗോപാലകൃഷ്ണന്റെ ഏഴു സിനിമകളില്‍ രവി ശ്രദ്ധേയമായ വേഷം ചെയ്തു. ടി.വി. ചന്ദ്രന്‍, എം.പി. സുകുമാരന്‍ നായര്‍ തുടങ്ങിയവരുടെ ശ്രദ്ധിക്കപ്പെട്ട പല സിനിമകളിലും അഭിനയിച്ചു. മതിലുകള്‍, കോട്ടയം കഞ്ഞച്ചന്‍, ഗോഡ്ഫാദര്‍, വിഷ്ണുലോകം, സര്‍ഗം, കമ്മീഷണര്‍, നീ വരുവോളം തുടങ്ങി നാല്‍പത്തിയഞ്ചോളംചലച്ചിത്രങ്ങളില്‍ അഭിനയിച്ചു. 2014 ല്‍ പുറത്തിറങ്ങിയ ദ് ഡോള്‍ഫിന്‍സാണ് അവസാന ചലച്ചിത്രം. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കായി ഭാര്യ ഗീതാലക്ഷ്മിക്കൊപ്പം ‘തണല്‍’ എന്ന പേരില്‍ ഒരു ചാരിറ്റബിള്‍ ട്രസ്റ്റ് രൂപീകരിച്ച് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു.. സിബി മലയിലിന്റെ നീ വരുവോളം, സിദ്ധിഖ് ലാലിന്റെ ഗോഡ്ഫാദര്‍ എന്നിവയില്‍ ശ്രദ്ധേയമായ വേഷങ്ങളായിരുന്നു.
രവി വള്ളത്തോളിനെ കുറിച്ചുള്ള മമ്മൂട്ടിയുടെ കുറിപ്പ്