“രാവിലെ ബീഫ് കഴിച്ചു, രാത്രിയും അത് തന്നെ കഴിക്കും-അതിലിപ്പോള്‍ എന്താ പ്രശ്നം”; വേടൻ

','

' ); } ?>

തനിക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാൻ തനിക്കവകാശമുണ്ടെന്നും ഇത് ജനാധിപത്യ രാജ്യമാണെന്നും വ്യക്തമാക്കി റാപ്പർ വേടൻ. താൻ രാവിലെ ബീഫാണ് കഴിച്ചതെന്നും വൈകുന്നേരവും അതുതന്നെ കഴിക്കുമെന്നും പറഞ്ഞ അദ്ദേഹം, മറ്റുള്ളവരെ ദ്രോഹിക്കാത്ത കാലത്തോളം സ്വന്തം താല്പര്യപ്രകാരം ജീവിക്കുന്നതിൽ എന്താണ് പ്രശ്നമെന്നും ക്ഷുഭിതനായി ചോദിച്ചു. തമിഴ്‌നാട്ടിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു പാട്ട് പാടിയതിന്റെ പേരിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ സംഗീത് എന്ന യുവാവിന് പിന്തുണ പ്രഖ്യാപിച്ചാണ് വേടൻ തമിഴ്‌നാട്ടിലെത്തിയത്.

അവിടെവെച്ച് ഒരു പ്രമുഖ ഭക്ഷണശാലയുടെ പേര് പരാമർശിച്ച വേടനോട്, എന്താണ് ആസ്വദിച്ച് കഴിക്കാറുള്ളത് എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ജനാധിപത്യ രാജ്യത്ത് ജീവിക്കുന്ന തനിക്ക് ഇഷ്ടമുള്ളത് കഴിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും താല്പര്യമുള്ളവർ കഴിക്കട്ടെയെന്നും അല്ലാത്തവർക്ക് അത് ഒഴിവാക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതോടൊപ്പം തമിഴ്‌നാട്ടിലെ പുതിയ വിജയ് സർക്കാരിനെക്കുറിച്ചും ‘പാറ്റ പാർട്ടി’യെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. വിജയ് സർക്കാർ അധികാരത്തിലേറിയിട്ട് ഒരു മാസം മാത്രമേ ആയിട്ടുള്ളൂ എന്നതിനാൽ ഭരണത്തെക്കുറിച്ച് വിലയിരുത്താൻ സമയമായിട്ടില്ലെന്ന് വേടൻ അഭിപ്രായപ്പെട്ടു. അവർക്ക് ജോലി ചെയ്യാൻ സമയം നൽകണമെന്നും, സമൂഹത്തിന് അനുകൂലമായ കാര്യങ്ങളാണ് അവർ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. പാറ്റ പാർട്ടിയുടെ ലക്ഷ്യം എന്താണെന്ന് ഇപ്പോൾ വ്യക്തമല്ലെങ്കിലും, കേന്ദ്ര സർക്കാരിനെതിരെ യുവാക്കൾ രംഗത്തിറങ്ങുന്നത് നല്ലൊരു മാറ്റമാണെന്നും വേടൻ കൂട്ടിച്ചേർത്തു.