
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ സിനിമ സഹസംവിധായകനെതിരെ കേസെടുത്ത് മരട് പൊലീസ്. ജോജോമോൻ എന്ന ജോജോ കുരിശിങ്കലിനെതിരെയാണ് മോഡലിന്‍റെ പരാതി. വിവാഹവാഗ്‌ദാനം നൽകി പീഡിപ്പിച്ചെന്നാണ് പരാതി. ജോജോ മുൻപ് രണ്ട് വിവാഹം കഴിച്ചിരുന്നെന്നും ഇക്കാര്യം മറച്ചുവച്ചെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സംവിധായകനാണെന്ന് പറഞ്ഞായിരുന്നു ജോജോ സ്വയം പരിചയപ്പെടുത്തിയത്. വിവാഹമോചിതനാണെന്നും വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്നും പറഞ്ഞു. വീട്ടുകാരുമായും ജോജോ ബന്ധം സ്ഥാപിച്ചുവെന്നും യുവതി പറയുന്നു. വിവാഹ വാഗ്ദാനം നല്‍കിയ ശേഷം ഫ്‌ളാറ്റിലേക്ക് വിളിച്ചു വരുത്തി പലതവണയായി പീഡിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.
പിന്നീട് വിവാഹ വാഗ്ദാനത്തില്‍ നിന്നും ഇയാള്‍ പിന്മാറിയെന്നും പരാതിയില്‍ പറയുന്നു. ജോജോ തന്നെ ദേഹോപദ്രവം ചെയ്തതായും യുവതി പരാതിയില്‍ പറയുന്നുണ്ട്. പ്രാഥമിക അന്വേഷണങ്ങള്‍ക്ക് ശേഷം ബുധനാഴ്ചയാണ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്. യുവതിയുടെ മൊഴിയെടുക്കുകയും വൈദ്യപരിശോധന നടത്തുകയും ചെയ്തിട്ടുണ്ട്. കേസില്‍ അന്വേഷണം തുടരുകയാണ്.
അതേസമയം ജോജോയ്ക്കെതിരെ മുമ്പും കേസുകളുണ്ടെന്നാണ് പൊലീസ് പറയുന്നത്. പത്തനാപുരം വനംവകുപ്പ് റേഞ്ച് ഓഫീസിലും ക്രിമിനല്‍ കേസ് നിലനില്‍ക്കുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. വനമേഖലയില്‍ അതിക്രമിച്ച് കയറി കാട്ടുപോത്തിനെ വേട്ടയാടിയ സംഭവത്തിലാണ് കേസെടുത്തിട്ടുള്ളത്.