ഫിയോക്ക് യോഗത്തില്‍ രഞ്ജിത്തിനെ അഭിനന്ദിച്ച് ദിലീപ്

തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ യോഗത്തില്‍ വേദി പങ്കിട്ട് ദിലീപും സംവിധായകന്‍ രഞ്ജിത്തും. ചലച്ചിത്ര അക്കാദമി ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട രഞ്ജിത്തിനെ അഭിനന്ദിച്ച് യോഗത്തില്‍ ദിലീപ് പ്രസംഗിക്കുകയും ചെയ്തു. സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ മധുപാലും ഈ ചടങ്ങില്‍ പങ്കെടുത്തു. ഐ.എഫ്.എഫ്.കെ രഞ്ജിത്തിന്റെ പ്രതികരണത്തിന് ശേഷം ദിലീപും രഞ്ജിത്തും വേദി പങ്കിടുന്നത് ഇതാദ്യമാണ്.

നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ ആലുവ സബ്ജയിലില്‍ സന്ദര്‍ശിച്ചത് യാദൃശ്ചികമാണെന്ന് നേരത്തെ രജ്ഞിത് പറഞ്ഞത് വിവാദമായിരുന്നു. ദിലീപിനെ പിന്തുണച്ച് സംസാരിക്കുകയോ എഴുതുകയോ ചെയ്തിട്ടില്ലെന്നും ദിലീപിനെ ആലുവാ ജയിലില്‍ സന്ദര്‍ശിച്ചത് അവിചാരിതമായിട്ടാണെന്നും ഇരുപത്തിയാറാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദിയില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കൂടിയായ രഞ്ജിത്ത് വ്യക്തമാക്കിയത്. തിയേറ്റര്‍ ഉടമകളുടെ പ്രശ്‌നം സര്‍ക്കാരിന് മുന്‍പില്‍ അവതരിപ്പിച്ചിട്ടുണ്ടെന്ന് രഞ്ജിത് പറഞ്ഞു. നിലവില്‍ ഫിയോക്കിന്റെ ആജീവനാന്ത ചെയര്‍മാനായ ദിലീപിനെയും വൈസ് ചെയര്‍മാനായ ആന്റണി പെരുമ്പാവൂരിനെയും സ്ഥാനങ്ങളില്‍നിന്ന് നീക്കാനുള്ള ഭരണഘടന ഭേദഗതി നടത്തുന്നതിനെ കുറിച്ച് നേരത്തേ ഫിയോക്ക് ആലോചിച്ചിരുന്നു. ഇത്തരം കാര്യങ്ങള്‍ ഇന്നത്തെ ഫിയോക്കിന്റെ ജനറല്‍ ബോഡിയില്‍ ചര്‍ച്ചയാകും. തീയേറ്റര്‍ ഉടമകളുടെ പ്രശ്‌നം പരമാവധി സര്‍ക്കാരിന് മുന്നില്‍ എത്തിച്ചിട്ടുണ്ടെന്ന് രഞ്ജിത്ത് ചടങ്ങില്‍ സംസാരിക്കവേ വ്യക്തമാക്കി.

നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപുമായി ഫിയോക്കിന്റെ വേദി പങ്കിട്ടതിനെ ന്യായീകരിച്ച് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്. താന്‍ തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ പരിപാടിക്കാണ് പോയതെന്നും തന്നെ ക്ഷണിച്ചത് ദിലീപ് അല്ലെന്നും രഞ്ജിത് പറഞ്ഞു. ദിലീപിനെ തനിക്ക് വര്‍ഷങ്ങളായി അറിയാമെന്നും രഞ്ജിത് കൂട്ടിച്ചേര്‍ത്തു. ”ഞാന്‍ ദിലീപിന്റെ വീട്ടില്‍ പോയി ദിലീപിനെ കണ്ടിട്ടില്ല. ദിലീപിനൊപ്പം ചായ കുടിക്കാന്‍ ഒരു റെസ്റ്റോറന്റില്‍ പോയിട്ടില്ല. ഇനി പോയെങ്കില്‍ തന്നെ എന്താ?. ദിലീപ് എനിക്ക് വര്‍ഷങ്ങളായി അറിയാവുന്ന ആളാണ്. നാളെ ഇനി ഞാന്‍ കയറുന്ന വിമാനത്തില്‍ ദിലീപ് ഉണ്ടെന്ന് പറഞ്ഞ് എനിക്ക് ഇറങ്ങി ഓടാന്‍ പറ്റുമോ?. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ആണെന്ന് വച്ച് തിയേറ്റര്‍ ഉടമകളുമായുള്ള ബന്ധം എനിക്ക് ഉപേക്ഷിക്കാന്‍ പറ്റില്ല. നാട്ടില്‍ ചര്‍ച്ച ചെയ്യാന്‍ മറ്റ് കാര്യങ്ങളൊന്നും ഇല്ലേ?” രഞ്ജിത് ചോദിച്ചു. രഞ്ജിത്തിനേയും മധുപാലിനേയും ഫിയോക്ക് ആദരിച്ച ചടങ്ങില്‍ ദിലീപും പങ്കെടുത്തിരുന്നു. രഞ്ജിത്തിന് സ്വാഗതം പറഞ്ഞ ദിലീപ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ആകാന്‍ എന്തുകൊണ്ടും യോഗ്യതയുള്ള ആളാണ് രഞ്ജിത് എന്നും പറഞ്ഞു.