രണ്ടാമൂഴത്തില്‍ നിന്നും എം.ടി പിന്‍വാങ്ങുന്നു,തിരക്കഥ തിരിച്ച് വാങ്ങും

രണ്ടാമൂഴം സിനിമയില്‍ നിന്നും എം.ടി വാസുദേവന്‍ നായര്‍ പിന്‍വാങ്ങുന്നു. തിരക്കഥ തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് മുന്‍സിഫ് കോടതിയില്‍ എം.ടി ഹര്‍ജി നല്‍കി. തിരക്കഥ നല്‍കി നാലുവര്‍ഷം പിന്നിട്ടിട്ടും ചിത്രീകരണം ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് നടപടി.

സിനിമയുടെ ചിത്രീകരണം അനന്തമായി നീളുന്നതാണ് ഇതിന് കാരണം. തിരക്കഥ കൈമാറുമ്പോള്‍ മുന്‍കൂറായി കൈപ്പറ്റിയ പണം തിരിച്ചുനല്‍കാമെന്നും ഹര്‍ജിയില്‍ പറയുന്നു. വളരെയധികം പഠനങ്ങളും ഗവേഷണങ്ങളും നടത്തിയതിന്റെ ഒടുവിലാണ് രണ്ടാമൂഴം കഥയാക്കി സംവിധായകന് നല്‍കിയതെന്നും എന്നാല്‍, കഥയുണ്ടാക്കാന്‍ താന്‍ കാണിച്ച ആവേശം സിനിമ ചെയ്യുന്നവര്‍ക്കില്ലെന്നാണ് എം ടിയുടെ പരാതി.

സിനിമയുടെ സംവിധായകന്‍ വി.എ. ശ്രീകുമാര്‍ മേനോന്‍ ആണ്. നിര്‍മാതാവ് ബി.ആര്‍ ഷെട്ടിയും. 2019 ജൂലൈയില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് ഏറ്റവും ഒടുവില്‍ നിര്‍മാതാവ് അറിയിച്ചിരുന്നത്.