രണ്ടാമൂഴത്തിന്റെ തിരക്കഥ തിരികെ ആവശ്യപ്പെട്ട് എം.ടി.വാസുദേവന്‍ നായര്‍ നല്‍കിയ ഹര്‍ജി കോഴിക്കോട് മുന്‍സിഫ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നേരത്തെ എംടി യുടെ ഹര്‍ജി പരിഗണിച്ച കോടതി തിരക്കഥ ഉപയോഗിക്കുന്നതിന് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തുകയും സംവിധായകനും നിര്‍മ്മാണ കമ്പനിക്കും നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. എം.ടിയെ അനുനയിപ്പിക്കാന്‍ ശ്രീകുമാര്‍ മേനോന്‍ പലകുറി ശ്രമിച്ചിരുന്നുവെങ്കിലും നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് എം ടി വാസുദേവന്‍ നായര്‍ വ്യക്തമാക്കി.
തിരക്കഥയുടെ കരാര്‍ കാലാവധി അവസാനിച്ചിട്ടും സിനിമ ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് എംടി രചന തിരികെ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ എഴുതിയ തിരക്കഥ തിരികെ നല്‍കുമ്പോള്‍ മുന്‍കൂര്‍ വാങ്ങിയ പണം തിരികെ നല്‍കുമെന്ന് എംടി വാസുദേവന്‍ നായര്‍ കോടതിയെ അറിയിച്ചിരുന്നു. ഇതിനിടെ രണ്ടാമൂഴം സിനിമയാക്കാന്‍ താല്‍പര്യമറിയിച്ച് ചില നിര്‍മ്മാതാക്കള്‍ എം.ടിയെ സമീപിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. രണ്ടാമൂഴം സിനിമയാക്കുക എന്നത് എംടിയുടെ ജീവിതാഭിലാഷമാണെന്നും അതിനുള്ള ശ്രമങ്ങള്‍ തുടരുമെന്നും എംടിയുടെ അഭിഭാഷകന്‍ വ്യക്തമാക്കുന്നു.