
മമ്മൂട്ടിയുടെ വാലുപോലെ നടക്കുന്നുവെന്ന വിമർശനങ്ങളിൽ പ്രതികരിച്ച് നടൻ രമേശ് പിഷാരടി. ഇന്നത്തെ കാലത്ത് നന്മ സംശയിക്കപ്പെടുമെന്നും, താനും ധർമജനും ഒരുമിച്ച് നടന്നപ്പോൾ ആരും ഇങ്ങനെയൊന്നും പറഞ്ഞിരുന്നില്ലെന്നും രമേശ് പിഷാരടി പറഞ്ഞു. കാൻ മീഡിയ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മമ്മൂട്ടിയുടെ വാലുപോലെ നടക്കുന്നുവെന്ന് ഞാനും കേട്ടിരുന്നു. ഞാൻ ഇതിനെക്കുറിച്ച് ധർമ്മജനോട് സംസാരിച്ചിട്ടുണ്ട്, നമ്മൾ ഇത്രകാലം നടന്നപ്പോൾ പോലും ആരും ഈ വാലും തലയുമായി എന്ന് പറയുന്നത് കേട്ടിട്ടില്ല. അതിന്റെ പ്രശ്നം അദ്ദേഹത്തിന്റെ പ്രൊഫയിലിന്റെ വലുപ്പവും എന്റെ പ്രൊഫയിലും തമ്മിൽ മാച്ച് ആവാത്തതിനാൽ ആണ്. ഇന്നത്തെ വർത്തമാന കാലഘട്ടത്തിൽ നന്മ സംശയിക്കപ്പെടും. ഒരാൾ നമ്മളോട് നന്നായി സംസാരിച്ചാൽ ഇവൻ എന്തിനാണ് എന്നോട് നന്നായി പെരുമാറുന്നത്? എന്തോ കാര്യം നേടാൻ ഉണ്ടെന്ന് പറയും’. രമേശ് പിഷാരടി പറഞ്ഞു.
‘എന്റെ കാര്യത്തിലാകുമ്പോൾ ആളുകൾക്ക് ഒരുപാട് പറയാൻ ഉണ്ട്. അവനു അവസരത്തിന് വേണ്ടിയാണ്, സിനിമ കിട്ടാൻ ആണ് എന്നൊക്കെ. ഞാനും അദ്ദേഹവും ഇതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല. മനുഷ്യനായി കണ്ടാൽ ഈ ചോദ്യത്തിന് പ്രസക്തി ഉണ്ടാവില്ല. ഇമ്മാനുവൽ എന്ന പടത്തിൽ പറയുന്നത് പോലെ എന്റെ പ്രായമാണ് അദ്ദേഹത്തിന്റെ എക്സ്പീരിയൻസ്. ഇന്ത്യ മുഴുവൻ ആരാധിക്കുന്ന ഒരു നടനൊപ്പം ഇരിയ്ക്കാൻ പറ്റുന്നത് എന്റെ ഭാഗ്യമാണ്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അദ്ദേഹം പറയുന്നത് വരെ ഇത് മിസ് ആക്കാൻ ഞാൻ തയ്യാറല്ല,’ രമേശ് പിഷാരടി കൂട്ടിച്ചേർത്തു.