
ജിതിൻ കെ. ജോസ് സംവിധാനം ചെയ്ത ‘കളങ്കാവലി’ൽ താൻ ഭാഗമായതിന് പിന്നിൽ മമ്മൂട്ടിയാണെന്ന് വെളിപ്പെടുത്തി നടി രജിഷ വിജയൻ. ചിത്രത്തിലേക്ക് തന്റെ പേര് നിർദേശിച്ചത് മമ്മൂട്ടിയാണെന്നും അദ്ദേഹത്തിനൊപ്പം അഭിനയിക്കുക എന്നത് ഏറെക്കാലത്തെ വലിയൊരു ആഗ്രഹമായിരുന്നുവെന്നും രജിഷ പറഞ്ഞു. ‘സിനി ഉലകം’ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം മമ്മൂട്ടിയുമായുള്ള ബന്ധത്തെക്കുറിച്ചും പുതിയ ചിത്രത്തിന്റെ വിശേഷങ്ങളെക്കുറിച്ചും സംസാരിച്ചത്.
മമ്മൂട്ടിയുമായി കഴിഞ്ഞ പത്ത് വർഷമായി അടുത്ത ബന്ധമുണ്ടെന്ന് രജിഷ വ്യക്തമാക്കുന്നു. പശ്ചാത്തലത്തിലൂടെ നടന്നുപോകുന്ന ഒരു രംഗത്തിലാണെങ്കിൽ പോലും അദ്ദേഹത്തോടൊപ്പം സ്ക്രീൻ പങ്കിടാൻ അവസരം ചോദിച്ചിട്ടുണ്ടെന്ന് താരം പങ്കുവെച്ചു. ഒരു സീനിയർ ക്രിക്കറ്റ് താരത്തോടൊപ്പം കളിക്കാൻ ജൂനിയർ താരം ആഗ്രഹിക്കുന്നത് പോലെ, ഇതിഹാസ തുല്യനായ ഒരു നടന്റെ അഭിനയം നേരിട്ട് കണ്ടു പഠിക്കാനായിരുന്നു ആ ആഗ്രഹം.
അങ്ങനെയിരിക്കെയാണ് ‘കളങ്കാവലി’ന്റെ കഥ കേൾക്കാൻ മമ്മൂട്ടി തന്നെ നിർദേശിക്കുന്നത്. മമ്മൂട്ടിക്ക് ശേഷം ഈ സിനിമയുടെ കഥ കേൾക്കുന്നതും താനായിരുന്നുവെന്ന് രജിഷ പറയുന്നു. ചിത്രത്തിലെ ഏത് സ്ത്രീ കഥാപാത്രവും തിരഞ്ഞെടുക്കാനുള്ള അവസരം അണിയറപ്രവർത്തകർ നൽകിയിരുന്നു. അതിൽ നിന്നും ‘ദിവ്യ’ എന്ന കഥാപാത്രത്തെയാണ് താൻ തിരഞ്ഞെടുത്തത്. മമ്മൂട്ടിക്കൊപ്പം അഭിനയിക്കാൻ സാധിക്കുന്നതിനൊപ്പം മികച്ചൊരു കഥാപാത്രവും നല്ലൊരു സിനിമയും ലഭിച്ചതിന്റെ സന്തോഷത്തിലാണ് താരം.
‘അനുരാഗ കരിക്കിൻ വെള്ളം’ എന്ന ചിത്രത്തിലൂടെ അരങ്ങേറി ആദ്യ സിനിമയിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ നടിയാണ് രജിഷ വിജയൻ.
രജിഷ വിജയന്റെ വാക്കുകൾ;
‘മമ്മൂക്കയുമായി പത്ത് വർഷത്തെ ബോണ്ടുണ്ട് എനിക്ക്. ഒരുപാട് തവണ മമ്മൂക്കയോട് ചോദിച്ചിട്ടുണ്ട്, എന്തെങ്കിലും ഒരു ചാൻസ് ഉണ്ടെങ്കിൽ പറയണമെന്ന്. ബാക്ക്ഗ്രൗണ്ടിൽ നടന്നുപോകുന്ന സീൻ ആണെങ്കിലും കുഴപ്പമില്ല, മമ്മൂക്കയ്ക്കൊപ്പം ഒരു ഷോട്ട് എങ്കിലും വേണമെന്ന് ഞാൻ പറയാറുണ്ടായിരുന്നു. ഒരു സീനിയർ ക്രിക്കറ്റ് പ്ലെയറിനൊപ്പം ഒരു ജൂനിയർ കളിക്കാരൻ കളിക്കാൻ ആഗ്രഹിക്കില്ലേ, അതുപോലെയാണ്.
ലെജൻഡ് ആയിട്ടുള്ള നടൻമാർ എങ്ങനെയാണ് അഭിനയിക്കുന്നത് എന്ന് കാണാനുള്ള ഒരു കൗതുകവും ആഗ്രഹവും നമുക്കുണ്ടാകില്ലേ. എനിക്ക് മമ്മൂക്ക എങ്ങനെയാണ് അഭിനയിക്കുന്നത് എന്ന് ഒരു വട്ടം നേരിട്ട് കാണണം എന്ന ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെ ഒരിക്കൽ മമ്മൂക്ക എന്നോട് ഒരു കഥയുണ്ട് അത് കേട്ട് നോക്കാൻ വേണ്ടി പറയുകയായിരുന്നു. മമ്മൂക്കയോട് കളങ്കാവലിന്റെ കഥ പറഞ്ഞ ശേഷം ജിതിൻ പിന്നെ എന്നോട് കഥ പറയുകയായിരുന്നു.
മമ്മൂക്കയ്ക്ക് ശേഷം കാളങ്കാവലിന്റെ കഥ കേൾക്കുന്ന ആൾ ഞാനാണ്. സിനിമയിലെ ഏത് ഫീമെയിൽ കഥാപാത്രത്തെ എടുക്കണം എന്നുള്ള ചോയ്സ് എനിക്കുണ്ടായിരുന്നു. ഏത് കഥാപാത്രമാണ് വേണ്ടത് എന്ന് എന്നോട് ചൂസ് ചെയ്യാൻ വേണ്ടി പറഞ്ഞിട്ടുണ്ടായിരുന്നു. അതിൽ ദിവ്യ എന്ന കഥാപാത്രമാണ് എനിക്ക് ഇഷ്ടപ്പെട്ടത്. സിനിമയിൽ നമുക്കായി എന്തെങ്കിലും ചെയ്യാൻ പറ്റും, മമ്മൂക്കയ്ക്കൊപ്പം ഷോട്ടും കിട്ടും. പിന്നെ അത് നല്ല സിനിമയാണ്, നല്ല ഡയറക്ടറുമാണ്. അപ്പോൾ അത് ചെയ്യാൻ പറ്റിയതിൽ ഭയങ്കര സന്തോഷം ഉണ്ടായി.