ജൂണിന് ശേഷം ഒളിമ്പ്യന്‍ താരമായി രജിഷ, ഷൂട്ടിംഗ് ഇന്ന് ആരംഭിക്കും…

തന്റെ വ്യത്യസ്തമായ വേഷത്തിലൂടെ മലയാള സിനിമയിലെ യുവ സാന്നിധ്യമായി മാറിയ രജിഷ വിജയന്‍ ‘ജൂണ്‍’ എന്ന ചിത്രത്തിന് ശേഷം ഒളിമ്പ്യന്‍ താരമായെത്തുന്ന ‘ഫൈനല്‍സ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഇന്ന് ആരംഭിക്കും. നടനും ഹാസ്യ താരവുമായ മണിയന്‍പിള്ള രാജുവും പ്രജീഷും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഒളിമ്പികസിന് തയ്യാറെടുക്കുന്ന സൈക്ലിംഗ് താരമായാണ് രജിഷ എത്തുക. കട്ടപ്പന, തിരുവനന്തപുരം എന്നിവയാണ് പ്രധാന ലൊക്കേഷനുകള്‍. നവാഗതനായ പിആര്‍ അരുണ്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്.

നാഷണല്‍ അവാര്‍ഡ് ജേതാവ് കൂടിയായ സുരാജ് വെഞ്ഞാറമൂട് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തില്‍ നിരഞ്ജും ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ടോവിനോ തോമസിന്റെ തീവണ്ടിയിലൂടെ ശ്രദ്ധേയനായ കൈലാസ് മേനോനാണ് സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ പുറത്തിറങ്ങിയിരിരിന്നു. ആലീസ് എന്നാണ് രജിഷയുടെ കഥാപാത്രത്തിന്റെ പേര്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തു വിടുമെന്നാണ് അറിയുന്നത്. ‘അനുരാഗ കരിക്കിന്‍ വെള്ളം’ എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയ രജിഷ വിജയന്‍ ജൂണ്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമ ലോകത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞിരിക്കുന്നു.