അക്രമം ഒരു പ്രശ്‌നങ്ങള്‍ക്കും പരിഹാരമല്ല; പ്രതികരണവുമായി രജനികാന്ത്

പൗരത്വ നിയമത്തിനെതിരെ നടത്തുന്ന പ്രതിഷേധങ്ങളില്‍ പ്രതികരിച്ച് നടന്‍ രജനീകാന്ത്. നിയമത്തിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന അക്രമങ്ങളില്‍ അദ്ദേഹം ആശങ്കയറിയിച്ചു.

അക്രമം ഒരു പ്രശ്‌നങ്ങള്‍ക്കും പരിഹാരമല്ല, രാജ്യത്തിന്റെ സുരക്ഷക്കും ക്ഷേമത്തിനും വേണ്ടി ഇന്ത്യന്‍ പൗരന്‍മാര്‍ ഒരുമിച്ചു നില്‍ക്കുകയും അതിനെക്കുറിച്ച് ബോധവാന്‍മാരാവുകയും വേണം. ഇപ്പോള്‍ നടക്കുന്ന അതിക്രമങ്ങളില്‍ താന്‍ അങ്ങേയറ്റം ദുഖിതനാണെന്നും രജനീകാന്ത് ട്വിറ്ററില്‍ കുറിച്ചു.

എന്നാല്‍ രജനീകാന്തിന്റെ ട്വീറ്റിനെതിരെ സമ്മിശ്രമായ പ്രതികരണമാണ് ഉയരുന്നത്. #IStandWithRajinikanth, #ShameOnYouSanghiRajini  എന്നീ ഹാഷ് ടാഗുകളിലാണ് പ്രതികരണങ്ങള്‍ വരുന്നത്. ഉത്തര്‍പ്രദേശിലും കര്‍ണാടകയിലുമുണ്ടായ പ്രശ്‌നങ്ങള്‍ക്ക് പിന്നാലെയാണ് രജനീകാന്ത് പ്രതികരണവുമായി രംഗത്ത് വന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ തമിഴ്‌നാട്ടിലും സമരം ശക്തിപ്പെടുകയാണ്. കമല്‍ഹാസന്‍, സിദ്ധാര്‍ഥ് തുടങ്ങിയ താരങ്ങള്‍ പ്രതിഷേധക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.