പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച് ‘ഹലാല്‍ ലവ് സ്‌റ്റോറി’

ഹലാല്‍ ലവ് സ്‌റ്റോറി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് പാക്കപ്പില്‍ പൗരത്വ നിയമത്തിനെതിരെ വ്യത്യസ്തമായൊരു രീതിയില്‍ പ്രതിഷേധവുമായി സംവിധായകന്‍ സക്കറിയയും സംഘവും. ആഷിക് അബു നിര്‍മിക്കുന്ന ചിത്രത്തിന് പാക്കപ്പ് പറയുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

ചിത്രത്തിലെ അണിയറപ്രവര്‍ത്തകര്‍ ഒരുമിച്ചിരുന്ന് പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നതാണ് വീഡിയോയില്‍ കാണാന്‍ കഴിയുക. ‘ഹം ദേഖേംഗെ’ എന്ന പ്രശസ്തമായ ഹിന്ദി ഗാനമാണ് ഷഹബാസ് അമന്‍ ആലപിക്കുന്നത്. പ്ലക്കാര്‍ഡുകളും അണിയറപ്രവര്‍ത്തകരുടെ കൈകളില്‍ കാണാം. പൗരത്വനിയമവും ദേശീയ പൗരത്വ രജിസ്റ്ററും റദ്ദാക്കണമെന്ന ഹാഷ്ടാഗുകളും ഇതോടൊപ്പമുണ്ട്.

സുഡാനി ഫ്രം നൈജീരിയക്ക് ശേഷം സക്കറിയ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹലാല്‍ ലവ് സ്‌റ്റോറി. മുന്‍പ് പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ച് സുഡാനി ടീം ദേശീയ അവാര്‍ഡ് ബഹിഷ്‌കരിക്കുമെന്ന് അറിയിച്ചിരുന്നു.