ദാദസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് സ്വീകരിച്ച് രജനികാന്ത്

2019ലെ ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം നടന്‍ രജനികാന്ത് സ്വീകരിച്ചു. ഉപരാഷ്ട്രപതി വെങ്കയ്യനായിടുവാണ് രജനികാന്തിന് പുര്സാകരം നല്‍കിയത്. ഇന്ത്യന്‍ സിനിമയുടെ ചരിത്ര മുഹൂര്‍ത്തമാണിതെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കുര്‍ അടക്കമുള്ളവര്‍ വിശേഷിപ്പിച്ചു. ഡല്‍ഹിയില്‍ വെച്ച് നടന്ന പുരസ്‌കാര ചടങ്ങില്‍ ധനുഷും പങ്കെടുത്തിരുന്നു. 2019ലെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ധനുഷും ഏറ്റുവാങ്ങി.

രജനികാന്തിന്റെ വാക്കുകള്‍:

‘ഈ മഹത്വപൂര്‍ണ്ണമായ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്. കേന്ദ്ര സര്‍ക്കാരിന് ഈ നിമിഷത്തില്‍ ഞാന്‍ എന്റെ ഹൃദയത്തില്‍ നിന്ന് നന്ദി പറയുന്നു. ഈ പുരസ്‌കാരം ഞാന്‍ എന്റെ ഗുരുനാഥനായ കെ.ബാചന്ദ്രന്‍ സാറിന് സമര്‍പ്പിക്കുന്നു. ഈ നിമിഷത്തില്‍ നന്ദിയോടെ ഞാന്‍ അദ്ദേഹത്തെ സ്മരിക്കുന്നു. കര്‍ണ്ണാടകയില്‍ ട്രാന്‍സ്പോര്‍ട്ട് ബസ് ഡ്രൈവറായിരുന്നു എന്റെ സുഹൃത്ത് രാജ് ബഹദൂറിനും ഞാന്‍ നന്ദി പറയുന്നു. കാരണം ഞാന്‍ ബസ് കണ്ടക്ടര്‍ ആയിരുന്ന സമയത്ത് അദ്ദേഹമാണ് എന്നില്‍ അഭിനയത്തിന്റെ കഴിവുണ്ടെന്ന് പറയുന്നത്. എനിക്ക് സിനിമയില്‍ അഭിനയിക്കാന്‍ പ്രചോദനം നല്‍കിയതും അദ്ദേഹമാണ്.

അതോടൊപ്പം എന്റെ എല്ലാ സിനിമകളുടെയും സംവിധായകരോടും നിര്‍മ്മാതാക്കളോടും, അണിയറ പ്രവര്‍ത്തകരോടും അഭിനേതാക്കളോടും ഞാന്‍ നന്ദി അറിയിക്കുന്നു. പിന്നെ എന്റെ ആരാധകര്‍, അതോടൊപ്പം തമിഴ്നാട്ടിലെ ജനങ്ങള്‍. അവരില്ലെങ്കില്‍ ഞാന്‍ ഇന്ന് ആരുമല്ല.’


67-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. മികച്ച നടനുള്ള പുരസ്‌കാരം ധനുഷും മനോജ് വാജ്പേയിയും നടിക്കുള്ള പുരസ്‌കാരം കങ്കണ റണാവത്തും ഏറ്റുവാങ്ങി. മികച്ച സഹനടനുള്ള പുരസ്‌കാരം വിജയ് സേതുപതിയും സ്വീകരിച്ചു. ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനിലാണ് ചടങ്ങുകള്‍ നടക്കുന്നത്.

മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ സംവിധായകന്‍ പ്രിയദര്‍ശനും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും സ്വീകരിച്ചു.മികച്ച ഗാനരചയിതാവിനുള്ള പുരസ്‌കാരം പ്രഭാ വര്‍മയും മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്‌കാരം ഹെലന്‍ സിനിമയുടെ സംവിധായകന്‍ മാത്തുക്കുട്ടി സേവ്യറും മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം രാഹുല്‍ റിജി നായരും ഏറ്റുവാങ്ങി.