കേരളത്തില്‍ തീയറ്ററുകള്‍ തുറന്നു… സിനിമ പ്രദര്‍ശനം ബുധനാഴ്ച്ച മുതല്‍

6 മാസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ തീയറ്ററുകള്‍ ഇന്ന് തുറക്കും. ഇന്നും നാളെയുമായി തീയറ്ററുകളില്‍ അണുവിമുക്ത പ്രവര്‍ത്തനങ്ങളാകും നടക്കുക. ഒക്ടോബര്‍ 27 ബുധനാഴ്ച്ച മുതലാണ് സിനിമ പ്രദര്‍ശനം.

രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമാണ് തീയറ്ററുകളില്‍ അനുമതി. തീയറ്റര്‍ ജീവനക്കാര്‍ക്കും ഇതിനോടകം 2 ഡോസ് വാക്സിന്‍ വിതരണം പൂര്‍ത്തിയാക്കും. 50 ശതമാനം സീറ്റുകളില്‍ മാത്രമാണ് കാണികള്‍ക്ക് പ്രവേശനം. സംസ്ഥാനത്ത് വാക്സിന്‍ വിതരണം പൂര്‍ത്തിയാകാത്തതിനാല്‍ പ്രേക്ഷകര്‍ക്ക് കുടുംബസമേതം തീയറ്ററില്‍ സിനിമ കാണാനാവില്ല. കുട്ടികള്‍ക്കും പ്രവേശനമില്ല.

ഒക്ടോബര്‍ 28 ന് റിലീസ് ചെയ്യുന്ന സ്റ്റാര്‍ ആണ് തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുന്ന ആദ്യ മലയാള ചലച്ചിത്രം.ജോജു ജോര്‍ജ് ആണ് ചിത്രത്തില്‍ നായകനായെത്തുന്നത്.ഡോമിന്‍ ഡി സില്‍വയുടെ സംവിധാനത്തില്‍ ജോജു ജോര്‍ജ്ജും, പൃഥ്വിരാജും, ഷീലു എബ്രഹാമും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണിത്.ചിത്രത്തില്‍ അതിഥിതാരമായാണ് പൃഥ്വിരാജ് എത്തുന്നതെങ്കിലും ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ തന്നെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യു നിര്‍മ്മിക്കുന്ന സിനിമ, ഫാമിലി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ്. നവാഗതനായ സുവിന്‍ എസ് സോമശേഖരന്റേതാണ് രചന. സാനിയ ബാബു, ശ്രീലക്ഷ്മി,ഗായത്രി അശോക്, തന്‍മയ് മിഥുന്‍,ജാഫര്‍ ഇടുക്കി, സബിത, ഷൈനി രാജന്‍, രാജേഷ്.ബി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

ശരത്ത് അപ്പാനി നായകനായെത്തുന്ന ‘മിഷന്‍ സി’29ന് തന്നെ തീയറ്ററുകളിലെത്തും.സകലകലാശാല’ സംവിധാനം ചെയ്ത വിനോദ് ഗുരുവായൂരാണ് ‘മിഷന്‍ സി’യുടെ തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. ഇടുക്കിയിലായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്.അപ്പാനി ശരത്ത് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിലെ നായിക പുതുമുഖമാണ്. എം സ്‌ക്വയര്‍ സിനിമയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സുശാന്ത് ശ്രീനി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് റിയാസ് കെ ബാദറാണ്.

ദുല്‍ഖര്‍ സല്‍മാന്റെ കുറപ്പ് നവംബര്‍ 12നും ആസിഫ് അലി രജിഷ വിജന്‍ എന്നിവര്‍ പ്രധാന കഥാപ്രങ്ങളായി എത്തുന്ന എല്ലാം ശരിയാകും നവംബര്‍ 19 നും തീയറ്ററുകളിലെത്തും