മൂന്ന് ദിവസത്തേക്ക് പ്രതിഫലമായി ചോദിച്ചത് പത്തുലക്ഷം രൂപ; നിരന്തരം വിളിച്ചുകൊണ്ടിരുന്നു; റായ് ലക്ഷ്മിക്കെതിരെ ആരോപണവുമായി ദിലീപ് ചിത്രത്തിന്റെ അണിയറക്കാര്‍

ദിലീപിന്റെ പുതിയ ചിത്രത്തില്‍ ഐറ്റം ഡാന്‍സില്‍ അഭിനയിക്കാന്‍ തയാറായ നടിയാണ് ഇപ്പോള്‍ അദ്ദേഹത്തിനെതിരെ സംസാരിക്കുന്നതെന്നും ഇത് നടിയുടെ ഇരട്ടത്താപ്പാണെന്നും ആരോപിച്ച് ദിലീപ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ രംഗത്ത്. ദിലീപിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ഐറ്റം ഡാന്‍സ് ചെയ്യുന്നതിനായി റായി ലക്ഷ്മിയെ പരിഗണിച്ചിരുന്നു.

മൂന്ന് ദിവസത്തേക്ക് പത്തുലക്ഷം രൂപയാണ് നടി പ്രതിഫലമായി ചോദിച്ചത്. എന്നാല്‍ ഇത്രയും ഉയര്‍ന്ന തുക പ്രതിഫലമായി നല്‍കാന്‍ അണിയറപ്രവര്‍ത്തകര്‍ തയാറായില്ല. നടിയാകട്ടെ അതേ പ്രതിഫലത്തില്‍ തന്നെ ഉറച്ചുനില്‍ക്കുകയായിരുന്നു. ഓഫറിനു വേണ്ടി റായി ലക്ഷ്മി നിരന്തരം അണിയറപ്രവര്‍ത്തകരെ വിളിച്ചുകൊണ്ടിരുന്നുവെന്നും ഇവര്‍ പറയുന്നു. മലയാളത്തിലെ നായികമാര്‍ക്കുപോലും ഇത്രയധികം പ്രതിഫലം കൊടുക്കാത്ത സാഹചര്യത്തില്‍ ഇവര്‍ റായി ലക്ഷ്മിയെ ഒഴിവാക്കുകയായിരുന്നു. തുടര്‍ന്ന് നേഹ അയ്യരെയാണ് പകരം പരിഗണിച്ചത്.

ദിലീപിന് കുഞ്ഞുണ്ടായതില്‍ ആശംസകള്‍ നേര്‍ന്ന വനിതാ മാധ്യമ പ്രവര്‍ത്തകയുടെ ട്വീറ്റിനെതിരെ തെന്നിന്ത്യന്‍ നടിമാര്‍ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. വിമര്‍ശനം ഉന്നയിച്ച് ട്വീറ്റ് ചെയ്തവരില്‍ റായി ലക്ഷ്മിയും ഉണ്ടായിരുന്നു. ദിലീപിനെ വിമര്‍ശിച്ച് എഴുതിയ തെലുങ്ക് നടി ലക്ഷ്മി മഞ്ജുവിന് പിന്തുണയുമായാണ് റായി ലക്ഷ്മി എത്തിയത്.

ഒരിക്കലും സ്വീകാര്യമല്ലാത്ത കാര്യമാണിതെന്നും ഇങ്ങനെയൊരു ട്വീറ്റ് ചെയ്തതോടെ അവരുടെ യഥാര്‍ത്ഥ സ്വഭാവം എന്താണെന്ന് വ്യക്തമായതായും മാധ്യമപ്രവര്‍ത്തകയെ വിമര്‍ശിച്ച് റായി ലക്ഷ്മി ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ ഈ ട്വീറ്റ് ഇപ്പോള്‍ റായി ലക്ഷ്മിക്ക് തന്നെ പൊല്ലാപ്പായിരിക്കുകയാണ്.