യഥാര്‍ത്ഥ കുട്ടിയല്ല…രാഹുലിന്റെ ശാസ്ത്രീയ അഭിനയ മികവാണ്

','

' ); } ?>

ആര്‍ക്കറിയാം എന്ന ചിത്രത്തിലെ രാഹുല്‍ രഘു എന്ന നടന്റെ അഭിനയമികവിനെ പ്രശംസിച്ച കെ. ആര്‍ നാരായണന്‍ നാഷനല്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ അഭിനയ വിഭാഗം മേധാവി എം.ജി ജ്യോതിഷിന്റെ കുറിപ്പ് ശ്രദ്ധേയമാകുന്നു. കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ അഭിനയം പഠിക്കാനായി ചേരുമ്പോള്‍ 17 വയസ്സ് ആണ് രാഹുല്‍ രഘുവിന് ഉണ്ടായിരുന്നത്. കൃത്യമായി പരിശീലനത്തില്‍ ഏര്‍പ്പെടുകയും ഗൗരവമായി ഈ കലയെ കാണുകയും ചെയ്തതിന്റെ ഫലം ഇന്ന് മെന്റലി ചാലഞ്ച്ഡ് ആയ ഒരു കഥാപാത്രത്തിന് ജീവന്‍ നല്‍കാന്‍ രാഹുലിന് കഴിഞ്ഞതെന്നും അദ്ദേഹം പറയുന്നു. കല ജന്മസിദ്ധമായ കഴിവാണോ അതോ പരിശീലനത്തിലൂടെ ആര്‍ജ്ജിച്ച് എടുക്കാവുന്ന ഒരു സ്‌കില്‍ ആണോ എന്നതായിരുന്നു എക്കാലത്തെയും തന്റെ പ്രശ്‌നം. എന്നാല്‍ ഇന്ന് തനിക്ക് പൂര്‍ണ ബോധ്യം ആണ് ഇത് കൃത്യവും ശാസ്ത്രീയവുമായ പരിശീലനത്തിലൂടെ ആര്‍ജിക്കുന്ന ഒരു കഴിവ് മാത്രമാണ്. ശുപാര്‍ശകളുടെയോ കുടുംബ പശ്ചാത്തലത്തിന്റെയോ യാതൊരു പിന്‍ബലവുമില്ലാതെ കൃത്യമായ ഓഡിഷന്‍ പ്രോസസിലൂടെ കടന്ന്‌പോവുകയും മലയാളത്തിലെ പ്രധാനപ്പെട്ട ഒരു സിനിമയില്‍ മികച്ച പെര്‍ഫോമന്‍സ് പുറത്തെടുക്കാന്‍ രാഹുലിന് കഴിഞ്ഞിട്ടുണ്ടെങ്കില്‍ അത് രാഹുലിന്റെ ആത്മാര്‍ത്ഥമായ ശ്രമം ഒന്ന് മാത്രമാണ്. ഒരു അധ്യാപകന്‍ എന്ന നിലയില്‍ ഏറെ അഭിമാനം തോന്നുന്ന നിമിഷമാണിതെന്നും അദ്ദേഹം വിശദീകരിക്കുന്നു. കുടുംബപശ്ചാത്തലമോ മറ്റു യാതൊരു തരത്തിലുള്ള പ്രത്യേകതകളും ഇല്ലാത്ത പുതിയ കുറേ നടന്മാര്‍ ശാസ്ത്രീയമായ പരിശീലനത്തിനും ചിട്ടയായ പ്രവര്‍ത്തനത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും വെട്ടി തുറക്കുന്ന ഈ വഴി പരിശീലനം സിദ്ധിച്ച നടന്മാരുടെ പുതിയ പാതയാണ് തുറക്കുന്നതെന്ന് പറഞ്ഞാണ് കുറിപ്പവസാനിപ്പിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ.

രാഹുൽ രഘു Rahul Reghu
ഇത് അഭിമാനത്തിന്റെ നിമിഷം. കഴിഞ്ഞ 25 വർഷളായി നടൻമാരുമായി നിരന്തരം പ്രവർത്തിക്കുന്ന ഒരാളാണ് ഞാൻ. ഒരു നടനായി തുടങ്ങിയ എന്റെ കലാ ജീവിതം ഇന്ന് KRNarayanan National Film Institute എന്ന സ്ഥാപനത്തിലെ അഭിനയ വിഭാഗം മേധാവി എന്ന നിലയിൽ തുടരുമ്പോൾ ഏറെ സംതൃപ്തി തരുന്ന ഒന്നായി മാറിയിരിയ്ക്കുന്നു.
കലാ പഠനത്തിന് കൃത്യവും ശാസ്ത്രീയവുമായ പരിശീലനങ്ങളുടെ അഭാവം എല്ലാകാലത്തും എന്നെ അലട്ടിക്കൊണ്ടിരുന്ന ഒരു പ്രശ്നമായിരുന്നു. കല ജന്മസിദ്ധമായ കഴിവാണോ അതോ പരിശീലനത്തിലൂടെ ആർജ്ജിച്ച് എടുക്കാവുന്ന ഒരു സ്കിൽ ആണോ എന്നതായിരുന്നു എക്കാലത്തെയും പ്രശ്നം. എന്നാൽ ഇന്ന് എനിക്ക് പൂർണ ബോധ്യം ആണ് ഇത് കൃത്യവും ശാസ്ത്രീയവുമായ പരിശീലനത്തിലൂടെ ആർജിക്കുന്ന ഒരു കഴിവ് മാത്രമാണ്.
“Talent is nothing but a prolonged period of attention and a shortened period of mental assimilation”
Constantin stanislavski.
അത് തെളിയിക്കപ്പെടുന്നതാണ് സമീപകാല അനുഭവം. സുരഭി ലക്ഷ്മി Surabhi Lakshmi മുതൽ പ്രായത്തിൽ ഏറ്റവും ചെറുപ്പമുള്ള രാഹുൽ വരെ തെളിയിക്കുന്നു.
സ്വാഭാവികമായ പെരുമാറ്റം മാത്രമാണെങ്കിൽ എൻറെ ആൻറി ആയിരിക്കും ഏറ്റവും നല്ല നടി എന്നു പറഞ്ഞ സ്റ്റാനിസ്ലാവിസ്കിയുടെ വാക്കുകൾ ഞാൻ ഓർക്കുന്നു. സ്വന്തം സ്വഭാവത്തിനും രൂപത്തിനും അനുയോജ്യമായ കഥാപാത്രങ്ങൾക്ക് അനുസരിച്ച് സ്വാഭാവികമായി പെരുമാറുക മാത്രമല്ല അഭിനയം കൊണ്ട് ഉദ്ദേശിക്കുന്നത്. സ്വന്തം സ്വഭാവത്തിന് അപ്പുറം കഥാപാത്രത്തിന് ശാരീരികവും മാനസികവും സാമൂഹികവുമായ പ്രത്യേകതകളെ സമഗ്രമായി മനസ്സിലാക്കുകയും,അവയെ മജ്ജയും മാംസവും ചോരയും ,ചിന്തയും ഉള്ള
ഒരു മനുഷ്യനായി അവതരിപ്പിക്കുകയും ചെയ്യുമ്പോൾ മാത്രമാണ് അത് ഒരു കല എന്ന നിലയിലേക്ക് ഉയരുന്നത്. ഇന്ന് രാഹുൽ രഘുവിന്റെ “ആർക്കറിയാം” സിനിമയിലെ സുന്ദരൻ എന്ന കഥാപാത്രത്തെ കാണുമ്പോൾ അക്ഷരാർത്ഥത്തിൽ അഭിനയമെന്ന കലയെ ഏറ്റവും ഗൗരവത്തോടുകൂടി കാണുകയും ആഴത്തിൽ മനസ്സിലാക്കാനുള്ള ശ്രമം നടത്തിയതിന്റെയും ഫലം ആണ് കാണുന്നത്. കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അഭിനയം പഠിക്കാനായി ചേരുമ്പോൾ 17 വയസ്സ് ആണ് രാഹുൽ രഘുവിന് ഉണ്ടായിരുന്നത്. കൃത്യമായി പരിശീലനത്തിൽ ഏർപ്പെടുകയും ഗൗരവമായി ഈ കലയെ കാണുകയും ചെയ്തതിന്റെ ഫലം ഇന്ന് മെന്റലി ചാലഞ്ച്ഡ് ആയ ഒരു കഥാപാത്രത്തിന് ജീവൻ നൽകാൻ രാഹുലിന് കഴിഞ്ഞു. പലരും സിനിമകണ്ടിട്ട് കഥാപാത്രത്തിനായി അത്തരത്തിൽ ഉള്ള ഒരു കുട്ടിയെ തന്നെ ഉപയോഗിച്ചു എന്നാണ് പലരും കരുതിയത്. കഥാപാത്രത്തിന് ശാരീരികവും മാനസികവും മനശാസ്ത്രപരമായ പ്രത്യേകതകളെ പൂർണമായി ആവിഷ്കരിക്കാനും, അത് റിയൽ ലൈഫിൽ അത്തരത്തിലുള്ള ഒരാളാണ് എന്ന് വിശ്വസിപ്പിക്കാൻ രാഹുൽ കഴിഞ്ഞു എന്നതാണ് ഏറ്റവും പ്രശംസനീയമായ കാര്യം. ശുപാർശകളുടെയോ കുടുംബ പശ്ചാത്തലത്തിന്റെയോ യാതൊരു പിൻബലവുമില്ലാതെ കൃത്യമായ  ഓഡിഷൻ പ്രോസസിലൂടെ കടന്ന്പോവുകയും മലയാളത്തിലെ പ്രധാനപ്പെട്ട ഒരു സിനിമയിൽ മികച്ച പെർഫോമൻസ് പുറത്തെടുക്കാൻ രാഹുലിന് കഴിഞ്ഞിട്ടുണ്ടെങ്കിൽ അത് രാഹുലിന്റെ ആത്മാർത്ഥമായ ശ്രമം ഒന്ന് മാത്രമാണ്. ഒരു അധ്യാപകൻ എന്ന നിലയിൽ ഏറെ അഭിമാനം തോന്നുന്ന നിമിഷം .രാഹുൽ മാത്രമല്ല മികച്ച നടന്മാരുടെ ഒരു നിരതന്നെ KR Narayanan film institute ൽ നിന്നും പുറത്തുവരാനുണ്ട്. ആദ്യത്തെ ഓഡിഷനിൽ തന്നെ പല വിദ്യാർത്ഥികൾക്കും മികച്ച വേഷങ്ങൾ ലഭ്യമാകുന്നു എന്നത് തന്നെ കൃത്യമായ പരിശീലനപദ്ധതിയുടെ ഫലമാണ്.

രാഹുലിന്റെ തന്നെ ഒരു മുഴുനീള കോമഡി കഥാപാത്രം “പത്രോസിന്റെ പടപ്പുകൾ” എന്ന ചിത്രത്തിൽ പൂർത്തിയായിരിക്കുന്നു. പ്രശാന്ത് മുരളി Prasant Murali #KRNNIVSA ലെ ആദ്യ ബാച്ചിലെ സ്റ്റുഡന്റാണ് ഇതിനകം തന്റേതായ ഇടം കണ്ടെത്തി കഴിഞ്ഞ നടനാണ്. പക്ഷെ “ആർക്കറിയാമിലെ റേഷൻ കടക്കാരന്റെ വേഷം ഇത്രയും വിശ്വസിനീയവും അനായസവുമായി കൈകാര്യം ചെയ്തു കൊണ്ട് “There is no small roles, Only small Actors ” എന്ന Stanislavski യുടെ വാക്കുകൾ അന്വർത്ഥമാക്കാൻ പ്രശാന്തിന് കഴിഞ്ഞു.  സഹപാഠിയായ അതുൽ രാംകുമാർ Athul Ram Kumar “ഹൃദയം” എന്ന സിനിമയിൽ ശ്രദ്ധേയമായ ഒരു വേഷം ചെയ്ത് കഴിഞ്ഞു. ചെറുതും വലുതുമായ വേഷങ്ങളിൽ പല വിദ്യാർഥികളും മലയാള സിനിമയിൽ ശക്തമായ സാന്നിധ്യമായി മാറിയിരിക്കുന്നു. എനിക്കുറപ്പാണ് നാളെ ഇവർ മലയാളസിനിമയിൽ അഭിനയകലയ്ക്ക് പുതിയ ഒരു അധ്യായം കുറിയ്ക്കുക തന്നെ ചെയ്യും.
പരിശീലനം സിദ്ധിച്ച നടൻന്മാരായ അമ്പി നീനാസം Ambi Neenasam, സുമേഷ് മൂർ Born To Act എന്നിവർ ഇതിനകം തന്നെ അവരുടെ ശക്തമായ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. കുടുംബപശ്ചാത്തലമോ മറ്റു യാതൊരു തരത്തിലുള്ള പ്രത്യേകതകളും ഇല്ലാത്ത ഈ നടന്മാർ ശാസ്ത്രീയമായ പരിശീലനത്തിനും ചിട്ടയായ പ്രവർത്തനത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും വെട്ടി തുറക്കുന്ന ഈ വഴി പരിശീലനം സിദ്ധിച്ച നടന്മാരുടെ പുതിയ പാതയാണ് തുറക്കുന്നത്. ഏറെ അഭിമാനം.