അതിഗംഭീരമായ പ്രകടനം, എല്ലാത്തിലും ഉപരി നല്ല മനുഷ്യനാണ് ജോജു ;കാര്‍ത്തിക്ക് സുബ്ബരാജ്

ജോജുവിന്റെ ജീവിതം തന്നെ വലിയൊരു സ്റ്റോറിയാണ്,അതിഗംഭീരമായ പ്രകടനം,എല്ലാത്തിലും ഉപരി വളരെ നല്ല ഒരു മനുഷ്യനാണാണെന്ന് കാര്‍ത്തിക്ക് സുബ്ബരാജ്.ജഗമേ തന്തിരത്തിലെ കഥാപാത്രത്തിന് വേണ്ടി ജോജുവിനെ എങ്ങനെ കണ്ടെത്തി കാര്‍ത്തിക്ക് സുബ്ബരാജ് പറയുന്നു.

‘ആ കഥാപാത്രത്തിന് വേണ്ടി ഞങ്ങള്‍ ഒരുപാട് ആളുകളെ ആലോചിച്ചിരുന്നു. പലരോടും സംസാരിക്കുകയും ചെയ്തു. പിന്നീടാണ് ജോജുവിന്റെ ചോല എന്ന സിനിമ കാണുന്നത്. പിന്നീട് ജോസഫ് എന്ന ചിത്രവും കണ്ടു. ഈ രണ്ടു സിനിമകളിലെയും പ്രകടനം മികച്ചത് എന്ന് പറഞ്ഞാല്‍ പോരാ.. അത്രയും മികച്ചതായിരുന്നു. പ്രത്യേകിച്ച് ജോസഫിലെ ആ ഗെറ്റപ്പും, കുറച്ചു പ്രായമായ റിട്ടയേര്‍ഡ് പോലീസ് ഓഫീസറായുള്ള അഭിനയ രീതിയുമൊക്കെ എന്നെ ഒരുപാട് ആകര്‍ഷിച്ചു. അങ്ങനെയാണ് ഞങ്ങള്‍ ജോജുവിലേക്ക് എത്തുന്നത്.’

‘അദ്ദേഹത്തിന്റെ ജീവിതം തന്നെ വലിയൊരു സ്റ്റോറിയാണ്. വിജയ് സേതുപതിയെ പോലെ ഒരുപാട് കഷ്ട്ടപ്പെട്ട്, വര്‍ഷങ്ങളോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റായി ജോലി ചെയ്ത ശേഷമാണ് അദ്ദേഹം മുന്‍ നിരയിലേക്ക് എത്തുന്നത്. വല്ലാത്തൊരു അഭിനേതാവാണ്. ഈ സിനിമയിലെ അദ്ദേഹത്തിന്റെ പ്രകടനവും അതിഗംഭീരമാണ്. ഞങ്ങളെയൊക്കെ ഞെട്ടിച്ചു കളഞ്ഞു അദ്ദേഹം. ചിത്രം റിലീസ് ചെയ്താല്‍ നിങ്ങളും അത്ഭുതപ്പെടും. എല്ലാത്തിലും ഉപരി വളരെ നല്ല ഒരു മനുഷ്യനാണ്. സൂപ്പര്‍ കൂള്‍ ആയിട്ടുള്ള സ്വഭാവത്തിന് ഉടമയുമാണ്. അദ്ദേഹത്തിന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ സാധിച്ചത് എന്റെ ഭാഗ്യമായി കരുതുന്നു.

ധനുഷ് നായകനാകുന്ന കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ജഗമേ തന്തിരം .ധനുഷ് ചിത്രത്തില്‍ ഗ്യാങ്സ്റ്റര്‍ വേഷത്തിലാണ് എത്തുന്നത്.ധനുഷിനൊപ്പം സുപ്രധാന വേഷത്തില്‍ ജോജു ജോര്‍ജ്ജാണ് എത്തുന്നത്. ജോജു ജോര്‍ജിന്റെ ആദ്യ തമിഴ് ചിത്രമാണിത്.ചിത്രത്തിന്റെ ട്രെയിലര്‍ ഇന്നലെയാണ് റിലീസ് ചെയ്തത്.

സഞ്ചന നടരാജന്‍, ഐശ്വര്യ ലെക്ഷ്മി, വോക്സ് ജെര്‍മെയ്ന്‍, ജെയിംസ് കോസ്മോ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ‘ഗെയിം ഓഫ് ത്രോണ്‍സി’ല്‍ അഭിനയിച്ച താരമാണ് ജെയിംസ് കോസ്‌മോ. താരം ഈ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

ചിത്രം സംഗീതത്തിനും പ്രാധാന്യം നല്‍കിയാണ് ഒരുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സന്തോഷ് നാരായണനാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകരുന്നത്. ശ്രേയസ് കൃഷ്ണയാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. വിവേക് ഹര്‍ഷനാണ് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത്. അതേസമയം ദിനേശ് സുബ്ബരായനാണ് സംഘട്ടനം ഒരുക്കുന്നത്. മുന്‍പ് മെയ് ഒന്നിന് റിലീസിനൊരുങ്ങിയ ചിത്രം കൊവിഡിന്റെ പശ്ചാത്തലത്തില്‍ തീയേറ്ററുകള്‍ പൂട്ടിയപ്പോള്‍ റിലീസ് മാറ്റുകയായിരുന്നു. പിന്നീടാണ് ചിത്രം നെറ്റ്ഫ്ലിക്സുമായി കരാറിലേര്‍പ്പെട്ടത്. റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണം.ജൂണ്‍ 18 ന് ചിത്രം നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്യും.