ട്രെയിനിലെ ഗാനത്തിന് അവധി, ഇനി വെള്ളിത്തിരയില്‍

കൊല്‍ക്കത്തിയിലെ രാണാഘട്ട് റെയില്‍വേ സ്‌റ്റേഷനില്‍ മുഷിഞ്ഞ വസ്ത്രത്തില്‍ തറയിലിരുന്ന് പാട്ട് പാടി ഏവരുടെയും മനസ് കീഴടക്കിയ റാനു എന്ന തെരുവു ഗായിക പിന്നണി ഗായികയാവാന്‍ ഒരുങ്ങുന്നു. നടനും സംഗീത സംവിധായകനും ഗായകനുമായ ഹിമേഷ് രേഷാമിയയുടെ ‘ഹാപ്പി ഹാര്‍ഡി ആന്റ് ഹീര്‍’ എന്ന ചിത്രത്തില്‍ ‘തേരി മേരി കഹാനി’ എന്ന ഗാനമാണ് റാനു പാടിയിരിക്കുന്നത്.

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ട്രെയിനില്‍ വെച്ച് ലതാ മങ്കേഷ്‌കറെപോലും വെല്ലുന്ന ശബ്ദത്തില്‍ ‘ഏക് പ്യാര്‍ കാ നഗ്മാ ഹേ’ എന്ന ഗാനം ആലപിച്ച് റാനു ഏവരുടെയും ഹൃദയം കീഴടക്കിയത്. ട്രെയിനില്‍ യാത്ര ചെയ്ത എന്‍ജിനീയര്‍ അതീന്ദ്ര ചൗധരിയാണ് ഇവര്‍ പാടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. റാണാഘട്ട് റെയില്‍വേ പ്ലാറ്റ്‌ഫോമില്‍നിന്ന് ആ പാട്ട് പകര്‍ത്തിയത്. സോഷ്യല്‍ മീഡിയില്‍ റാനു പാടിയ പാട്ടുകണ്ട ഒരു ടെലിവിഷന്‍ ചാനല്‍ അവരെ തങ്ങളുടെ മ്യൂസിക് റിയാലിറ്റി ഷോയിലേക്ക് ക്ഷണിച്ചിരുന്നു. അവിടെ വിധികര്‍ത്താവായെത്തിയ ഹിമേഷ് റാനുവിന് പിന്നണി ഗായികയാകുവാനുള്ള വാഗ്ദാനം നല്‍കുകയായിരുന്നു.

‘എത്തിപ്പിടിക്കാന്‍ ധൈര്യമുണ്ടെങ്കില്‍ സ്വപ്നങ്ങള്‍ കൈയിലൊതുങ്ങും’ എന്നാണ് റാനു പാടുന്നതിന്റെ വീഡിയോ പങ്കുവെച്ച് കൊണ്ട് ഹിമേഷ് കുറിച്ചത്. നിരവധിപ്പേരാണ് ഹിമേഷിനെയും റാനുവിനെയും അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്.