കേരളത്തില്‍ ‘പുഷ്പ’ ആദ്യ ദിവസം തമിഴില്‍

','

' ); } ?>

അല്ലു അര്‍ജുന്‍ നായകനായെത്തുന്ന പുഷ്പ തീയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. തെലുങ്കിന് പുറമേ ഹിന്ദി, തമിഴ്, മലയാളം,കന്നഡ എന്നീ ഭാഷകളിലും ചിത്രം പുറത്തിറങ്ങുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മലയാളി സിനിമാ പ്രേമികളെ നിരാശരാക്കുന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസം അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്. കേരളത്തില്‍ ചിത്രത്തിന്റെ ആദ്യ പ്രദര്‍ശന ദിവസം മലയാളം പതിപ്പ് കാണാന്‍ പ്രേക്ഷകര്‍ക്ക് സാധിക്കില്ല, മറിച്ച് തമിഴ് പതിപ്പാകും കേരളത്തില്‍ പ്രദര്‍ശിപ്പിക്കുക.

ഇ 4 എന്റര്‍ടെയ്ന്‍മെന്റ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്. റിലീസിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് ആരാധകരോട് ക്ഷമാപണത്തോടെ വിതരണക്കാര്‍ ഈ വിവരവും അറിയിച്ചത്.

‘എല്ലാ അല്ലു അര്‍ജുന്‍ ആരാധകരോടും, ആദ്യം നല്ല വാര്‍ത്ത പറയാം. നിങ്ങളുടെ പ്രിയ നായകന്റെ ചിത്രം പുഷ്പ നേരത്തെ തീരുമാനിച്ചിരുന്നതുപോലെ ഡിസംബര്‍ 17ന് കേരളത്തിലെ തീയേറ്ററുകളില്‍ എത്തും. തമിഴ് പതിപ്പാണ് എത്തുക. മലയാളം പതിപ്പ് സമയത്ത് എത്തിക്കാന്‍ കഴിയാത്തതില്‍ ആത്മാര്‍ഥമായും ക്ഷമ ചോദിക്കുന്നു. ഒരു ദിവസത്തിനു ശേഷം 18-ാം തീയതി ശനിയാഴ്ച മലയാളം പതിപ്പ് പ്രദര്‍ശനം ആരംഭിക്കും’. ഇ 4 എന്റര്‍ടെയ്ന്‍മെന്റ് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

എന്തുകൊണ്ടാണ് ഇത് സംഭവിച്ചതെന്ന് വിശദീകരിച്ച് ചിത്രത്തിന്റെ സൗണ്ട് ഡിസൈനര്‍ ആയ റസൂല്‍ പൂക്കുട്ടി ട്വീറ്റ് ചെയ്തിട്ടുണ്ട്.’ഫയലുകള്‍ മിക്‌സ് ചെയ്യാന്‍ ഞങ്ങള്‍ നൂതനമായതും വേഗമേറിയതുമായ മാര്‍ഗമാണ് സ്വീകരിച്ചത്. ഞങ്ങളുടെ എല്ലാ പരിശോധനാ ഫലങ്ങളും മികച്ചതായിരുന്നു, പക്ഷേ സോഫ്റ്റ്വെയറിലെ ഒരു തകരാറ് കാരണം ഫൈനല്‍ പ്രിന്റുകള്‍ നാശമായിപ്പോയതായി ഞങ്ങള്‍ കണ്ടെത്തി. അല്ലു അര്‍ജുന്റെയും രശ്മിക മന്ദാനയുടെയും ആരാധകര്‍ക്ക് സിങ്ക് ആവാത്ത ഒരു പ്രിന്റ് നല്‍കരുതെന്ന് ഞാന്‍ കരുതി. കാരണം അവര്‍ മികച്ചത് അര്‍ഹിക്കുന്നുണ്ട്.’ റസൂല്‍ പൂക്കുട്ടി ട്വിറ്ററില്‍ കുറിച്ചു.സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലാണ് വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എന്നതാണ് മലയാളി പ്രേക്ഷകരെ കൂടുതല്‍ ആവേശത്തിലാഴ്ത്തുന്നത്. രശ്മികയാണ് ചിത്രത്തിലെ നായികയായെത്തുന്നത്.