വെനീസ് ചലച്ചിത്ര മേളയില്‍ തിളങ്ങി ചോല ടീം.. റെഡ് കാര്‍പ്പറ്റില്‍ കൈവീശി ജോജു.. ഇത് മലയാളിയുടെ അഭിമാന നിമിഷം..!

നടന്‍ ഇന്ദ്രന്‍സിന്റെയും ഡോ. ബിജുവിന്റെയും ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലിലെ സുവര്‍ണ നേട്ടത്തിന് ശേഷം മലയാള സിനിമയ്ക്ക് അഭിമാന മുഹൂര്‍ത്തം സമ്മാനിച്ച് കൊണ്ട് ചോല ടീം വെനീസ് ചലച്ചിത്ര മേളയില്‍ തിളങ്ങി. മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളുടെ അണിയറപ്രവര്‍ത്തകളെയും അഭിനേതാക്കളെയും പരിചയപ്പെടുത്തുന്ന റെഡ് കാര്‍പ്പറ്റില്‍ ജോജുവും നിമിഷയും സനല്‍ കുമാര്‍ ശശിധരനുമെത്തിയപ്പോള്‍ കൈകളുയര്‍ത്തി ഈ നേട്ടം ഒരു തനി മലയാളിയെപ്പോലെ ജോജു ആഘോഷമാക്കി. റെഡ് കാര്‍പ്പറ്റ് വാക്കിന് മുമ്പ് തന്റെ പ്രിയപ്പെട്ട പ്രേക്ഷകരോട് ലൈവിലെത്തി വിശേഷങ്ങള്‍ പങ്കിടാനും ജോജു മറന്നില്ല.

ഇന്ന് റെഡ് കാര്‍പ്പറ്റ് വേള്‍ഡ് പ്രിമിയറില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ നിര്‍മ്മാതാവ് സിജോ വടക്കന്‍, മറ്റൊരു പ്രധാന കഥാപാത്രമായെത്തുന്ന അഖില്‍ വിശ്വനാഥ് എന്നിവരും റെഡ് കാര്‍പ്പറ്റ് വേള്‍ഡ് പ്രിമിയറില്‍ ഇവര്‍ക്കൊപ്പം ഭാഗമാകുന്നു. ലോകസിനിമയിലെ പുതിയ ട്രെന്‍ഡുകളെ പരിചയപ്പെടുത്തുന്ന ഒറിസോണ്ടി മത്സരവിഭാഗത്തിലാണ് ചോല പ്രദര്‍ശിപ്പിക്കുക. വെനീസ് ലഗൂണിലെ ലിഡ ദ്വീപിലാണ് ലോകത്തെ മൂന്ന് പ്രധാന ചലചിത്രമേളകളിലൊന്നായ വെനീസ് ഫിലിം ഫെസ്റ്റിവല്‍ നടക്കുന്നത്.

അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ ജോജു ജോര്‍ജ്ജ് നിര്‍മിച്ച ചോല, സിജോ വടക്കനും, നിവ് ആര്‍ട്ട് മൂവീസുമാണ് കോ പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത്. അടുത്ത കാലത്ത് മലയാള സിനിമയില്‍ പലതരം സിനിമകള്‍ വന്നു പോയിട്ടുണ്ടെങ്കിലും ഇത്തരം ഒരു വലിയ അംഗീകാരം നേടിയെടുത്ത ചിത്രം ചോലയാണ്. അടൂര്‍ ഗോപാലകൃഷ്ണന്റെ മതിലുകള്‍, നിഴല്‍ കൂത്ത് എന്നിവയാണ് ഇതിനു മുന്‍പ് വെനീസ് ചലച്ചിത്രമേളയിലേക്ക് മലയാളത്തില്‍ നിന്ന് പ്രദര്‍ശിപ്പിക്കപ്പെട്ട ചലച്ചിത്രങ്ങള്‍.