
സെൻസർബോർഡിനെതിരെ കേന്ദ്ര വാർത്ത വിതരണ മന്ത്രി അശ്വിനി വൈഷ്ണവിന് നിവേദനം നൽകി നിർമാതാക്കൾ. സെൻസർ ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മലയാള സിനിമയുടെ സെൻസറിങ്ങിന് തടസ്സം നിൽക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നിവേദനം നൽകിയിരിക്കുന്നത്. സൃഷ്ടിയുടെ സ്വാതന്ത്ര്യവും നിർമാതാക്കളുടെ അവകാശങ്ങളും സംരക്ഷിക്കുന്നതിനായി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് അസോസിയേഷന്റെ ആവശ്യം.
കൂടാതെ സിനിമയുടെ ഉള്ളടക്കത്തെ തകർക്കുന്ന തരത്തിലുള്ള കട്ടുകൾ നിർദേശിക്കുകയും, സിനിമയുടെ സ്വാതന്ത്ര്യത്തെ ബാധിക്കുന്ന തരത്തിൽ അനാവശ്യ ഇടപെടലുകൾ നടത്തുകയും ചെയ്യുന്ന നടപടി കൂടുതലാണെന്ന് പ്രൊഡ്യൂസഴ്സ് അസോസിയേഷൻ പ്രസിഡന്റ് ബി രാകേഷ് ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസമായിരുന്നു ഷെയിൻ നിഗം ചിത്രമായ ഹാലിന് സെൻസർ ബോർഡിന്റെ കത്രിക വീണത്. ചിത്രത്തിലെ ചില സംഭാഷണശകലങ്ങളും ബീഫ് ബിരിയാണി കഴിക്കുന്നതും ഉൾപ്പടെ 15 രംഗങ്ങൾക്ക് വിചിത്രമായ കാരണങ്ങൾ ചൂണ്ടിയാണ് ബോർഡ് സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചിരിക്കുന്നത്. ചിത്രത്തിലെ ചില സംഭാഷണശകലങ്ങളും ബീഫ് ബിരിയാണി കഴിക്കുന്നത് ഉൾപ്പെടെ 15 രംഗങ്ങൾ നീക്കം ചെയ്യുകയും, ധ്വജപ്രണാമം, സംഘം കാവലുണ്ട് എന്നീ വാക്കുകളും നീക്കം ചെയ്താൽ ‘എ’ സർട്ടിഫിക്കറ്റ് നൽകാമെന്നാണ് സെൻസർ ബോർഡ് അണിയറ പ്രവർത്തകരോട് പറഞ്ഞത്.
സെപ്റ്റംബർ 12 നായിരുന്നു ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. പിന്നീട് റിലീസ് മാറ്റിവെക്കുകയായിരുന്നു. നവാഗതനായ വീര സംവിധാനം ചെയ്യുന്ന ചിത്രം വലിയ മുതൽ മുടക്കിലാണ് ഒരുക്കിയിരിക്കുന്നത്. സാക്ഷി വൈദ്യയാണ് നായികയായി എത്തുന്നത്. ജോണി ആന്റണി, നത്ത്, വിനീത് ബീപ്‌കുമാർ, കെ. മധുപാൽ, സംഗീത മാധവൻ നായർ, ജോയ് മാത്യു, നിഷാന്ത് സാഗർ, നിയാസ് ബെക്കർ, റിയാസ് നർമകാല, സുരേഷ് കൃഷ്ണ, രവീന്ദ്രൻ, സോഹൻ സീനുലാൽ, മനോജ് കെ.യു, ഉണ്ണിരാജ, ശ്രീധന്യ തുടങ്ങിയവരും ചിത്രത്തിൽ ശ്രദ്ധേയ വേഷങ്ങളിൽ എത്തുന്നുണ്ട്. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലായി ഒരേ സമയം റിലീസ് ചെയ്യുന്ന ചിത്രം ഒരു കംപ്ലീറ്റ് കളർഫുൾ എൻ്റർടെയ്‌നർ ആയിരിക്കുമെന്നാണ് സൂചന. ബോളിവുഡിലെ ശ്രദ്ധേയ ഗായകൻ അങ്കിത് തിവാരി മലയാളത്തിലേക്ക് ആദ്യമായി എത്തുന്ന സിനിമ കൂടിയാണിത്.
അതേസമയം ചിത്രം നേരിട്ടുകാണാന്‍ ഒരുങ്ങുകയാണ് ഹൈക്കോടതി. കോടതി നേരിട്ട് സിനിമ കാണണമെന്ന ആവശ്യം സിംഗിള്‍ ബെഞ്ച് അധ്യക്ഷന്‍ ജസ്റ്റിസ് വിജി അരുണ്‍ അംഗീകരിച്ചു. ഹര്‍ജിയിലെ കക്ഷികളുടെ അഭിഭാഷകര്‍ക്കൊപ്പമാകും സിനിമ കാണുക. സിനിമയുടെ പ്രദര്‍ശന തീയതിയും സ്ഥലവും ഹൈക്കോടതി ചൊവ്വാഴ്ച തീരുമാനിക്കും. നേരത്തെ സുരേഷ് ഗോപി ചിത്രമായ ജെ എസ് കെയ്ക്കും സെൻസർ ബോർഡിന്റെ നടപടി നേരിടേണ്ടി വന്നിരുന്നു. സിനിമയിൽ നിന്ന് നായികയുടെ പേരായ ജാനകി ഒഴിവാക്കണം എന്നായിരുന്നു സെൻസർ ബോർഡിന്റെ ആവശ്യം.