
അഭിനയിക്കുന്ന സിനിമകളിൽ നഷ്ടം സംഭവിച്ചാൽ മോഹൻലാൽ അത് ശമ്പളത്തിൽ നിന്ന് കുറയ്ക്കാറുണ്ടെന്ന് വെളിപ്പെടുത്തി നിർമ്മാതാവ് സന്തോഷ് ടി കുരുവിള. ആന്റണി പെരുമ്പാവൂർ വന്ന ശേഷമാണ് മോഹൻലാലിന് ഫിനാൻഷ്യൽ ഡിസിപ്ലിൻ ഉണ്ടായതെന്നും, അദ്ദേഹം ഒരു കലാകാരനായത് കൊണ്ട് ഒരിക്കലും ഒരു കച്ചവടക്കാരനായി മാറാൻ കഴിയില്ലെന്നും സന്തോഷ് കുരുവിള പറഞ്ഞു. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“നീരാളിയുടെ സിനിമയുടെ ഷൂട്ടിങ്ങിന് ലാലേട്ടന്റെ കൂടെ ആകെ രണ്ട് സ്റ്റാഫേ ഉള്ളൂ, ഞാനുണ്ട്. ബാക്കി ആരുമില്ല. ബോംബേയിലാണ്, ഞങ്ങൾ എല്ലാ ദിവസവും സംസാരിക്കും. ഒരു ഹോട്ടലിൽ അപ്പുറത്തെ ഇപ്പുറത്തെ റൂമിലാണ്. ഫുൾ ടൈം അന്നേരം ഇങ്ങനെ സംസാരിക്കുമ്പോൾ പുള്ളിയുടെ വായിൽ നിന്ന് തന്നെ വന്നിട്ടുണ്ട്. വലിയ ഹീറ്റ് പടങ്ങളൊക്കെ അതിനു മുമ്പ് ഇറങ്ങിയിട്ടുണ്ട്. അവസാനം കണക്കുമായിട്ട് വരുമ്പോൾ ഒന്നും കാണത്തില്ല. നഷ്ടമായിരിക്കും. പുള്ളിക്ക് കൊടുക്കാനുള്ള ശമ്പളത്തിൽ അത് കുറയക്കും.” സന്തോഷ് കുരുവിള പറഞ്ഞു.
“ലാലേട്ടൻ ഒരു കലാകാരനാ, ഒരു കലാകാരൻ ഒരു കാരണവശാലും ഒരു കച്ചവടക്കാരനായി മാറാൻ ഒക്കത്തില്ല. കച്ചവടക്കാരൻ ആയാൽ അയാളുടെ കല അയാളിൽ നിന്ന് പോകും. ആന്റണി പെരുമ്പാവൂർ വന്ന ശേഷമാണ് ലാലേട്ടന് നല്ല സിനിമകളും ഫിനാൻഷ്യൽ ഡിസിപ്ലിനും ഉണ്ടായത്. ഞാൻ അതിന് ശേഷമാണ് ലാലേട്ടനെ പരിചയപ്പെടുന്നത്. അതിന് മുന്നേയുള്ള കാര്യങ്ങൾ എനിക്ക് അറിയില്ല. പക്ഷെ എന്നോട് ലാലേട്ടൻ തന്നെ ഒരിക്കൽ പറഞ്ഞിട്ടുണ്ട്.”സന്തോഷ് കുരുവിള കൂട്ടിച്ചേർത്തു.