
ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഇന്ത്യന്‍ പനോരമ വിഭാഗത്തിലേക്ക് ‘തുടരും’ തിരഞ്ഞെടുക്കപ്പെട്ടതിൽ പ്രതികരണമറിയിച്ച് നിര്‍മാതാവ് എം. രഞ്ജിത്ത്. “35 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍, ചലച്ചിത്രമേളയിലേക്ക് തന്റെ സിനിമ തിരഞ്ഞെടുക്കപ്പെടുന്നത് ആദ്യമായാണെന്നും, ചിത്രം തിരഞ്ഞെടുക്കപ്പെട്ടതിലും പ്രദര്‍ശിപ്പിച്ചതിലും വലിയ സന്തോഷമുണ്ടെന്നും രഞ്ജിത്ത് പറഞ്ഞു.
“35 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍, ചലച്ചിത്രമേളയിലേക്ക് എന്റെ സിനിമ തിരഞ്ഞെടുക്കപ്പെടുന്നത് ആദ്യമായാണ്. ‘ഫെസ്റ്റിവല്‍ കോംപ്ലെക്‌സില്‍ നടക്കുമ്പോഴും, റെഡ് കാര്‍പ്പറ്റില്‍ വരുമ്പോഴും, സ്വീകരണം ലഭിക്കുമ്പോഴുമെല്ലാം വലിയ സന്തോഷമുണ്ട്. ചലച്ചിത്രമേള വലിയ വിജയമായി മാറിയിരിക്കുകയാണ്’, അദ്ദേഹം അഭിപ്രായപ്പെട്ടു. മേളയുടെ ഭാഗമാകാനും സ്വന്തം സിനിമ പ്രദര്‍ശിപ്പിക്കാനും സാധിച്ചത് എത്രയോ വലിയ കാര്യമാണ്”. രഞ്ജിത്ത് പറഞ്ഞു.
“ചലച്ചിത്രമേളയിലെ എല്ലാ കാര്യങ്ങളിലും ഞാൻ വളരെ സന്തുഷ്ടനാണ്. ഇന്ത്യന്‍ സിനിമയിലെ ഒരുപാട് വലിയ ആളുകളെയും വിദേശ ഡെലിഗേറ്റുകളേയും കാണാനും പരിചയപ്പെടാനുമെല്ലാം സാധിച്ചു. ചലച്ചിത്രമേള ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒന്നായി മാറി. ‘തുടരും’പോലെയുള്ള സിനിമകള്‍ എടുക്കാന്‍ തുടര്‍ന്നും തനിക്ക് സാധിക്കട്ടെയെന്ന് പ്രത്യാശിക്കുന്നു.” അദ്ദേഹം കൂട്ടിച്ചർത്തു.
ഇന്ത്യൻ പനോരമയിൽ പ്രദർശിപ്പിക്കുന്ന രണ്ട് മലയാളം ചിത്രങ്ങളിൽ ഒന്നായിരുന്നു ‘തുടരും’. ആസിഫ് അലിയുടെ താമർ കെ.വി. ചിത്രം ‘സർക്കീട്ട്’ ആയിരുന്നു മറ്റൊന്ന്. പ്രേക്ഷക ശ്രദ്ധ നേടിയ ‘ഓപ്പറേഷൻ ജാവ’, ‘സൗദി വെള്ളക്ക’ എന്നീ ചിത്രങ്ങൾക്കു ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്‌ത ചിത്രമാണ് ‘തുടരും’. വലിയ വിജയമായിരുന്നു ചിത്രം തിയേറ്ററിൽ സ്വന്തമാക്കിയത്. മോഹൻലാലിൻ്റെ രണ്ടാം 200 കോടി ചിത്രവുമായിരുന്നു ‘തുടരും’. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്ത് ആണ് ചിത്രം നിർമിച്ചത്. തരുൺ മൂർത്തിയും കെ.ആർ. സുനിലും ചേർന്നാണ് തിരക്കഥ.
ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ശോഭന മോഹൻലാൽ കൂട്ടുകെട്ടിലെത്തിയ ചിത്രം തരുൺ മൂർത്തിയുടെ മൂന്നാമത്തെ ചിത്രം കൂടിയായിരുന്നു. റെക്കോർഡുകൾ ഭേദിച്ച വിജയമാണ് ചിത്രം കരസ്ഥമാക്കിയത്. കെ.ആര്‍. സുനിലും തരുണും ചേർന്ന് തിരക്കഥ ഒരുക്കിയ ചിത്രത്തിൽ ഷണ്‍മുഖൻ എന്ന സാധാരണക്കാരനായ ടാക്സി ഡ്രൈവറായാണ് മോഹൻലാൽ ചിത്രത്തിലെത്തുന്നത്. ലളിത എന്ന കഥാപാത്രത്തെയാണ് ശോഭന അവതരിപ്പിച്ചത്. ഫര്‍ഹാൻ ഫാസില്‍, മണിയൻപിള്ള രാജു, ബിനു പപ്പു, ഇര്‍ഷാദ് അലി, ആര്‍ഷ കൃഷ്‍ണ പ്രഭ, പ്രകാശ് വര്‍മ, അരവിന്ദ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ.