
തന്റെ കരിയറിലെ 100 -ാമത്തെ ചിത്രം നവംബറിൽ ആരംഭിക്കുമെന്ന് അപ്ഡേറ്റ് നൽകി സംവിധായകൻ പ്രിയദർശൻ. മോഹൻലാൽ നായകനായെത്തുന്ന ചിത്രത്തിൽ 12 പാട്ടുകൾ ഉണ്ടെന്നും, മോഹൻലാലിന്റെ അച്ഛനായി അഭിനയിക്കാൻ പുതുമുഖത്തെ തേടുന്നുവെന്നും പ്രിയദർശൻ കൂട്ടിച്ചേർത്തു. കൂടാതെ മോഹന്‍ലാല്‍ നന്നായി പാടുമെന്നും, എന്നാൽ അദ്ദേഹത്തെക്കൊണ്ട് ഈ സിനിമയില്‍ പാടിക്കില്ലെന്നും പ്രിയദർശൻ കൂട്ടിച്ചേർത്തു. മിഡ് ഡേയ്ക്ക് നല്‍കിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മോഹന്‍ലാലിനൊപ്പമുള്ള സിനിമ നവംബറില്‍ ആരംഭിക്കും. സങ്കീര്‍ണമായ സിനിമയാണ്, മ്യൂസിക്കല്‍ ആണ്. അതിനാല്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്‌തെടുക്കാനുണ്ട്. കൊമേഷ്യല്‍ എന്റര്‍ടെയ്ന്‍ ആയ ചിത്രത്തില്‍ 12 പാട്ടുകളുണ്ട്. ആക്ഷനുണ്ട്. കുടുംബകഥയാണ്. അച്ഛന്റേയും മകന്റേയും കഥയാണ്. രണ്ടു പേരും കര്‍ണാടിക് ഗായകരാണ്. അച്ഛനായി പുതുമുഖത്തെയാണ് നോക്കുന്നത്.’ പ്രിയദർശൻ പറഞ്ഞു
‘കര്‍ണാടിക്, ഹിന്ദുസ്ഥാനി സംഗീതം അറിയണം. കഥ കളിയും അറിഞ്ഞിരിക്കണം. അച്ഛനെ കാസ്റ്റ് ചെയ്യുക വെല്ലുവിളിയാണ്. എസ്പി ബാലസുബ്രഹ്മണ്യം ഉണ്ടായിരുന്നുവെങ്കില്‍ അദ്ദേഹത്തോട് അച്ഛന്റെ വേഷം ചെയ്യാന്‍ അഭ്യര്‍ത്ഥിച്ചേനെ. മോഹന്‍ലാല്‍ നന്നായി പാടും. സിനിമകളില്‍ പാടിയിട്ടുമുണ്ട്. പക്ഷെ അദ്ദേഹത്തെക്കൊണ്ട് ഈ സിനിമയില്‍ പാടിക്കില്ല.’ പ്രിയദർശൻ കൂട്ടിച്ചേർത്തു.
മലയാളത്തിൽ നിരവധി ആരാധകരുള്ള കോമ്പോ ആണ് മോഹൻലാൽ-പ്രിയദർശൻ. മലയാളികൾ എന്നും ഓർത്തിരിക്കുന്ന നിരവധി സിനിമകൾ ആണ് ഈ കൂട്ടുകെട്ടിൽ ഒരുക്കിയിട്ടുള്ളത്. തന്റെ കരിയറിലെ 100 -ാമത്തെ സിനിമ മോഹൻലാലിന് ഒപ്പമായിരിക്കും എന്ന് പ്രിയദർശൻ നേരത്തെ പറഞ്ഞിരുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരും ബിനു ജോർജ് അലക്‌സാണ്ടറും ചേർന്നാണ് ഈ സിനിമ നിർമിക്കുന്നത്. അതേസമയം, ഭൂത് ബംഗ്ലാ ആണ് ഇനി പുറത്തിറങ്ങാനുള്ള പ്രിയദർശൻ ചിത്രം.