നായികയില്‍ നിന്ന് ഗായികയായി പ്രിയ വാര്യര്‍

ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെ കണ്ണിറുക്കി കൊണ്ട് ശ്രദ്ധേയമായ നടിയാണ് പ്രിയ വാര്യര്‍. ഇപ്പോഴിതാ തനിക്ക് കണ്ണിറുക്കാനും അഭിനയിക്കാനും മാത്രമല്ല, പാടാനും അറിയാമെന്ന് തെളിയിച്ചിരിക്കുകയാണ് താരം. രജിഷ വിജയന്‍ നായികയാവുന്ന ഫൈനല്‍സ് എന്ന ചിത്രത്തിലൂടെയാണ് പ്രിയ വാര്യര്‍ ഗായികയാവുന്നത്. ചിത്രത്തിലെ ഗാനത്തിന്റെ പ്രമോ വീഡിയോ പുറത്തുവിട്ടു. തീവണ്ടിയിലെ ‘ജീവാംശമായ്’ എന്ന സൂപ്പര്‍ ഹിറ്റ് ഗാനം ഒരുക്കിയ കൈലാസ് മേനോനാണ് ഫൈനല്‍സിലെ ഗാനങ്ങള്‍ക്ക് സംഗീതം പകരുന്നത്. ‘ഫൈനല്‍സി’നായി ഗാനങ്ങള്‍ രചിക്കുന്നത് പ്രശസ്ത ഗാനരചയിതാവ് എം.ഡി രാജേന്ദ്രനാണ്.

ചിത്രത്തില്‍ ഒരു സൈക്ലിംഗ് താരമായാണ് രജിഷ വേഷമിടുന്നത്. സുരാജ് വെഞ്ഞാറമ്മൂടാണ് മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നിരഞ്ജ് ആണ് നായകന്‍. നവാഗതനായ പി.ആര്‍ അരുണ്‍ ആണ് ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. മണിയന്‍ പിള്ള രാജുവും പ്രജീവും ചേര്‍ന്ന് മണിയന്‍പിള്ള രാജു പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.