ബിഗില്‍ കേരളത്തിലെത്തിക്കുന്നത് പൃഥ്വിയും ലിസ്റ്റിനും

ബിഗില്‍ എന്ന വിജയ് ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെംയിംസും ചേര്‍ന്ന്. പൃഥ്വിരാജാണ് ഫേസ്ബുക്കിലൂടെ ഈ വാര്‍ത്ത അറിയിച്ചത്. നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് മാജിക്ക് ഫ്രെയിംസിന് ചുക്കാന്‍ പിടിക്കുന്നത്.
വിജയ് നായകനാവുന്ന സ്‌പോര്‍ട്‌സ് ത്രില്ലര്‍ ചിത്രം ‘ബിഗില്‍’ പ്രഖ്യാപനസമയം മുതല്‍ പ്രേക്ഷകശ്രദ്ധയിലുള്ള ഒന്നാണ്. ‘തെരി’ക്കും ‘മെര്‍സലി’നും ശേഷം അറ്റ്‌ലിയും വിജയ്‌യും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. പതിവ് രക്ഷക വേഷങ്ങള്‍ക്കപ്പുറം കാമ്പുള്ള കഥാപാത്രങ്ങള്‍ വിജയ്ക്ക് നല്‍കുന്ന ആറ്റ്‌ലി ഇക്കുറി വനിതാ ഫുട്‌ബോള്‍ ടീമിന്റെ കോച്ചായാണ് വിജയിയെ അവതരിപ്പിക്കുന്നത്.

ഇളയ ദളപതിയുടെ ബിഗ് ബജറ്റ് ചിത്രത്തിന്റെ കേരള വിതരണാവകാശം ഇതുവരെ ഒരു തമിഴ് ചിത്രത്തിനും ലഭിക്കാത്ത തുകയ്ക്കാണ് വിറ്റുപോയത്. എന്നാല്‍ എത്ര തിയറ്ററുകളില്‍ ചിത്രം റിലീസിനെത്തും എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. അന്യഭാഷാ ചിത്രങ്ങള്‍ പരമാവധി 125 കേന്ദ്രങ്ങളിലെ റിലീസ് ചെയ്യാന്‍ പാടുള്ളൂ എന്ന നിബന്ധന നിലവിലുള്ളപ്പോള്‍ ബിഗിലിന്റെ റിലീസിലും ഇത് തടസ്സമാകും. കേരളത്തില്‍ വലിയ ആരാധകപിന്തുണയുളള താരമാണ് വിജയ്. സൂപ്പര്‍താരചിത്രങ്ങള്‍ക്കു ലഭിക്കുന്ന അതേ പ്രോത്സാഹനമാണ് വിജയ് ചിത്രങ്ങള്‍ക്കും കേരളത്തില്‍ ലഭിക്കുന്നത്. ബിഗിലിന്റെ കാര്യത്തില്‍ ഈ നിയന്ത്രണം ഉണ്ടാകുമോ ഇല്ലയോ എന്ന് കണ്ടറിയാം.

നയന്‍താരയാണ് ബിഗിലിലെ നായിക. സംഗീതം ഒരുക്കുന്നത് എ.ആര്‍ റഹ്മാനാണ്. വിജയുടെ രണ്ട് ഗെറ്റപ്പുകളാണ് ചിത്രത്തിലുള്ളത്. കതിര്‍, ജാക്കി ഷ്രോഫ്, വിവേക്, ഡാനിയേല്‍ ബാലാജി, യോഗി ബാബു, വര്‍ഷ ബൊലമ്മ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. ഒക്ടോബര്‍ 27ന് ചിത്രം റിലീസിനെത്തും.