പെൺകുട്ടികളോട് മാത്രമല്ല, ആൺകുട്ടികളോടും തുറന്നു സംസാരിക്കണം: മക്കളുടെ സുരക്ഷയെക്കുറിച്ച് പൃഥ്വിരാജ് സുകുമാരൻ

','

' ); } ?>

മാതാപിതാക്കൾ മക്കളോട് കാര്യങ്ങൾ തുറന്നു സംസാരിക്കേണ്ടതിന്റെയും സമൂഹത്തിൽ സുരക്ഷിതമായ അന്തരീക്ഷം കെട്ടിപ്പടുക്കേണ്ടതിന്റെയും ആവശ്യകത ചൂണ്ടിക്കാട്ടി നടൻ പൃഥ്വിരാജ് സുകുമാരൻ. പുതിയ ഹിന്ദി ചിത്രമായ ‘ദായ്‌റ’യുടെ ട്രെയിലർ ലോഞ്ചിനിടെ, പതിനൊന്ന് വയസ്സുള്ള സ്വന്തം മകളുടെ വളർച്ചാഘട്ടത്തിൽ ഒരു പിതാവെന്ന നിലയിൽ നേരിടുന്ന ആശങ്കകൾ പങ്കുവെച്ചുകൊണ്ടാണ് താരം ഈ വിഷയത്തിൽ തൻ്റെ നിലപാട് വ്യക്തമാക്കിയത്.

ശരിയും തെറ്റും, സുരക്ഷിതമായതും അല്ലാത്തതുമായ സാഹചര്യങ്ങൾ ഏതൊക്കെയെന്ന് മകളെ ബോധ്യപ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന് പൃഥ്വിരാജ് പറഞ്ഞു. ലോകം തികച്ചും നിഷ്കളങ്കമായിരുന്നെങ്കിൽ ഇത്തരമൊരു വിഷയത്തെക്കുറിച്ച് കുഞ്ഞിനോട് സംസാരിക്കേണ്ട സാഹചര്യം വരില്ലായിരുന്നുവെന്നും, എന്നാൽ വർത്തമാനകാല യാഥാർത്ഥ്യം മറിച്ചാണെന്നും താരം ഓർമ്മിപ്പിച്ചു.

കുട്ടികളുടെ സുരക്ഷയെക്കുറിച്ചുള്ള ബോധവൽക്കരണം പെൺകുട്ടികളിൽ മാത്രം ഒതുങ്ങിനിൽക്കരുതെന്ന ശക്തമായ സന്ദേശവും അദ്ദേഹം മുൻപോട്ടു വെക്കുന്നുണ്ട്. പെൺകുട്ടികളോട് സംസാരിക്കുന്നത്ര തന്നെ പ്രാധാന്യത്തോടെ ആൺകുട്ടികളോടും മാതാപിതാക്കൾ തുറന്നു സംസാരിക്കേണ്ടതുണ്ടെന്ന് താരം ചൂണ്ടിക്കാട്ടി. ഒരു പൗരനെന്ന നിലയിൽ തെറ്റുകളിൽ നിന്ന് വിട്ടുനിൽക്കാൻ ഓരോരുത്തരും ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമൂഹത്തിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ഏറ്റവും വലിയ ഉത്തരവാദിത്തം മാതാപിതാക്കൾക്കാണെന്ന് വ്യക്തമാക്കിയ പൃഥ്വിരാജ്, ഈ സന്ദേശം സമൂഹത്തിലേക്ക് എത്തിക്കാൻ നമ്മൾ തന്നെയാണ് മുൻകൈ എടുക്കേണ്ടതെന്നും ഓർമ്മിപ്പിച്ചു. വർത്തമാനകാലത്ത് ഏറെ പ്രസക്തമായ താരത്തിന്റെ ഈ വാക്കുകൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

പൃഥ്വിരാജിന്റെ വാക്കുകൾ;

‘‘എനിക്ക് 11 വയസ്സുള്ള ഒരു മകളുണ്ട്; ഒരു രക്ഷിതാവെന്ന നിലയിൽ ഏറെ പ്രയാസകരമായ ഒരു ഘട്ടത്തിലൂടെയാണ് ഞാൻ കടന്നുപോകുന്നത്. സുരക്ഷിതമായത് ഏതാണ്, അല്ലാത്തത് ഏതാണ് എന്ന് അവളോട് സംസാരിക്കുകയും ബോധ്യപ്പെടുത്തുകയും ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇതൊരു നിഷ്കളങ്കമായ ലോകമായിരുന്നുവെങ്കിൽ, എനിക്ക് ഒരിക്കലും അവളോട് ഇങ്ങനെയൊരു കാര്യത്തെക്കുറിച്ച് സംസാരിക്കേണ്ടി വരുമായിരുന്നില്ല. എന്നാൽ നാം ജീവിക്കുന്നത് അങ്ങനെയൊരു ലോകത്തല്ലല്ലോ.

പക്ഷേ, ഒരു പൗരനെന്ന നിലയിൽ നമ്മുടെ മക്കളോട് സംസാരിക്കുന്നതിനപ്പുറം നമുക്കെന്താണ് ചെയ്യാൻ കഴിയുക? തെറ്റ് ചെയ്യാതിരിക്കുക.  ഒരു കാര്യം ഉറപ്പിച്ചു പറയാം ഈ സംഭാഷണം പെൺകുട്ടികളോട് മാത്രം പോരാ, ആൺകുട്ടികളോടും അത്രതന്നെ ശക്തമായി ഉണ്ടായിരിക്കണം.

ഇതിൽ ഏതെങ്കിലും ഒരു പക്ഷത്തിന് ഒരൽപം കൂടുതൽ ഉത്തരവാദിത്തമുണ്ടെന്ന് കരുതുന്നുവെങ്കിൽ, അത് മാതാപിതാക്കളായ നമ്മൾക്കാണ്. നമ്മളാണ് ഈ സന്ദേശം സമൂഹത്തിൽ ഉറക്കെ വിളിച്ചോതാനും, ഇതിനായുള്ള ദീപശിഖ മുന്നോട്ട് കൊണ്ടുപോകാനും മുൻകൈ എടുക്കേണ്ടവർ.’’