ഫെഫ്കയുടെ കൊവിഡ് സാന്ത്വന പദ്ധതിയിലേക്ക് മൂന്ന് ലക്ഷം നല്‍കി പൃഥ്വിരാജ്

ചലച്ചിത്ര തൊഴിലാളി സംഘടനയായ ഫെഫ്കയുടെ കോവിഡ് സാന്ത്വന പദ്ധതിയിലേയ്ക്ക് മൂന്ന് ലക്ഷം രൂപ സംഭാവന നല്‍കി നടന്‍ പൃഥ്വിരാജ് സുകുമാരന്‍. ഫെഫ്കയ്ക്ക് കീഴിലെ 19 യൂണിയനുകളില്‍ അംഗങ്ങളായ മലയാള ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് വേണ്ടി സഹായ പദ്ധതികള്‍ ഫെഫ്ക കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

ഫെഫ്കയ്ക്കു കീഴിലുള്ള 19 യൂണിയനുകളില്‍ അംഗങ്ങളായ മലയാള ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കായി ബൃഹത്തായ സഹായ പദ്ധതികള്‍ സംഘടന കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ആശുപത്രിയില്‍ അഡ്മിറ്റ് ആയ കൊവിഡ് ബാധിതര്‍ക്ക് ധനസഹായം, കൊവിഡ് മെഡിക്കല്‍ കിറ്റ്, അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ജീവന്‍രക്ഷാ മരുന്നുകളുടെ സൗജന്യ വിതരണം, കുട്ടികളുടെ പഠന സാമഗ്രികള്‍ വാങ്ങാനുള്ള സഹായം, കൊവിഡ് മൂലം മരണമടയുന്ന അംഗങ്ങളുടെ കുടുംബത്തിന് അമ്പതിനായിരം രൂപ, ആവശ്യമെങ്കില്‍ ആശ്രിതര്‍ക്ക് സംഘടനാ അംഗത്വം, ജോലി എന്നിവ അടങ്ങുന്നതാണ് ഫെഫ്കയുടെ കൊവിഡ് സാന്ത്വന പദ്ധതി. അപേക്ഷകള്‍ ഫെഫ്ക അംഗങ്ങള്‍ അതാത് സംഘടനകളുടെ മെയിലിലേക്കാണ് അയക്കേണ്ടത്.

കൊവിഡ് രോഗബാധിതരായ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് സാമ്പത്തിക പിന്തുണ അടക്കമുള്ള ഒട്ടേറെ സഹായങ്ങള്‍ രണ്ടാം ഘട്ടത്തിലും നല്‍കുമെന്ന് ഫെഫ്ക കുറച്ചു ദിവസങ്ങള്‍ക്ക് മുന്നേ അറിയിച്ചിരുന്നു. പ്രസ്തുത കാലയളവ് മുതല്‍ കൊവിഡ് ബാധിച്ച് ആശുപത്രികളില്‍ അഡ്മിറ്റ് ആയവര്‍ക്ക് 5000 രൂപയാണ് ഫെഫ്ക നല്‍കുക. ഇതിനു പുറമെ പള്‍സ് ഓക്സിമീറ്റര്‍, തെര്‍മ്മോമീറ്റര്‍, വിറ്റാമിന്‍ ഗുളികകള്‍, അനുബന്ധ മരുന്നുകള്‍, ഗ്ലൗസുകള്‍, മാസ്‌കുകള്‍ എന്നിവയടങ്ങിയ കൊവിഡ് കിറ്റും നല്‍കും. ആവശ്യമുള്ളവര്‍ക്ക് ഭക്ഷ്യവസ്തുക്കളുടെ കിറ്റും എത്തിക്കും.

കോവിഡ് ബാധിച്ചു മരിച്ച അംഗങ്ങളുടെ കുടുംബാംഗങ്ങള്‍ക്ക് 50,000 രൂപ സംഘടന നല്‍കും. ഈ കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്ന, ചലച്ചിത്ര രംഗത്ത് പ്രവര്‍ത്തിക്കുന്ന ഭാര്യ/ ഭര്‍ത്താവ്/ മകന്‍/ മകള്‍ / സഹോദരന്‍/ സഹോദരി എന്നിവരില്‍ ഒരാള്‍ക്ക് കുടുംബം ആവശ്യപ്പെടുന്ന പ്രകാരം യൂണിയന്‍ നിയമങ്ങള്‍ക്ക് വിധേയമായി യൂണിയന്‍ കാര്‍ഡ് തികച്ചും സൗജന്യമായി നല്‍കും. ചലച്ചിത്ര രംഗത്ത് പ്രവര്‍ത്തിക്കാത്ത ഭാര്യയോ മകളോ ആണ് കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതെങ്കില്‍ അവര്‍ക്ക് ജോലി ആവശ്യമാണെങ്കില്‍ വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച് ഫെഫ്ക ഫെഡറേഷനിലോ മറ്റ് 19 യൂണിയന്‍ ഓഫീസുകളിലോ ഫെഡറേഷന്‍ കണ്ടെത്തുന്ന സ്ഥാപനത്തിലോ ജോലി ലഭ്യമാക്കുമെന്നും സംഘടന അറിയിച്ചിരുന്നു.