
മലയാള സിനിമയിലെ നിലവിലുള്ള ബോക്സ് ഓഫീസ് റെക്കോർഡുകൾ നിരന്തരം തകർക്കപ്പെടുന്നത് ഇൻഡസ്ട്രിയുടെ ആരോഗ്യകരമായ വളർച്ചയുടെ ലക്ഷണമാണെന്ന് നടൻ പൃഥ്വിരാജ് സുകുമാരൻ. ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത് നിവിൻ പോളി നായകനായെത്തിയ പുതിയ ചിത്രം ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ ബോക്സ് ഓഫീസിൽ വലിയ വിജയങ്ങൾ തീർക്കുന്ന പശ്ചാത്തലത്തിലാണ് താരത്തിന്റെ പ്രതികരണം. തന്റെ പുതിയ ചിത്രമായ ‘ദായ്റ’യുടെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മലയാള സിനിമാലോകത്തെക്കുറിച്ച് മനസ് തുറന്നത്.
പണ്ട് പത്തോ പന്ത്രണ്ടോ വർഷത്തിലൊരിക്കൽ മാത്രം സംഭവിച്ചിരുന്ന ഇൻഡസ്ട്രി ഹിറ്റുകൾ, കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ അഞ്ചെണ്ണത്തോളമാണ് മലയാളത്തിൽ ഉണ്ടായതെന്ന് പൃഥ്വിരാജ് ചൂണ്ടിക്കാണിച്ചു. മലയാള സിനിമയിൽ ഒരു റെക്കോർഡ് സൃഷ്ടിക്കപ്പെടുന്നു, ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ മറ്റൊരു ചിത്രം വന്ന് ആ റെക്കോർഡ് തകർക്കുന്നു എന്ന സാഹചര്യം സിനിമാമേഖലയ്ക്ക് മികച്ച മുന്നേറ്റമാണ് നൽകുന്നത്. ‘ലോക’ സിനിമയുടെ റെക്കോർഡിനെ ‘ബെത്ലഹേം’ മറികടക്കാൻ പോകുന്നു എന്നതിൽ സന്തോഷമുണ്ടെന്നും, ആരുടേതായാലും ഇനിയും റെക്കോർഡുകൾ തകർക്കപ്പെടട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൃഥ്വിരാജിന്റെ വാക്കുകൾ;
‘ബെത്ലഹേം സൂപ്പർ ഹിറ്റായതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. പണ്ട് ‘ഇൻഡസ്ട്രി ഹിറ്റ്’ എന്ന് വിളിച്ചിരുന്ന ഒരു പ്രയോഗം ഉണ്ടായിരുന്നു. സിനിമാ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രത്തെയാണല്ലോ അങ്ങനെ വിളിക്കുന്നത്. പണ്ട് മലയാള സിനിമയിൽ 10–12 വർഷത്തിലൊരിക്കൽ മാത്രമായിരുന്നു ഇൻഡസ്ട്രി ഹിറ്റുകൾ സംഭവിച്ചിരുന്നത്.
കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ അഞ്ച് ഇൻഡസ്ട്രി ഹിറ്റുകൾ ഉണ്ടായിട്ടുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. മലയാള സിനിമയിൽ ഒരു റെക്കോർഡ് ഉണ്ടാകുന്നു, രണ്ട് മാസത്തിനുള്ളിൽ മറ്റൊരു ചിത്രം ആ റെക്കോർഡ് തകർക്കുന്നു. വീണ്ടും രണ്ട് മാസത്തിന് ശേഷം വേറൊരു സിനിമ വന്ന് ആ റെക്കോർഡ് തകർക്കുന്നു. ഇതൊക്കെ ഒരു സിനിമാ ഇൻഡസ്ട്രിക്ക് സംഭവിക്കാവുന്ന ഏറ്റവും മികച്ച കാര്യമാണ്.
ലോക സൃഷ്ടിച്ച റെക്കോർഡിനെ ബെത്ലഹേം മറികടക്കാൻ പോകുന്നു എന്നതിൽ എനിക്ക് വലിയ സന്തോഷമുണ്ട്. ഒരു മാസത്തിനുള്ളിൽ മറ്റൊരു ചിത്രം വന്ന് ആ റെക്കോർഡും തകർക്കുമെന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നുണ്ട്. അത് ആരുടേതായാലും ശരി. അങ്ങനെ സംഭവിക്കുമ്പോഴാണ് നമ്മുടെ ഇൻഡസ്ട്രി വളരുന്നതും കൂടുതൽ സാധ്യതകൾ വളരുന്നതും.