“ഏറ്റവും വലിയ തടസം സമയമാണ്, വിമർശനങ്ങൾ തടസ്സങ്ങളായി കാണുന്നില്ല”; ‘എൽ 3’യെ കുറിച്ച് പൃഥ്വിരാജ്

','

' ); } ?>

എമ്പുരാൻ’ കഴിഞ്ഞിട്ട് ചെയ്യാമെന്നു പറഞ്ഞ സിനിമക ചെയ്തു കൊണ്ടിരിക്കുകയാണെന്നും, സംവിധാനത്തിന് സമയമെടുക്കുമെന്നും തുറന്നു പറഞ്ഞ് നടൻ പൃഥ്വിരാജ് സുകുമാരൻ. ‘എമ്പുരാന്’ നേര ഉയർന്ന വിമർശനങ്ങൾ സിനിമയുടെ മൂന്നാം ഭാഗമൊരുക്കുന്നതിൽനിന്നും തന്നെ പിന്നോട്ട് വലിക്കില്ലെന്നും, സിനിമ ഇഷ്‌ടപ്പെടാത്തവർ ഉള്ളതുപോലെ തന്നെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്ന വലിയൊരു വിഭാഗം ഉണ്ടെന്നും പൃഥ്വിരാജ് പറഞ്ഞു. . ‘പള്ളിച്ചട്ടമ്പി’ ടീമിനൊപ്പം നടത്തിയ വാർത്താസമ്മേളനത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

“കുറച്ചധികം സിനിമകൾ അഭിനയിച്ചു തീർക്കാനുണ്ട്. കുറേ നാളുകളായി എനിക്കു വേണ്ടി കാത്തിരിക്കുന്ന സിനിമകളാണ്, അപ്പോൾ ഞാൻ വീണ്ടും അടുത്ത ഒരു കൊല്ലം ‘സംവിധാനം ചെയ്യട്ടേ’ എന്നു പറഞ്ഞു പോയാൽ, അതവരോട് ചെയ്യുന്ന ക്രൂരതയാകും. ‘എമ്പുരാൻ’ കഴിഞ്ഞിട്ട് ചെയ്യാമെന്നു പറഞ്ഞ സിനിമകളാണ് ഇപ്പോൾ ചെയ്‌തുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് സംവിധാനത്തിനു കുറച്ച് സമയം എടുക്കും. ഒന്നുരണ്ട് പരിപാടികൾ മനസ്സിലുണ്ട്. സംവിധാനം ചെയ്യണമെന്ന് എനിക്കു മാത്രമല്ല എല്ലാവർക്കും ആഗ്രഹമുണ്ട്.” പൃഥ്വിരാജ് പറഞ്ഞു.

“വിമർശനങ്ങൾ കാരണം ഒരു സിനിമ ചെയ്യാനോ ചെയ്യാതിരിക്കാനോ, അങ്ങനെയൊരു തീരുമാനം എടുക്കുന്ന ആളല്ല ഞാൻ. ‘എമ്പുരാൻ’ എന്ന സിനിമ ഇഷ്‌ടപ്പെടാത്ത ഒരുപാട് ആളുകൾ ഉണ്ടാവും. പക്ഷേ എന്നിരുന്നാലും എനിക്ക് തോന്നുന്നു, പൊതുവായി അതിന്റെയൊരു അടുത്ത ഭാഗം വേണമെന്ന് ആഗ്രഹിക്കുന്ന ഒരുപാട് പേരുമുണ്ട്. അപ്പോൾ എനിക്ക് അതാണ് വലിയൊരു പ്രചോദനം. കാരണം ഞാൻ ഇപ്പോഴും എവിടെയെങ്കിലും പോയാൽ ഒരു ചോദ്യമെങ്കിലും ‘എൽ 3’ എന്നു വരുമെന്നാണ്. ഇന്നുവരെ ഒരു പ്രസ് മീറ്റിൽ പോയിട്ട് എൽ 3 യെക്കുറിച്ച് ചോദിക്കേണ്ടെന്ന് ആരും കരുതിയിട്ടില്ല. അത് ഉള്ളിടത്തോളം കാലം അത് ചെയ്യാൻ എനിക്ക് ഒരു പ്രചോദനം ഉണ്ട്.

അതിന്റെ ഏറ്റവും വലിയ തടസം എന്ന് പറയുന്നത് എന്റെ സമയമാണ്. തീർച്ചയായും ലാലേട്ടൻ്റെയൊക്കെ സമയം എൻ്റെ സമയത്തേക്കാൾ വിലപ്പെട്ടതാണ്. പക്ഷേ ഞാൻ അതിനുവേണ്ടി ഒരു സമയം മാറ്റിവയ്ക്കുക എന്നുള്ളതാണ് അതിൻ്റെ ഏറ്റവും വലിയ ചാലഞ്ച് എന്ന് പറയുന്നത്. പിന്നെ എനിക്ക് അല്ലാതെ ഒന്നുരണ്ട് കമ്മിറ്റ്‌മെന്റ്സ് ഉണ്ട്, ഡയറക്റ്റ് ചെയ്യാനുള്ളത്. സിനിമ ചെയ്യാമെന്ന് ഞാൻ പറഞ്ഞിട്ടുള്ള ഒന്നു രണ്ട് പ്രൊഡ്യൂസേഴ്‌സ് ഒക്കെയുണ്ട്. അതിന്റെയൊക്കെ കാര്യങ്ങൾ നോക്കണം”, പൃഥ്വിരാജ് കൂട്ടിച്ചേർത്തു.

നിലവിൽ മലയാളത്തിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ ചിത്രമെന്ന റെക്കോർഡ് ‘എമ്പുരാൻ്റെ’ പേരിലാണ്. ലൂസിഫർ ഫ്രാഞ്ചൈസിയിലെ മൂന്നാം ഭാഗത്തിന് ‘അസ്രയേൽ’ എന്നാണ് പേരിട്ടിരിക്കുന്നത്.