ഹാപ്പി ബര്‍ത്ത്‌ഡേ പൃഥ്വിരാജ്…

മലയാളികളുടെ പ്രിയ നടന്‍ പൃഥ്വിരാജ് സുകുമാരന് 36 വയസ്സ് തികയുകയാണ് ഇന്ന്. തന്റെ ആദ്യ സംവിധാന സംരംഭമായ ‘ലൂസിഫറിന്റെ തിരക്കുകളിലായ പൃഥ്വി തന്റെ കുടുംബത്തോടൊപ്പമാണ് പിറന്നാള്‍ ആഘോഷങ്ങള്‍ തുടങ്ങിയത്. ഭാര്യ സുപ്രിയ ഒരുക്കിയ സര്‍പ്രൈസ് പിറന്നാള്‍ കേക്കിന്റെ ചിത്രം ഇന്നലെ അര്‍ദ്ധരാത്രിയോടെ തന്നെ താരം ആരാധകര്‍ക്കായി പങ്കുവച്ചിട്ടുമുണ്ട്.

പ്രതിഭ കൊണ്ടും നിലപാടുകള്‍ കൊണ്ടും രണ്ടു പതിറ്റാണ്ടോളം നീളുന്ന തന്റെ അഭിനയ ജീവിതത്തെ ഗ്രേസ്ഫുളായി അടയാളപ്പെടുത്തിയ നടനാണ് പൃഥ്വിരാജ്. 16 വര്‍ഷം മുമ്പ് രഞ്ജിത്തിന്റെ നന്ദനം എന്ന ചിത്രത്തിലൂടെയാണ് പൃഥ്വിരാജ് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്.മലയാള സിനിമയ്ക്ക് നിരവധി മികച്ച കഥാപാത്രങ്ങളെ സമ്മാനിക്കാന്‍ പൃഥ്വിയ്ക്ക് സാധിച്ചു. 2006 ല്‍ വാസ്തവത്തിലെയും 2013 ല്‍ അയാളും ഞാനും തമ്മില്‍, സെല്ലുലോയിഡ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിനുമായി രണ്ട് തവണ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം പൃഥ്വിരാജ് സ്വന്തമാക്കിയിരുന്നു.

പേരു കൊണ്ട് പോലും കുട്ടികള്‍ വ്യത്യസ്തനാകണം എന്ന് ആഗ്രഹിച്ചു മക്കള്‍ക്ക് പേരിട്ട ഒരു അച്ഛന്റെ സ്വപ്നം പോലെ, പൃഥ്വി എന്ന മകന്‍ ഉയരങ്ങള്‍ കീഴടക്കി. മലയാളത്തില്‍ മാത്രം ഒതുങ്ങിയില്ല ആ പ്രതിഭ. മണിരത്‌നം ഉള്‍പ്പടെയുള്ള പ്രതിഭകള്‍ക്കൊപ്പം ജോലി ചെയ്യാന്‍ അവസരം ലഭിച്ച പൃഥ്വിരാജ് തമിഴ്, ഹിന്ദി തുടങ്ങി വിവിധ ഭാഷകളിലായി 100ല്‍ അധികം ചിത്രങ്ങളില്‍ ആണ് അഭിനയിച്ചിരിക്കുന്നത്.

അഭിനയവും നൃത്തവും പാട്ടുമൊക്കെ ഒരേ ആത്മവിശ്വാസത്തോടെ ചെയ്യാന്‍ കഴിവുള്ള പൃഥ്വി പാട്ടുകാരന്‍, നിര്‍മാതാവ്, സംവിധായകന്‍ എന്നീ നിലകളിലെല്ലാം തന്റെ കഴിവ് തെളിയിച്ചു. 100 ലേറെ ചിത്രങ്ങളില്‍ അഭിനയിച്ച അനുഭവ സമ്പത്തുമായി ‘ലൂസിഫര്‍’ എന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ സംവിധായക റോളില്‍ ആണ് പൃഥ്വിയിപ്പോള്‍. തിരക്കഥ മൊത്തം കാണാതെ പഠിക്കുന്ന, ഫോട്ടോഗ്രാഫിക് മെമ്മറിയുമായി സഹപ്രവര്‍ത്തകരെ എല്ലാം അത്ഭുതപെടുത്തുന്ന പൃഥ്വിയെ കുറിച്ചുള്ള വിവരങ്ങളാണ് ‘ലൂസിഫര്‍’ ലൊക്കേഷനുകളില്‍ നിന്നും വന്നു കൊണ്ടിരിക്കുന്നത്. വര്‍ഷങ്ങളായി സംവിധാന മോഹം കൊണ്ട് നടക്കുന്ന പൃഥിരാജെന്ന സംവിധായകന്റെ ‘ലൂസിഫര്‍’ തീയേറ്ററില്‍ എത്തുന്നതും കാത്തിരിക്കുകയാണ് മലയാള സിനിമ.

സീരിയസ് റോളുകളോ ഹാസ്യ വേഷങ്ങളോ നെഗറ്റീവ് ടച്ചുള്ള കഥാപാത്രങ്ങളോ ആവട്ടെ, തന്നെ ഏല്‍പ്പിക്കുന്ന കഥാപാത്രം ഏറ്റവും മികച്ചതാക്കുന്ന ഒരു ‘പൃഥ്വി മാജിക്’ ഈ യുവ നടനെ മലയാളികളുടെ ഇഷ്ടനടനായി നിലനിര്‍ത്തുന്നു.