മനോഹര പ്രണയവുമായി പ്രയാഗ

','

' ); } ?>

സാഗര്‍ ഏലിയാസ് ജാക്കി, ഉസ്താദ് ഹോട്ടല്‍ എന്നീ സിനിമകളില്‍ ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമാ ലോകത്തേക്ക് കടന്ന് വരികയും, വളരെ ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്ത നടിയാണ് പ്രയാഗ മാര്‍ട്ടിന്‍. ഒരു മുറൈ വന്ത് പാര്‍ത്തായ എന്ന ചിത്രത്തിലൂടെ നായിക വേഷത്തിലെത്തിയ താരം രാമലീല, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ഒരു പഴയ ബോംബ് കഥ, ബ്രദേഴ്‌സ് ഡേ എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ദീപക് പറമ്പോലിനെ നായകനാക്കി ഷൈജു അന്തിക്കാട് ഒരുക്കുന്ന ഭൂമിയിലെ മനോഹര സ്വകാര്യമാണ് പ്രയാഗയുടെ ഏറ്റവും പുതിയ ചിത്രം. തന്റെ വിശേഷങ്ങള്‍ സെല്ലുലോയ്ഡുമായി പങ്കുവെക്കുകയാണ് പ്രയാഗ.

  • ഭൂമിയിലെ മനോഹര സ്വകാര്യമാണ് ഏറ്റവും പുതിയ വിശേഷം. ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകള്‍…?

നല്ലൊരു ഫീല്‍ തരുന്ന ചിത്രമായിരിക്കും ഭൂമിയിലെ മനോഹര സ്വകാര്യം. വളരെ മനോഹരമായൊരു കവിതപോലെയാണ് ഈ ചിത്രത്തിന്റെ കഥ ശാന്തകുമാര്‍ സാര്‍ എഴുതിയിരിക്കുന്നത്. ഈ കഥ മുന്‍പേ നാടകമായിട്ട് ചെയ്തിട്ടുണ്ട്. ചിത്രത്തിന്റെ ഭാഗമാവാന്‍ സാധിച്ചതില്‍ വളരെയധികം സന്തോഷം. ഞാനിതുവരെ ചെയ്ത്‌വെച്ച കഥാപാത്രങ്ങളില്‍ ഏറ്റവും കാമ്പുള്ള കഥയും വളരെ ശക്തമായിട്ടുള്ള ഒരു കഥാപാത്രവുമാണ് അന്ന ജോസഫ്.

  • വളരെ തീവ്രതയുള്ളൊരു കഥ കൂടിയാണിതെന്ന് നാടകത്തിലൂടെ അറിയാം. മലയാളത്തില്‍ അത്തരമൊരു സബ്ജക്ടെടുക്കാന്‍ പലരും വിമുഖത കാണിക്കാറുണ്ട്. കഥ കേട്ടപ്പോള്‍ എന്തുതോന്നി…?

വളരെയധികം തീവ്രതയോടെ, സാമൂഹ്യ പ്രസക്തിയുള്ള ഒരു മെസ്സേജ് പറയുന്ന ചിത്രമാണ് ഭൂമിയിലെ മനോഹര സ്വകാര്യം. എല്ലാതരത്തിലുള്ള ഇമോഷന്‍സും ചിത്രത്തിലുണ്ട്. എന്നോട് ആദ്യമായി കഥ പറയുന്നത് ചിത്രത്തിന്റെ സംവിധായകന്‍ ഷൈജു സാര്‍ ആണ്. കഥ കേട്ടപ്പോള്‍ ഒരുപാട് ചെയ്യാന്‍ ആഗ്രഹിച്ച ഒരു സംഭവം എന്നിലേക്കെത്തി എന്നുള്ള ഫീലായിരുന്നു എനിക്ക്. അതിന് ശേഷം സാറെ ഞാന്‍ നേരിട്ട് കണ്ടു. വളരെ മനോഹരമായൊരു എക്‌സ്പീരിയന്‍സായിരുന്നു. ഏതൊരു ആക്ടറും ഒരു പോയന്റ് കഴിഞ്ഞാല്‍ ടാലന്റ് തെളിയിക്കണം എന്നാണ് എന്റെ അഭിപ്രായം. അല്ലാതെ വെറുതേ സിനിമയില്‍ വന്നു പേരെടുക്കണമെന്നാണെങ്കില്‍ അങ്ങനെയും ചെയ്യാം. പക്ഷെ ഞാന്‍ അങ്ങനെയല്ല, വളരെ പാഷനോടെ സീരിയസ്സായിട്ട് സിനിമയെ കാണുന്നൊരു വ്യക്തിയാണ്. നല്ലൊരു കഥാപാത്രത്തിനായും നല്ലൊരു കഥയുടെ ഭാഗമാകാനും എത്ര വേണമെങ്കിലും കാത്തിരിക്കാന്‍ ഞാന്‍ തയ്യാറാണ്. കഴിവുണ്ടെന്നുള്ള ആത്മ വിശ്വാസത്തിലാണല്ലൊ ഈ ഇന്‍ഡസ്ട്രിയില്‍ കാലെടുത്തുവെയ്ക്കുന്നത്. തന്നെകൊണ്ട് ഇത് കഴിയും എന്ന് പ്രേക്ഷകര്‍ക്ക് മനസ്സിലാവുന്നൊരു കഥാപാത്രം കിട്ടണമെന്ന് ആഗ്രഹിക്കുന്നവരാണ് ഒട്ടുമിക്ക ആക്ടേര്‍സും. ഇങ്ങനെയൊരു ക്യാരക്ടര്‍ ചെയ്യാന്‍ പറ്റിയതില്‍ ഞാന്‍ വളരെയധികം ഹാപ്പിയാണ്. വളരെയധികം ഉള്‍ക്കൊണ്ട് അഭിനയിക്കേണ്ടൊരു ക്യാരക്ടറാണെന്നതിനാല്‍ ഈ ഒരു ക്യാരക്ടര്‍ ചെയ്‌തെടുക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. അതെല്ലാം എത്രത്തോളം എന്നില്‍ നിന്ന് വന്നിട്ടുണ്ടെന്ന് ആദ്യം ജഡ്ജ് ചെയ്യേണ്ടത് ഈ ചിത്രത്തിന്റെ സംവിധായകനും ടീം മെമ്പേര്‍സുമാണ്. പിന്നെ അത് പ്രേക്ഷകരുടെ കൈകളിലേക്കെത്തും. പ്രേക്ഷകരാണ് അതിന് ശേഷം വിലയിരുത്തേണ്ടത്. ഞാന്‍ എന്റെ കഴിവിന്റെ നൂറ് ശതമാനം നല്‍കിയിട്ടുണ്ട്.

  • ചെറിയ വിഷയങ്ങള്‍ക്ക് പോലും വയലന്‍സുണ്ടാക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. അത്തരമൊരു കാലത്താണ് ഇങ്ങനെയൊരു മതത്തിനുമപ്പുറമുള്ള പ്രണയകഥ പറയുന്നത്. എങ്ങനെയാണ് അത്തരം വിഷയങ്ങളെ നോക്കിക്കാണുന്നത്…?

ഇപ്പോള്‍ സമൂഹത്തില്‍ പല പ്രശ്‌നങ്ങളും നടക്കുന്നുണ്ട്. പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യുന്നതും കണ്‍ട്രോള്‍ ചെയ്യുന്നതും നമ്മുടെ കൈകളിലിരിക്കുന്ന കാര്യമാണ്. എന്നാല്‍ പറയുന്നത് പോലെ എളുപ്പമുള്ള കാര്യമല്ല അത്. നമുക്കെല്ലാവര്‍ക്കും ആത്യന്തികമായി വേണ്ട കാര്യം ക്ഷമയാണ്. എല്ലാവരില്‍ നിന്നും ശരി മാത്രം പ്രതീക്ഷിച്ച് മുന്‍പോട്ട് ജീവിക്കാന്‍ നമുക്ക് പറ്റില്ല. കാരണം എല്ലാവര്‍ക്കും അവരവരുടെതായ ശരികളും തെറ്റുകളും ഉണ്ട്. നമ്മള്‍ പറയുന്നത് മാത്രമാണ് ശരി എന്നു പറയുന്നത് ശരിയല്ലെന്ന് ചിന്തിക്കുന്ന ആളാണ് ഞാന്‍. മറ്റൊരാളുടെ ശരി എനിക്ക് തെറ്റാവാം. പക്ഷെ അയാളുടെ ശരിയെ ബഹുമാനിക്കണമെന്നുള്ള ഉത്തരവാദിത്വം എനിക്കുണ്ട്. ഒരു സൊസൈറ്റിയില്‍ നമ്മള്‍ ജീവിക്കുമ്പോള്‍ കുറച്ച് മര്യാദകള്‍ പാലിക്കേണ്ടതായിട്ടുണ്ട്. ഒരു വിഷയത്തില്‍ എല്ലാവര്‍ക്കും ഒരേ അഭിപ്രായമായിരിക്കില്ല ഉണ്ടാവുക. അവരവരുടെ അഭിപ്രായങ്ങള്‍ പറഞ്ഞ് തല്ലിപിരിയാതെ പരസ്പ്പര ബഹുമാനത്തോടെ ഒരേ വഴി പോവുക.

  • പൗരത്വ ഭേദഗതി ബില്ലിനെതിരെ സിനിമാ രംഗത്തുള്ള പലരും എതിര്‍ത്ത് വന്നിരുന്നു. പ്രയാഗയുടെ അഭിപ്രായമെന്താണ്…?

ഞാന്‍ ഇപ്പോള്‍ നില്‍ക്കുന്നൊരു പോയന്റുണ്ട്. ഇനിയങ്ങോട്ട് കുറേ ദൂരം ഒരുപാട് ഹാര്‍ഡ് വര്‍ക്ക് ചെയ്യാന്‍ തയ്യാറായിട്ടാണ് ഞാന്‍ നില്‍ക്കുന്നത്. എല്ലാവര്‍ക്കുമുള്ളത് പോലെ എനിക്കുമൊരു ലക്ഷ്യമുണ്ട്. വളരെ സീരിയസ്സായിട്ട് സിനിമയെ കാണുന്നൊരാളാണ് ഞാന്‍. ആത്മാര്‍ത്ഥതയും ഡെഡിക്കേഷനുമുണ്ടെങ്കില്‍ തീര്‍ച്ചയായും ഒരു സമയത്ത് എനിക്കത് പ്രൂവ് ചെയ്യാന്‍ പറ്റും. അങ്ങനെയൊരു പൊസിഷനില്‍ എത്തിയിട്ട് മാത്രമായിരിക്കും ഞാന്‍ എന്തെങ്കിലും ഒരു വിഷയത്തെ പറ്റി സീരിയസ്സായി പറഞ്ഞാല്‍ ജനങ്ങള്‍ അത് സ്വീകരിക്കുക. ഇത്തരം സീരിയസ്സായ ഒരു ചോദ്യം എന്നോട് ചോദിക്കുമ്പോള്‍ അതിന് ഞാന്‍ ഉത്തരം പറഞ്ഞാല്‍ എന്നെ അതേ രീതിയില്‍ ആളുകള്‍ എടുക്കുമെന്ന് എനിക്ക് യാതൊരു ഉറപ്പുമില്ല. അത് ഇല്ലാത്തിടത്തോളം കാലം എന്റെ അഭിപ്രായം പുറത്ത് പറയാതിരിക്കുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നുന്നു. ഞാന്‍ ഉദ്ദേശിച്ച ആ പോയന്റില്‍ ഞാന്‍ എന്തായാലും എത്തിയിരിക്കും. അതിന് വേണ്ടി ഞാന്‍ ശ്രമിച്ചിരിക്കും. അന്ന് ഞാന്‍ ഉത്തരം പറയാം.

  • രാമലീലയില്‍ ദിലീപിനൊപ്പം അഭിനയിച്ചപ്പോഴുണ്ടായ എക്‌സ്പീരിയന്‍സ്…

എന്റെ കരിയറില്‍ നടന്ന ഓരോ സിനിമയും എനിക്ക് ഓരോ പാഠങ്ങളായിരുന്നു. ഓരോ സിനിമയും ഞാന്‍ ഒരുപാട് ഹൃദയത്തോട് ചേര്‍ത്തു വെയ്്ക്കുന്ന ഒരു എക്‌സ്പീരിയന്‍സാണ്. അവയോരോന്നും ചെറുതെന്നോ വലുതെന്നോ വ്യത്യസമില്ലാതെ എനിക്കൊരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചുതന്നിട്ടുണ്ട്. രാമലീല വളരെ സീരിയസായിട്ടുള്ളൊരു സബ്ജക്ട് കൈകാര്യം ചെയ്‌തൊരു സിനിമയാണ്. സീനിയറായിട്ടുളള ഒരുപാട് താരങ്ങളുടെ കൂടെ എനിക്ക് വര്‍ക്ക് ചെയ്യാന്‍ സാധിച്ചു. ദിലീപേട്ടന്‍ സീനിയറായിട്ടുള്ളൊരു ആര്‍ട്ടിസ്റ്റ് മാത്രമല്ല, ഒരുപാട് അഭിനയസമ്പത്തും എക്‌സ്പീരിയന്‍സുമുള്ള വ്യക്തിയാണ്. അങ്ങനെയുള്ളവരുടെ കൂടെ അഭിനയിക്കുമ്പോള്‍ നമ്മള്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കും. എനിക്കറിയാവുന്ന ദിലീപേട്ടന്‍ നല്ലൊരു വ്യക്തിയാണ്. ദിലീപേട്ടന്‍ ഒരു സമയത്ത് ഒരുപാട് പ്രശ്‌നങ്ങളിലൂടെ കടന്നു പോയിരുന്നു. ആ സമയത്ത് ഈ ചിത്രത്തിന് ഒരുപാട് വെല്ലുവിളികള്‍ നേരിടേണ്ടിവന്നിരുന്നു. പക്ഷെ ഒരു കൂട്ടായ്മയായിട്ട് എല്ലാവരും ഒരുമിച്ച് നിന്നു. സിനിമയെന്നു പറയുമ്പോള്‍ ഒരു വണ്‍മാന്‍ ഷോ അല്ലല്ലോ.

  • പ്രയാഗയുടെ മനോഹര സ്വകാര്യം…?

ഒരുപാട് സ്വകാര്യങ്ങള്‍ എനിക്കുണ്ട്. സ്വകാര്യങ്ങളൊന്നുമില്ലാത്ത ആരാണ് ഈ ലോകത്തുള്ളത്. എല്ലാവരും രഹസ്യങ്ങളൊക്കെ സൂക്ഷിക്കാനും ഒളിച്ചുവെയ്ക്കാനും ഇഷ്ടപ്പെടുന്നവരാണ്. പ്രൈവസി ഇഷ്ടപ്പെടുന്നവരാണ് എല്ലാവരും. അതിനാല്‍ ആ സ്വകാര്യം അങ്ങനെ തന്നെ ഇരിക്കട്ടെ..

  • ചിത്രത്തിന്റെ ക്രൂവിനെക്കുറിച്ച്…?

സിനിമ ചെയ്യുന്നൊരു പ്രതീതിക്കപ്പുറം ഒരു കുടുംബത്തോടൊപ്പം വര്‍ക്ക് ചെയ്യുന്നൊരു എക്‌സ്പീരിയന്‍സാണ് ഭൂമിയിലെ മനോഹര സ്വകാര്യം. സ്‌നേഹത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വളരെ സീരിയസ്സായിട്ടുള്ള ഒരു ലവ് സ്‌റ്റോറിയാണ് ചിത്രം പറയുന്നത്. അത് തന്നെയായിരുന്നു ഈ ചിത്രം എടുക്കാനുള്ള ഘടകം.

  • വിഷയം വിവാദമാകുമോ…?

ഇത് വിവാദമായാലെന്താ… ഈ സിനിമയിലൂടെ നല്‍കുന്ന മെസ്സേജിന്റെ ഉദ്ദേശം നല്ലതാണ്. നൂറു ശതമാനം അതിനെ ന്യായീകരിക്കാന്‍ പറ്റുന്നതാണ്. പ്രേക്ഷകര്‍ക്ക് കണ്ടാല്‍ ഇത് ഓക്കെ ആണെന്ന് തോന്നുകയാണെങ്കിലും വിവാദമാവുകയാണെങ്കിലും ഫൈനലി അത് നല്ലൊരു എന്‍ഡ് പോയന്റിലേക്ക് എത്തുമെന്ന് എനിക്കുറപ്പുണ്ട്.

  • ചിത്രത്തിന്റെ കാസ്റ്റിനെക്കുറിച്ചും സംവിധായകന്‍ ഷൈജു അന്തിക്കാടിനെക്കുറിച്ചും…?

ഞാന്‍ ഇതുവരെ വര്‍ക്ക് ചെയ്തിട്ടുളള ഡയറക്ടേഴ്‌സില്‍ വെച്ച് വളരെ സൗമ്യനും ക്ഷമാശാലിയും പാവവുമായ ഒരു വ്യക്തിയാണ് ഷൈജു സാര്‍. എന്ത് സംശയങ്ങള്‍ വേണമെങ്കിലും അദ്ദേഹത്തോട് നമുക്ക് എപ്പോള്‍ വേണമെങ്കിലും ചോദിക്കാം. അതിനുള്ള സ്‌പെയിസും ഫ്രീഡവും അദ്ദേഹം തരും. മറ്റുള്ള ഡയറക്ടേഴ്‌സ് തരില്ല എന്നല്ല. ഓരോ ഡയറക്ടേഴ്‌സും ആക്ടേര്‍സിനെ പ്രിപ്പയര്‍ ചെയ്യിപ്പിക്കുന്നത് ഓരോ വിധമാണ്. പക്ഷെ ഷൈജു സാറിന്റെ രീതി എന്താണെന്നുവെച്ചാല്‍ എങ്ങനെയെങ്കിലും സാര്‍ ഉദ്ദേശിച്ചത് നമ്മളെകൊണ്ട് ചെയ്യിപ്പിച്ചെടുക്കും. പക്ഷെ അത് നമ്മള്‍പോലും അറിയില്ലെന്നതാണ് അദ്ദേഹത്തിന്റെ മാജിക്ക്. ഈ ഒരു പ്രോജക്ടില്‍ സാര്‍ വളരെയധികം ഇന്‍വോള്‍വ്ഡാണ്. ഈ സിനിമയുടെ തലപ്പത്ത് നില്‍ക്കുന്നത് അദ്ദേഹമായത്‌കൊണ്ട് തന്നെ സാറിന്റെ താഴെ വരുന്ന എല്ലാവരും വളരെയധികം ഈ പ്രൊജക്ടില്‍ ഇന്‍വോള്‍വ്ഡായിരുന്നു. വളരെ പ്രൊഫഷണലായിട്ടാണ് എല്ലാവരും ഈ ചിത്രത്തില്‍ വര്‍ക്ക് ചെയ്തിട്ടുള്ളത്.

  • റിലീസ്…?

ഭൂമിയിലെ മനോഹര സ്വകാര്യം ലവ് സ്‌റ്റോറിയാണ്. ചുമ്മാ വെറുതേ കണ്ടിരിക്കാവുന്ന ഒരു പ്രണയ ചിത്രമല്ല. ശരിക്കും ആ ലോകത്തേയ്ക്ക് പ്രേക്ഷകരെ കൊണ്ടുപോകുന്ന ചിത്രമാണ്. അതിനാല്‍ തന്നെ ഇത് വാലന്റൈന്‍സ് ഡേയ്ക്ക് തൊട്ട്പിന്നാലെ റിലീസ് ചെയ്യണമെന്നാണ് ടീം പ്ലാന്‍ ചെയ്തിരിക്കുന്നത്. 2020ലെ എന്റെ ആദ്യ ചിത്രമായിരിക്കും ഭൂമിയിലെ മനോഹര സ്വകാര്യം.

  • ഫ്യൂച്ചര്‍ പ്രൊജക്ടുകള്‍..

വിക്കി തമ്പി സാര്‍ സംവിധാനം ചെയ്യുന്ന ജമാലിന്റെ പുഞ്ചിരി ആണ് ഏറ്റവും പുതിയ ചിത്രം. ഇന്ദ്രന്‍സേട്ടന്റെ മകളായിട്ടാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. കുറച്ച് ഭാഗമേ ചിത്രത്തിലുള്ളുവെങ്കിലും അതില്‍ അഭിനയിക്കാന്‍ സാധിച്ചതില്‍ വളരെയധികം സന്തോഷമുണ്ട്.