തെറിവിളിച്ചവര്‍ക്കെതിരെ വീണ്ടും പോസ്റ്റിട്ട് അധ്യാപികയുടെ കിടിലന്‍ മറുപടി

പ്രണവ് മോഹന്‍ലാലിനെ വിമര്‍ശിച്ച അധ്യാപിക മിത്രസിന്ധുവിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധമായിരുന്നു നടന്നത്. എന്നാല്‍ ഇതിനെതിരെ വീണ്ടും പോസ്റ്റിട്ട് മറുപടി അറിയിച്ചിരിക്കുകയാണ് മിത്രസിന്ധു. പ്രണവ് മോഹന്‍ലാലിന്റെ പുതിയ സിനിമയുടെ ഓരോ പോരായ്മകളും പ്രണവിനെ ഈ പണിക്ക് പറ്റില്ല എന്നും പറഞ്ഞ മിത്ര സിന്ധുവിനെതിരെ തെറിയഭിഷേകവുമായിട്ടായിരുന്നു മോഹന്‍ലാല്‍ ആരാധകര്‍ രംഗത്ത് വന്നത്. തെറിവിളിക്കുന്നവര്‍ക്ക് മറുപടിയായിട്ടായിരുന്നു മിത്ര സിന്ധുവിന്റെ പുതിയ പോസ്റ്റ്.

മിത്ര സിന്ധുവിന്റ ഫേസ്ബുക്ക്‌പോസ്റ്റ്..

അഖില ലോക ഫാന്‍സ് ചങ്ങാതിമാരേ.

ശരീരത്തില്‍ മാലിന്യം നിറഞ്ഞു കവിയുമ്പോള്‍ തീര്‍ച്ചയായും അത് വിസര്‍ജിക്കേണ്ടതുണ്ട്. നിങ്ങളുടെ ഉള്ളില്‍ നിറഞ്ഞു കവിഞ്ഞ മാലിന്യങ്ങളാണല്ലോ തെറി രൂപത്തില്‍ പുറത്തു വരുന്നത്! കേട്ടോളൂ ഇതാണ് തെറിയുടെ മന:ശാസ്ത്രം.. നിങ്ങള്‍ പറയുന്ന തെറികള്‍ യഥാര്‍ത്ഥത്തില്‍ നിങ്ങളെത്തന്നെ വിവസ്ത്രരാക്കി സമൂഹ മധ്യത്തില്‍ നിര്‍ത്തുകയാണ്..തെറി, കേള്‍ക്കുന്നവനെയല്ല അലോസരപ്പെടുത്തുന്നത്; മറിച്ച് പറയുന്നവനെയാണെന്നറിയുക. മാലിന്യത്തിന്റെയും അശുദ്ധിയുടെയും കൂമ്പാരമാണ് നിങ്ങളെന്ന് സ്വയം വിളിച്ചു പറയലാണത്..
അതുകൊണ്ട് വേണ്ടത്ര വിസര്‍ജിച്ച് സ്വയം വിശുദ്ധരാകൂ. അത് സ്വന്തം ഐ.ഡി ഉപയോഗിച്ച് നിര്‍വഹിക്കാനുള്ള ആഢ്യത്വവും ധീരതയും കാണിക്കൂ..

എല്ലാ തെറിവിളിയന്‍മാര്‍ക്കും നല്ല നമസ്‌കാരം.

മിത്ര സിന്ധു..

കഴിഞ്ഞ ബുധനാഴ്ചയാണ് മിത്ര പ്രണവ് ചിത്രത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പോസ്റ്റ് ചെയ്തത്. മോഹന്‍ലാല്‍ സ്വന്തം കാശ് മുടക്കി പ്രണവിന്റെയും അരുണ്‍ ഗോപിയുടേയും രണ്ടാമൂഴം കാണണമെന്നും എന്നിട്ട് ഈ നിഷ്‌കളങ്കനും നിര്‍മമനുമായ മകന് പറ്റിയ ഒരു ജോലി കണ്ടെത്തിക്കൊടുക്കണമെന്നുമായിരുന്നു പോസ്റ്റ്. അല്ലെങ്കില്‍ പണ്ട് പാച്ചിക്ക ചെയ്തത് പോലെ മകനെ ഏതെങ്കിലും സ്‌കൂളില്‍ അഭിനയം പഠിപ്പിക്കാന്‍ വിടണമെന്നും മിത്ര വിമര്‍ശിച്ചിരുന്നു.