നിങ്ങള്‍ ശക്തനായി തന്നെ നില്‍ക്കും,ഞങ്ങള്‍ കൂടുതല്‍ ശക്തി പകരാന്‍ നിങ്ങള്‍ക്കൊപ്പമുണ്ട്; പ്രകാശ് രാജ്

ബിജെപി സൈബര്‍ ആക്രമണം നേരിട്ട നടന്‍ സിദ്ധാര്‍ഥിന് പിന്തുണയുമായി പ്രകാശ് രാജ്. ഈ ഭീരുക്കള്‍ ഇത്രത്തോളം അധഃപതിക്കുമെന്നും, താനും ഇത് അനുഭവിച്ചതാണെന്നും പ്രകാശ് രാജ് ട്വീറ്റ് ചെയ്യുന്നു. സിദ്ധാര്‍ഥ് ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടേയിരിക്കുമെന്ന് അറിയാമെന്നും ഒപ്പം ഉണ്ടാകുമെന്നും താരം കുറിച്ചു.

ഈ ഭീരുക്കള്‍ ഇത്രത്തോളം അധഃപതിക്കും. ഞാനും ഇത് അനുഭവിച്ചതാണ്. എനിക്ക് അറിയാം നിങ്ങള്‍ ശക്തനായി തന്നെ നില്‍ക്കുമെന്നും ചോദ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടേയിരിക്കുമെന്നും. ഞങ്ങള്‍ കൂടുതല്‍ ശക്തി പകരാന്‍ നിങ്ങള്‍ക്കൊപ്പമുണ്ട് എന്നാണ് താരം ട്വീറ്റ് ചെയ്തിരിക്കുന്നത്.

സംഭവത്തിന്‍ സിദ്ധാര്‍ഥിന് പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍ സിദ്ധാര്‍ഥിനെ പിന്തുണച്ചുകൊണ്ട് എത്തിയിരുന്നു.

‘എന്തുകൊണ്ടാണ് സിനിമയില്‍ കാണുന്ന നായകന്‍മാര്‍ തീവ്രമായ പ്രൊപ്പഗാണ്ടകള്‍ക്കെതിരെ ശബ്ദമുയര്‍ത്താത്തതെന്ന് നമ്മള്‍ ചിന്തിക്കാറുണ്ട്. നമ്മുടെ സമൂഹത്തിലുള്ള വില്ലന്‍മാര്‍ സിനിമയില്‍ ഉള്ളവരെക്കാള്‍ ഭയാനകമാണ്. അത് ഈ നായകന്‍മാര്‍ക്ക് താങ്ങാനാവില്ല എന്നതാണ് കാരണം. സിദ്ധാര്‍ഥിനെ പോലുള്ള അപൂര്‍വ്വം ചിലര്‍ക്കെ അതിന് കഴിയു’ എന്നാണ് ശശി തരൂര്‍ ട്വീറ്റ് ചെയ്്തത്.

കഴിഞ്ഞ ദിവസം ബി.ജെ.പി പ്രവര്‍ത്തകര്‍ തന്നെയും കുടുംബത്തെയും ഭീഷണപ്പെടുത്തുന്നതായി പറഞ്ഞുകൊണ്ട് നടന്‍ സിദ്ധാര്‍ത്ഥ് രംഗത്തെത്തിയിരുന്നു .തനിക്കും കുടുംബത്തിനുമെതിരെ ബലാത്സംഗ,വധഭീഷണികള്‍ മുഴക്കുന്നതായും നടന്‍ ട്വിറ്ററില്‍ കുറിച്ചു.

തന്റെ ഫോണ്‍ നമ്പര്‍ തമിഴ്‌നാട് ബി.ജെ.പി. അംഗങ്ങള്‍ ലീക്ക് ചെയ്തിരിക്കുകയാണെന്നും,ഇതുവരെ 500-ലധികം ഫോണ്‍കോളുകളാണ് എനിക്ക് വന്നത്. എല്ലാത്തിലും എനിക്കും കുടുംബത്തിനും എതിരേ വധഭീഷണി, ബലാത്സംഗ,ഭീഷണി, അസഭ്യവര്‍ഷം തുടങ്ങിയവയാണ്. എല്ലാ കോളുകളും ഞാന്‍ റെക്കോഡ് ചെയ്തിട്ടുണ്ട്. എല്ലാം ബി.ജെ.പി. ലിങ്കും, ഡി.പിയും ഉള്ളതാണ്. അതെല്ലാം പൊലീസിന് കൈമാറുകയാണ്. എനിക്കെതിരേ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്താല്‍ ഞാന്‍ മിണ്ടാതിരിക്കുമെന്ന് കരുതേണ്ട.’ ഇനിയും വിമര്‍ശനങ്ങള്‍ ഉണ്ടാകുമെന്ന് നരേന്ദ്ര മോദിയേയും അമിത് ഷായേയും ടാഗ് ചെയ്താണ് സിദ്ധാര്‍ഥ് ട്വീറ്റ് ചെയ്ത്. കോവിഡ് പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരേ രൂക്ഷ വിമര്‍ശനങ്ങളാണ് സിദ്ധാര്‍ഥ് ഉന്നയിച്ചത്.

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമര്‍ശിച്ച് നടന്‍ സിദ്ധാര്‍ഥ് രംഗത്തെത്തിയിരുന്നു .നല്ല മനുഷ്യനാണെന്നും നേതാവാണെന്നും നുണ പറഞ്ഞാല്‍ മുഖത്ത് അടി കിട്ടുമെന്നാണ് സിദ്ധാര്‍ഥ് യോഗിയെ കുറിച്ച് ട്വീറ്റ് ചെയ്തത്.യോഗി ഓക്സിജന്‍ ക്ഷാമമെന്ന് നുണ പറയുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞ വാര്‍ത്ത പങ്കുവെച്ചായിരുന്നു സിദ്ധാര്‍ഥിന്റെ ട്വീറ്റ്.