“ഗവർണറുടെ ഈ നിലപാട് അറപ്പുളവാക്കുന്നു, വിജയ്ക്ക് ജനഹിതം ലഭിച്ചിട്ടുണ്ട്”; വിജയ്ക്ക് പിന്തുണയുമായി പ്രകാശ് രാജ്

','

' ); } ?>

ടിവികെ അധ്യക്ഷൻ വിജയ് ഉന്നയിച്ച സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം അംഗീകരിക്കാത്ത ഗവർണറുടെ നടപടിക്കെതിരെ കടുത്ത വിമർശനവുമായി നടൻ പ്രകാശ് രാജ്. ഗവർണറുടെ ഈ നിലപാട് അറപ്പുളവാക്കുന്നതും അംഗീകരിക്കാനാവാത്തതും ഭരണഘടനാ വിരുദ്ധവുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രാഷ്ട്രീയമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാമെങ്കിലും വിജയ്ക്ക് ജനഹിതം ലഭിച്ചിട്ടുണ്ടെന്നും നിയമസഭയിൽ തന്റെ അവകാശം വിനിയോഗിക്കാൻ അദ്ദേഹത്തെ അനുവദിക്കണമെന്നും പ്രകാശ് രാജ് വ്യക്തമാക്കി.

നിലവിൽ 108 എംഎൽഎമാരാണ് ടിവികെയ്ക്കുള്ളത്. കേവല ഭൂരിപക്ഷത്തിന് 118 സീറ്റുകൾ വേണ്ട സാഹചര്യത്തിൽ, കോൺഗ്രസിന്റെ അഞ്ച് അംഗങ്ങൾ ഉൾപ്പെടെ 113 പേർ ഒപ്പിട്ട പിന്തുണക്കത്താണ് വിജയ് ഗവർണർ രാജേന്ദ്ര അർലേക്കർക്ക് കൈമാറിയത്. എന്നാൽ, കേവല ഭൂരിപക്ഷം ഉറപ്പാക്കുന്ന 118 പേരുടെ പിന്തുണ വ്യക്തമാക്കുന്ന കത്ത് ഹാജരാക്കിയാൽ മാത്രമേ സത്യപ്രതിജ്ഞയ്ക്ക് അനുമതി നൽകൂ എന്ന കർക്കശ നിലപാടിലാണ് ഗവർണർ.

“ഗവർണറുടെ ഈ പെരുമാറ്റം അറപ്പുളവാക്കുന്നതും അംഗീകരിക്കാനാവാത്തതും ഭരണഘടനാ വിരുദ്ധവുമാണ്. നമുക്ക് അഭിപ്രായവ്യത്യാസങ്ങളുണ്ടാകാം… എന്നാൽ വിജയ്ക്ക് ജനഹിതം ലഭിച്ചിട്ടുണ്ട്. നിയമസഭയിൽ തൻ്റെ അവകാശം വിനിയോഗിക്കാൻ അദ്ദേഹത്തെ അനുവദിക്കണം.”-പ്രകാശ് രാജിൻ്റെ വാക്കുകൾ

സർക്കാർ രൂപവത്കരണത്തിനുള്ള നീക്കങ്ങൾ നിർണായക ഘട്ടത്തിലേക്ക് കടക്കുമ്പോൾ, വിജയ് ഇന്ന് രാവിലെ പാർട്ടി ആസ്ഥാനത്ത് ടിവികെ എംഎൽഎമാരുടെ അടിയന്തര യോഗം വിളിച്ചുചേർത്തിട്ടുണ്ട്. രാവിലെ 11 മണിയോടെ ടിവികെ നേതാക്കൾ വീണ്ടും ഗവർണറെ കണ്ട് ചർച്ച നടത്തുമെന്നാണ് വിവരം. വിജയിയുടെ അവകാശവാദം ഗവർണർ തള്ളിയതോടെ തമിഴ്നാട് രാഷ്ട്രീയത്തിൽ അനിശ്ചിതത്വവും വാദപ്രതിവാദങ്ങളും ശക്തമായിരിക്കുകയാണ്.