മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വന്‍ ചിത്രീകരണമാരംഭിച്ചു

തമിഴ് സാഹിത്യത്തിലെ പ്രശസ്ത കൃതി പൊന്നിയിന്‍ സെല്‍വനെ ആധാരമാക്കി മണിരത്നം ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് തായ്‌ലാന്‍ഡില്‍ തുടക്കം. നിലവില്‍ 40 ദിവസം നീണ്ടുനില്‍ക്കുന്ന ചിത്രീകരണത്തിനായിയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ തായിലാന്‍ഡിലെത്തിയിരിക്കുന്നത്. ജയം രവിയും കാര്‍ത്തിയും ചിത്രത്തിനായി ഷൂട്ടിങ്ങ് ആരംഭിച്ചു തുടങ്ങിയിട്ടുണ്ട്. മറ്റുള്ള താരങ്ങള്‍ വഴിയെ ഷൂട്ടിങ്ങിനായി എത്തുമെന്നാണ് സൂചനകള്‍. വിക്രം, തൃഷ, ഐശ്വര്യ റായ്, മലയാളി താരം ലാല്‍, ജയറാം എന്നിങ്ങനെ ഒരു ഗംഭീര താരനിര തന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നതെന്നാണ് സൂചനകള്‍. ചിത്രത്തിന് വേണ്ടി എര്‍ റഹ്മാന്‍ സംഗീതവും രവി വര്‍മന്‍ ക്യാമറയും നിര്‍വഹിക്കും.

അതേ സമയം ചിത്രത്തില്‍ നിന്ന് കീര്‍ത്തി സുരേഷ് പിന്മാറിയതും വലിയ വാര്‍ത്തകള്‍ക്കിടയാക്കിയിട്ടുണ്ട്. പൊന്നിയിന്‍ സെല്‍വന്റെ കാസ്റ്റില്‍ നിന്ന് പിന്മാറിയ താരം തലൈവര്‍ രജനീകാന്തിന്റെ 168ാം ചിത്രത്തിന് വേണ്ടിയാണ് പിന്മാറിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചോളസാമ്രാജ്യത്തിലെ രാജാവായിരുന്ന അരുള്‍മൊഴിവര്‍മ്മനെ (രാജരാജ ചോളന്‍ ഒന്നാമന്‍) കുറിച്ചുള്ളതാണ് കല്‍ക്കി കൃഷ്ണമൂര്‍ത്തി രചിച്ച പൊന്നിയിന്‍ സെല്‍വന്‍ എന്ന കൃതി. മണിരത്നത്തിന്റെ സ്വപ്ന പദ്ധതിയാണ് ഈ ചിത്രം. 2012ല്‍ ഈ സിനിമയുടെ ജോലികള്‍ മണിരത്നം തുടങ്ങിവെച്ചതായിരുന്നു. എന്നാല്‍ സാമ്പത്തിക പ്രശ്നങ്ങള്‍ കാരണം പദ്ധതി നീണ്ടുപോയി.