‘ജോസഫ്’ തമിഴിലേക്ക്, നായകന്‍ ആര്‍.കെ സുരേഷ്

മലയാളത്തില്‍ മികച്ച വിജയം നേടിയ ‘ജോസഫ്’ സിനിമ തമിഴില്‍ റീമേക്ക് ചെയ്യുന്നു. തമിഴിലും സിനിമ സംവിധാനം ചെയ്യുന്നത് എം. പത്മകുമാര്‍ ആണ്. നിര്‍മ്മാതാവും നടനുമായ ആര്‍.കെ. സുരേഷ് ആണ് തമിഴ് റീമേക്കില്‍ നായകനായെത്തുന്നത്. പ്രമുഖ തമിഴ് സംവിധായകന്‍ ബാലയാണ് സിനിമ നിര്‍മ്മിക്കുന്നത്. രണ്ട് വ്യത്യസ്ത ഗെറ്റപ്പിലാണ് നടന്‍ സുരേഷ് സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. നവംബറില്‍ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കും. 2020ല്‍ ചിത്രം റിലീസ് ചെയ്യും.

ജോജു ജോര്‍ജ്ജ് നായകനായ ജോസഫ് കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രങ്ങളുടെ നിരയിലാണ്. ജോസഫ് എന്ന വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനെയാണ് ചിത്രത്തില്‍ ജോജു അവതരിപ്പിച്ചത്. ‘മാന്‍ വിത് സ്‌കാര്‍’ എന്ന ടാഗ് ലൈനില്‍ ഒരുങ്ങിയ സിനിമ മെഡിക്കല്‍ രംഗത്തെ കൊള്ളരുതായ്മകളെയാണ് ചൂണ്ടികാണിക്കുന്നത്. സിനിമയിലെ പ്രകടനം ജോജുവിന് മികച്ച സ്വഭാവ നടനുള്ള സംസ്ഥാന അവാര്‍ഡും ദേശീയതലത്തില്‍ പ്രത്യേക പരാമര്‍ശവും നേടിക്കൊടുത്തു. ഷാഹി കബീര്‍ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.