
നടൻ മമ്മൂട്ടിയുടെ ആയുരാരോഗ്യത്തിനുവേണ്ടി ഉത്രം നക്ഷത്രത്തിൽ പൊന്നിൻകുടം വഴിപാടു നടത്തി. തിരുവനന്തപുരം സ്വദേശി എ. ജയകുമാറാണ് വഴിപാട് നടത്തിയത്. രാജരാജേശ്വര ക്ഷേത്രത്തിലെ പ്രധാന വഴിപാടാണിത്.
കണ്ണൂർ ജില്ലാ ആസ്‌ഥാനത്തു നിന്ന് 23 കിലോമീറ്റർ വടക്കു ഭാഗത്തുള്ള തളിപ്പറമ്പ് ടൗണിൽ നിന്ന് 3 കിലോ മീറ്റർ ദൂരത്തിലാണ് രാജരാജേശ്വര ക്ഷേത്രം സ്‌ഥിതി ചെയ്യുന്നത്. നെയ്യ് നിറച്ച വെള്ളിക്കുടവും പൊന്നിൻകുടവും സമർപ്പിക്കുന്നത് ക്ഷേത്രത്തിലെ പ്രധാന വഴിപാടാണ്. ജയകുമാറിനെ ക്ഷേത്രം ഭാരവാഹികൾ ക്ഷേത്രത്തിലെ ആരാധാനാ മൂർത്തിയായ രാജരാജേശ്വരന്റെ ഫോട്ടോ നൽകി സ്വീകരിച്ചു
ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന മമ്മൂട്ടി ഇപ്പോൾ അസുഖം ഭേദമായതിനെ തുടർന്ന് സിനിമയിൽ സജീവമായിരിക്കുകയാണ്.
മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന “പാട്രിയറ്റ്” എന്ന സിനിമയിലാണ് മമ്മൂട്ടി ഇപ്പോൾ അഭിനയിക്കുന്നത്. പതിനൊന്ന് വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒരുമിക്കുന്ന ചിത്രമാണിത്.
സിനിമയുടെ ടൈറ്റില്‍ ടീസര്‍ ഒക്ടോബര്‍ 2-ന് റിലീസ് ചെയ്തിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ക്കൊപ്പം ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര, സെറിന്‍ ഷിഹാബ്, രേവതി എന്നിവരാണ് പാട്രിയറ്റിലെ പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറില്‍ ആന്റോ ജോസഫ്, കെ.ജി അനില്‍കുമാര്‍. എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സി.ആര്‍. സലിം പ്രൊഡക്ഷന്‍സ്, ബ്ലൂ ടൈഗേഴ്സ് ലണ്ടന്‍ എന്നീ ബാനറുകളില്‍ സി.ആര്‍. സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് ചിത്രത്തിന്റെ സഹനിര്‍മാണം നിര്‍വഹിക്കുന്നത്. സി.വി. സാരഥിയും രാജേഷ് കൃഷ്ണയുമാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.