നാടക സ്‌നേഹികള്‍ക്കായി അപ്പാനിയുടെ ‘ലോക്കല്‍ ബന്‍ഡില്‍’

നാടക സ്‌നേഹികള്‍ക്കായി അപ്പാനിയുടെ ‘ലോക്കല്‍ ബന്‍ഡില്‍’ എത്തുന്നു. നാടകത്തെ സ്‌നേഹിച്ചിരുന്ന, ഇപ്പോഴും സ്‌നേഹിക്കുന്ന ഒട്ടനവധി കലാഹൃദയങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. അവര്‍ക്കായി ഒരു സന്തോഷ വാര്‍ത്ത എന്ന തലക്കെട്ടോടെയാണ് ‘ലോക്കല്‍ ബന്‍ഡില്‍’ എന്ന സംരംഭം നടന്‍ അപ്പാനി ശരത്തിന്റെ നേതൃത്വത്തില്‍ സ്ഥാപിതമാകുന്നത്. തികച്ചും ഒരുപാട് കഴിവുള്ള വ്യക്തികളെ കണ്ടെത്തി അവര്‍ക്ക് നാടകത്തിലൂടെ അവസരങ്ങള്‍ നല്‍കുക എന്നത് തന്നെയാണ് ‘ലോക്കല്‍ ബണ്ടില്‍സിന്റെ’ ഉദ്ദേശം.

നാടകങ്ങള്‍ കേരളത്തിലും ഇന്ത്യക്ക് പുറത്തും ആളുകളിലേക്ക് എത്തിക്കുക, ഡ്രാമ ക്ലാസ്സുകള്‍ സംഘടിപ്പിക്കുക, ഒഡിഷനുകള്‍ നടത്തുക, ഭാവിയില്‍ സിനിമകള്‍ പോലുള്ള വലിയ മേഖലയില്‍ നിര്‍മ്മാണം എന്നതിലേക്കും ചിന്തിക്കുക എന്നിങ്ങനെ ഒട്ടനവധി കാര്യങ്ങളാണ് അപ്പാനി ശരത്തിന്റെ ലോക്കല്‍ ബന്‍ഡില്‍ കൊണ്ട് അര്‍ത്ഥമാക്കുന്നത്.

ഇപ്പോള്‍ ഇതാ പുതിയ ആരംഭം എന്ന നിലയില്‍ ഒരു നാടകം സംഘടിപ്പിക്കുകയാണ് ലോക്കല്‍ ബന്‍ഡില്‍. യുണൈറ്റഡ് ഫ്‌ലയിങ് ഒബ്‌ജെക്ട്‌സ് അഥവാ യൂ .എഫ്.ഒ എന്ന പേരിലാണ് നാടകം നടത്താനുദ്ദേശിക്കുന്നത്. ഇതിനായി അഭിനേതാക്കളെ തേടി കൊണ്ട് പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. മുഴുവനായും ഫിസിക്കല്‍ നോണ്‍ വേര്‍ബല്‍ രീതിയിലാണ് നാടകം രൂപകല്പന ചെയ്തിരിക്കുന്നത്. ഈ മാസം 13ന് കൊച്ചി ആലുവയിലുള്ള ലുക്കാമോ റെസ്റ്റോ കഫെയില്‍ വെച്ചായിരിക്കും ഓഡിഷന്‍ നടത്തുക. 18നും – 35നും ഇടയില്‍ പ്രായം വരുന്നവര്‍ക്ക് ഓഡിഷനില്‍ പങ്കെടുക്കാനാവും. നാടക സംവിധാനം നിര്‍വ്വഹിക്കുന്നത് കണ്ണന്‍ ഉണ്ണിയാണ്. പ്രൊഡക്ഷന്‍ മാനേജര്‍: സിനു സിദ്ധാര്‍ത്ത്, സ്റ്റേജ് മാനേജര്‍: അതുല്‍ എം, ഡിസൈനേഴ്സ്: മനസ്റ്റിക് മങ്കി, മീഡിയ പ്രൊമോഷന്‍: പി ശിവപ്രസാദ്. എന്നിവരാണ് മറ്റു അണിയറയില്‍ പ്രവര്‍ത്തിക്കുന്ന കലാകാരന്മാര്‍.