കേരളത്തിന്റെ വിപ്ലവ നക്ഷത്രം കെ.ആര്‍ ഗൗരിയമ്മയ്ക്ക് യുവസംവിധായകന്‍ സമര്‍പ്പിച്ച പുതു കവിത സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. മുന്‍ മന്ത്രിയും പ്രമുഖ രാഷ്ട്രീയ നേതാവുമായ കെ.ആര്‍ ഗൗരിയമ്മയുടെ തീക്ഷ്ണമായ രാഷ്ട്രീയ ജീവിതം ആദ്യമായി വെള്ളിത്തിരയിലെത്തിച്ച ‘കാലം മായ്ക്കാത്ത ചിത്രങ്ങള്‍ ‘ എന്ന ഡോക്യുമെന്ററി ഒരുക്കിയ നവാഗത സംവിധായകന്‍ അഭിലാഷ് കോടവേലിയാണ് വീണ്ടും ഗൗരിയമ്മയ്ക്ക് സ്‌നേഹാദരങ്ങളോടെ പുതിയ കവിതയുമായി എത്തിയിരിക്കുന്നത് .’ഗൗരിയമ്മ’ എന്ന പേരിലുള്ള കവിതയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ട്രോപ്പിക്കാന ഫിലിംസിന്റെ ബാനറില്‍ റഹിം റാവുത്ത റായിരുന്നു ‘കാലം മായ്ക്കാത്ത ചിത്രങ്ങള്‍’ നിര്‍മ്മിച്ചത്. 2016 ലാണ് ഡോക്യുമെന്ററി റിലീസ് ചെയ്തത്. ഗൗരിയമ്മയുടെ സമഗ്ര ജീവിതം വരച്ചിടുന്നതായിരുന്നു ആ ഡോക്യുമെന്ററി. ഗൗരിയമ്മയുടെ അറിയപ്പെടാത്ത രാഷ്ടീയജീവിതമായിരുന്നു ചിത്രത്തിന്റെ ഇതിവൃത്തം.രാഷ്ട്രീയ രംഗത്ത് ഈ ചിത്രം ഏറെ ശ്രദ്ധേയമായിരുന്നു. വൈറലായ പുതിയ കവിതയ്ക്ക് വേണു തിരുവിഴയാണ് സംഗീതം നല്‍കിയിരിക്കുന്നത്. കവിത ആലപിച്ചിരിക്കുന്നത് കൂറ്റുവേലി ബാലചന്ദ്രനാണ്. ഈകവിതയുടെയും കാലം മായ്ക്കാത്ത ചിത്രങ്ങള്‍, എന്ന ഹൃസ്വചിത്രത്തിന്റെയും രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കന്നത്. അഭിലാഷ് കോടവേലിയാണ്. ഷോട്ട് ഫിലിമിലൂടെയും കവിതയിലൂടെയും ഗൗരിയമ്മയുടെ സമര്‍പ്പിത ജീവിതമാണ് സംവിധായകന്‍ പറയുന്നത്. പി.ആര്‍ സുമേരന്‍ (പി.ആര്‍.ഒ).
1957ല്‍ ഐക്യ കേരള സംസ്ഥാന രൂപീകരണത്തിനു ശേഷം ഇ.എം.എസിന്റെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയില്‍ അംഗമായിരുന്ന മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവാണ് കെ.ആര്‍.ഗൗരിയമ്മ.ജനനം:14 ജൂലൈ 1919. 1957, 1960 കേരള നിയമസഭകളില്‍ ചേര്‍ത്തലയില്‍ നിന്നും 1965 മുതല്‍ 1977 വരെയും 1980 മുതല്‍ 2006 വരെയും അരൂരില്‍ നിന്നും നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ചേര്‍ത്തല താലൂക്കിലെ പട്ടണക്കാട് പ്രദേശത്തുള്ള അന്ധകാരനഴി എന്ന ഗ്രാമത്തില്‍ കളത്തിപ്പറമ്പില്‍ കെ. എ. രാമന്‍, പാര്‍വ്വതിയമ്മ എന്നിവരുടെ മകളായി 1919 ജൂലൈ 14നാണു് ഗൗരിയമ്മ ജനിച്ചത്. തിരൂര്‍, ചേര്‍ത്തല എന്നിവിടങ്ങളിലെ സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം അവര്‍ എറണാകുളം മഹാരാജാസ് കോളേജില്‍ നിന്നും ബി.എ. ബിരുദവും തുടര്‍ന്ന് എറണാകുളം ലോ കോളേജില്‍ നിന്നു് നിയമബിരുദവും കരസ്ഥമാക്കി. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സജീവപ്രവര്‍ത്തകനായിരുന്ന ജ്യേഷ്ഠസഹോദരന്‍ സുകുമാരന്റെ പ്രേരണയാല്‍ ഗൗരിയമ്മയും വിദ്യാര്‍ത്ഥിരാഷ്ട്രീയത്തിലേക്കു് ഇറങ്ങിത്തിരിച്ചു. വിദ്യാര്‍ത്ഥി ആയിരിക്കുമ്പോള്‍മുതല്‍ തന്നെ രാഷ്ട്രീയത്തില്‍ ഗൗരിയമ്മ സജീവമായിരുന്നു. 1953ലും 1954ലും നടന്ന തിരുവിതാംകൂര്‍, തിരുകൊച്ചി നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഗണ്യമായ ഭൂരിപക്ഷത്തോടെ അവര്‍ വിജയിച്ചു. ഐക്യകേരളത്തിന്റെ ജനനത്തിനുതൊട്ടുശേഷം രൂപീകരിക്കപ്പെട്ട 1957ലെ പ്രഥമകേരളനിയമസഭയില്‍ അംഗമായി തെരഞ്ഞെടുക്കപ്പെട്ട് ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍, ലോകത്താദ്യമായി ബാലറ്റ് വോട്ട് ജനാധിപത്യവ്യവസ്ഥയിലൂടെ നിലവില്‍ വന്ന മന്ത്രിസഭയിലും അംഗമായി. 1957ല്‍ അന്നത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയില്‍ മന്ത്രിമാരായിരുന്ന പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവ് ടി.വി.തോമസും ഗൗരിയമ്മയും വിവാഹിതരായി. എന്നാല്‍ 1964ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രണ്ടായി പിളര്‍ന്നപ്പോള്‍ തോമസ് സി.പി.ഐയിലും ഗൗരിയമ്മ സി.പി.എമ്മിലും ചേര്‍ന്നു. കവിത താഴെ ലിങ്കില്‍
https://youtu.be/u7Aor1qB-c4