കളവ് പറയരുത്…സ്ത്രീകളിലെ ചേലാകര്‍മ്മം ഇസ്ലാം മതത്തിന്റെ ഭാഗമല്ല

ബിരിയാണയിയുടെ സംവിധായകന്‍ സജിന്‍ ബാബുവിനെതിരെ സംവിധായകന്‍ ഒമര്‍ ലുലു. ഫസ്റ്റ് പോസ്റ്റ് അഭിമുഖത്തില്‍ സജിന്‍ ബാബു നടത്തിയപ്രതികരണമാണ് ഒമര്‍ ലുലു വിമര്‍ശിച്ചത്. നിരവധി രാജ്യാന്തര പുരസ്‌കാരങ്ങള്‍ക്ക് ശേഷം ബിരിയാണിക്ക് ദേശീയ അവാര്‍ഡില്‍ സ്‌പെഷ്യല്‍ മെന്‍ഷന്‍ ലഭിച്ചപ്പോള്‍ സംഘി ചിത്രമാണെന്നും ഇസ്ലാമോഫോബിക് ആണെന്നും പ്രചരണമുണ്ടായതായും സജിന്‍ ബാബു പറഞ്ഞു. യാഥാസ്ഥിതിക മുസ്ലിങ്ങളോ സിനിമ ഇഷ്ടപ്പെടാത്ത ചെറുവിഭാഗമോ ആണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചതെന്ന് സജജിന്‍ പറയുന്നു. സജിന്‍ ബാബു അഭിമുഖത്തില്‍ പറഞ്ഞത്. ഇന്ത്യയില്‍ മുസ്ലിം സമൂഹം വലിയ വെല്ലുവിളി നേരിടുമ്പോള്‍ ഇത്തരമൊരു സിനിമ ആവശ്യമായിരുന്നോ എന്ന് ചോദിച്ചവരുണ്ട്. കേരളത്തിലെ മുസ്ലിങ്ങള്‍ അത്തരമൊരു പ്രതിസന്ധി നേരിടുന്നില്ല. ബിരിയാണി സംസാരിച്ചത് കേരളീയ പശ്ചാത്തലത്തില്‍ നിന്നുകൊണ്ടാണ്. ബിരിയാണിയിലെ ഖദീജ മുസ്ലിം മാത്രമല്ല, അവര്‍ കേരളത്തില്‍ നിന്നുള്ള ഒരു സ്ത്രീ കൂടിയാണ്. സ്ത്രീ സുന്നത്ത് തിരുവനന്തപുരത്ത് എന്റെ ജമാഅത്തിലടക്കം നടക്കുന്നുണ്ട്. ഒസാത്തിമാരാണ് അത് ചെയ്യുന്നത്. ഖദീജ കേരളത്തിലെ മുസ്ലിം സ്ത്രീകളുടെ പ്രതിനിധിയല്ല. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളിലെ എല്ലാ സ്ത്രീകളുടെയും പ്രതിനിധിയാണ്’. അതേ സമയം സിനിമയുടെ പ്രമോഷന്‍ വേണ്ടിയാണ് എങ്കിലും ഇങ്ങനെ കളവ് പറയരുതെന്ന് ഒമര്‍ ലുലു ഫേസ്ബുക്കില്‍ കകുറിച്ചു. സ്ത്രീകളിലെ ചേലാകര്‍മ്മം ഇസ്ലാം മതത്തിന്റെ ഭാഗമല്ല മുസ്ലിങ്ങള്‍ക്കിടയില്‍ ഇല്ലെന്നും അദ്ദേഹം പറയുന്നു.

താന്‍ മുസ്ലിം സമുദായത്തില്‍ ജനിച്ചയാളാണെന്ന് സജിന്‍ ബാബു പറഞ്ഞു. ഖദീജ നേരിട്ട പലതും സ്വന്തം ജീവിതാനുഭവങ്ങളില്‍ നിന്നെടുത്തവയാണ്. താന്‍ പ്ലസ് ടുവിന് പഠിക്കുമ്പോഴാണ് സഹോദരിയുടെ വിവാഹം. അവര്‍ക്കന്ന് 16 വയസാണ് പ്രായം. അവരന്ന് പത്താം ക്ലാസിലാണ്. ഒന്നുമറിയാത്ത പ്രായം. എന്നാലാവും വിധം വിവാഹത്തെ എതിര്‍ക്കാന്‍ ശ്രമിച്ചിരുന്നു. പക്ഷേ സാധിച്ചില്ല. വിവാഹം കഴിഞ്ഞ് ഒരു മാസത്തിനകം അവള്‍ ആത്മഹത്യശ്രമം നടത്തി. അന്ന് മുതലാണ് മതത്തോടുള്ള തന്റെ കാഴ്ചപ്പാട് മാറിത്തുടങ്ങുന്നത്. മുസ്ലിം സമൂഹം ഇന്ന് നേരിടുന്ന പലതരം വെല്ലുവിളികളെ അവഗണിച്ചുകൊണ്ടല്ല ഞാനിതുപറയുന്നത്. തന്റെ അമ്മയടക്കം നേരിട്ട കാര്യങ്ങള്‍ അന്ന് മുതല്‍ എന്റെ മനസിലുണ്ടായിരുന്നു. മതസ്വത്വം വേണ്ടെന്ന തീരുമാനത്തിലാണ് പേരടക്കം മാറിയതെന്നും അഭിമുഖത്തില്‍ അദ്ദേഹം കൂട്ടിചേര്‍ത്തു. ഇന്ന് ഒരു മതവിശ്വാസത്തിന്റെയും ഭാഗമല്ല. മതസ്വത്വമില്ലാത്ത മനുഷ്യനായി ജീവിക്കാനാണ് ശ്രമിക്കുന്നത്. തന്റെ ആദ്യത്തെ രണ്ട് സിനിമകള്‍ ക്രിസ്ത്യന്‍ പശ്ചാത്തലത്തില്‍ ആയിരുന്നു. ഞാന്‍ ക്രിസ്ത്യനാണെന്ന് പലരും കരുതിയിരുന്നു. എന്റെ പേരായിരുന്നു അതിന് കാരണം. ക്രിസ്ത്യാനിയായ ഒരാള്‍ മുസ്ലിം സമൂഹത്തെ അധിക്ഷേപിച്ചുവെന്ന് വിശ്വസിക്കുന്നുവരുണ്ട്. താന്‍ ഹിന്ദുവാണെന്ന് കരുതി മുസ്ലിങ്ങളില്‍ ചിലര്‍ അവന്‍ കാഫിറാണ് എന്ന് പ്രതികരിച്ചത് കണ്ടുവെന്നും സജിന്‍ പറഞ്ഞു.