ഡോക്ടർമാരെ മോശമായി ചിത്രീകരിക്കുന്നു: സണ്ണി ഡിയോൾ ചിത്രം ‘സൂര്യ’യുടെ ടീസറിനെതിരെ കോടതിയിൽ ഹർജി

','

' ); } ?>

സണ്ണി ഡിയോളിനെ പ്രധാന കഥാപാത്രമാക്കി എം. പദ്മകുമാർ സംവിധാനം ചെയ്ത ‘സൂര്യ: അന്ത് സേ ആരംഭ തക്’ എന്ന ബോളിവുഡ് ചിത്രത്തിന്റെ ടീസറിനെതിരെ ഡൽഹി ഹൈക്കോടതി കേന്ദ്ര സർക്കാരിനും സെൻസർ ബോർഡിനും നോട്ടീസയച്ചു. സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരെ മോശമായി ചിത്രീകരിക്കുന്നുവെന്നും ആരോഗ്യപ്രവർത്തകർക്കെതിരെയുള്ള അതിക്രമങ്ങൾക്ക് ഇത് വഴിവെച്ചേക്കാമെന്നും ആരോപിച്ച് ഒരു കൂട്ടം ഡോക്ടർമാർ സമർപ്പിച്ച ഹർജിയിലാണ് നടപടി. ജസ്റ്റിസ് അമിത് മഹാജൻ അധ്യക്ഷനായ ബെഞ്ചാണ് കേന്ദ്ര മന്ത്രാലയങ്ങൾക്കും സെൻസർ ബോർഡിനും നിർമാതാക്കളായ എം.എം. മൂവീസ്, സീ എന്റർടെയ്ൻമെന്റ് എന്നിവർക്കും നോട്ടീസ് നൽകിയത്.

ടീസർ പൂർണമായി നീക്കം ചെയ്യണമെന്ന ആവശ്യം ഉയർന്നെങ്കിലും ഈ ഘട്ടത്തിൽ അടിയന്തര ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ ഹൈക്കോടതി വിസമ്മതിച്ചു. ഡൽഹി സ്വദേശികളായ നാല് ഡോക്ടർമാരും ‘ഡോക്ടേഴ്‌സ് ഓഫ് കോർപ്പറേറ്റ് സൊസൈറ്റി’ ഭാരവാഹികളും ചേർന്ന് നൽകിയ ഈ ഹർജിയിൽ കൂടുതൽ വാദം കേൾക്കുന്നതിനായി കേസ് നവംബർ 16-ലേക്ക് മാറ്റിയിരിക്കുകയാണ്. വിഷയം ചൂണ്ടിക്കാട്ടി മുൻപ് അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടാകാത്തതിനാലാണ് കോടതിയെ സമീപിച്ചതെന്ന് ഹർജിക്കാർ വ്യക്തമാക്കി.

2018-ൽ പുറത്തിറങ്ങിയ മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രം ‘ജോസഫി’ന്റെ ഹിന്ദി റീമേക്കായാണ് ‘സൂര്യ’ ഒരുക്കിയിരിക്കുന്നത്. സ്വകാര്യ ആശുപത്രികൾ കേന്ദ്രീകരിച്ച് നടക്കുന്ന അവയവക്കച്ചവടത്തിന്റെ കഥ പറയുന്ന ചിത്രം യഥാർഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് നിർമിച്ചിരിക്കുന്നതെന്ന വാദം ജനങ്ങളിൽ തെറ്റിദ്ധാരണ പരത്താൻ കാരണമാകുന്നുണ്ടെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. ടീസറിന് താഴെ ആരോഗ്യപ്രവർത്തകർക്കെതിരെ അക്രമം പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള പ്രതികരണങ്ങൾ വരുന്നുണ്ടെന്നും മുൻപ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും (ഐ.എം.എ.) കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന് ഇതേ വിഷയത്തിൽ പരാതി നൽകിയിരുന്നുവെന്നും ഹർജിയിൽ പറയുന്നുണ്ട്. എം. പദ്മകുമാറിന്റെ ആദ്യ ബോളിവുഡ് ചിത്രമായ ‘സൂര്യ’ നവംബർ 20-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യാനിരിക്കെയാണ് ഈ നിയമക്കുരുക്ക് രൂപപ്പെട്ടിരിക്കുന്നത്.