ഒപ്റ്റിമസ് പ്രൈമിന്റെ ഗാംഭീര്യമുള്ള ശബ്ദം ഇനി ഓർമ്മ; പീറ്റർ കല്ലൻ വിടവാങ്ങി

','

' ); } ?>

‘ട്രാൻസ്‌ഫോർമേഴ്‌സ്’ സിനിമകളിലൂടെ ഒപ്റ്റിമസ് പ്രൈം എന്ന കഥാപാത്രത്തിന് ശബ്ദം നൽകി ആഗോളതലത്തിൽ ശ്രദ്ധേയനായ പ്രശസ്ത കനേഡിയൻ-അമേരിക്കൻ വോയ്‌സ് ആക്ടർ പീറ്റർ കല്ലൻ അന്തരിച്ചു. 85 വയസ്സായിരുന്നു.

ലോസ് ആഞ്ചലസിലെ വസതിയിൽ കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും സാന്നിധ്യത്തിലായിരുന്നു അന്ത്യമെന്ന് അദ്ദേഹത്തിന്റെ ഏജന്റ് കെവിൻ മോട്‌ലി സ്ഥിരീകരിച്ചു. മരണകാരണം സംബന്ധിച്ച വിവരങ്ങൾ കുടുംബം പുറത്തുവിട്ടിട്ടില്ല.

1984-ൽ സംപ്രേഷണം തുടങ്ങിയ ‘ട്രാൻസ്‌ഫോർമേഴ്‌സ്’ ആനിമേഷൻ സീരീസിലൂടെയാണ് ഒപ്റ്റിമസ് പ്രൈമിന് പീറ്റർ കല്ലൻ ജീവൻ നൽകിത്തുടങ്ങിയത്. തുടർന്ന് 2007 മുതൽ 2023 വരെയുള്ള ഹോളിവുഡ് ലൈവ്-ആക്ഷൻ ഫ്രാഞ്ചൈസി ചിത്രങ്ങളിലും ഈ കഥാപാത്രത്തെ അവിസ്മരണീയമാക്കിയത് അദ്ദേഹത്തിന്റെ ശബ്ദമായിരുന്നു. ‘വിന്നി ദി പൂ’വിലെ ജനപ്രിയ കഥാപാത്രമായ ‘ഈയോർ’, ‘ഇൻവിൻസിബിൾ’, ‘വോൾട്രോൺ’ തുടങ്ങി നിരവധി പ്രശസ്ത ആനിമേഷൻ ചിത്രങ്ങൾക്കും അദ്ദേഹം ശബ്ദമേകിയിട്ടുണ്ട്.

1963-ൽ നാഷണൽ തിയേറ്റർ ഓഫ് കാനഡയിൽ നിന്ന് ബിരുദം നേടിയ ശേഷമാണ് അദ്ദേഹം അഭിനയ-ശബ്ദരംഗത്തേക്ക് എത്തുന്നത്. ‘ദി സ്മതേഴ്‌സ് ബ്രദേഴ്‌സ് കോമഡി അവർ’ എന്ന ടെലിവിഷൻ ഷോയിലെ അനൗൺസറായായിരുന്നു കലാജീവിതത്തിന്റെ തുടക്കം. ശബ്ദലോകത്ത് തന്റേതായ മുദ്ര പതിപ്പിച്ചാണ് അദ്ദേഹം വിടവാങ്ങുന്നത്.