നീണ്ട കാത്തിരിപ്പിനുശേഷം കേരളത്തില്‍ തീയേറ്ററുകള്‍ തുറന്നു.ആദ്യ ചിത്രമായി വിജയ് നായകനാകുന്ന ‘മാസ്റ്റര്‍ ‘ റിലീസ് ചെയ്തു.കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും ആരവങ്ങളോടും ആര്‍പ്പുവിളികളോടും കൂടിയാണ് കേരളത്തിലെ അടക്കം വിജയ് ആരാധകര്‍ ‘മാസ്റ്ററി’നെ വരവേറ്റത്.ആരാധകരെ തൃപ്തിപ്പെടുത്തുന്ന മാസ് ചിത്രമാണെന്നാണ് ആദ്യ പകുതിയില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പതിവ് വിജയ് ചിത്രങ്ങളോട് സമാനമെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.
കേരളത്തിലെ എല്ലാ തിയേറ്ററുകളും ഹൗസ്ഫുള്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒമ്പത് മണിക്കാണ് ആദ്യ ഷോ ആരംഭിച്ചത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് 50 ശതമാനം ആളുകളെ മാത്രം പ്രവേശിപ്പിച്ചാണ് സിനിമ പ്രദര്‍ശനം നടക്കുന്നത്.
യുഎഇ ഉള്‍പ്പടെ ചില ഇടങ്ങളില്‍ ജനുവരി 12നായിരുന്നു ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം. തമിഴ്‌നാട്ടില്‍ ബുധനാഴ്ച പുലര്‍ച്ചെ നാലുമണിക്ക് തന്നെ ആദ്യ ഷോ തുടങ്ങിയിരുന്നു. ഇന്നലെ രാത്രി മുതല്‍ തിയറ്ററുകള്‍ക്ക് മുന്നില്‍ ഉറങ്ങാതെ കാത്തിരിക്കുകയായിരുന്നു തമിഴ്‌നാട്ടിലെ വിജയ് ആരാധകര്‍.