മാസ്റ്റര്‍ പ്രതീക്ഷ തകര്‍ത്തോ?

കോവിഡിന് ശേഷമുള്ള തിയേറ്റര്‍ അനുഭവമായെത്തിയ വിജയ്, വിജയ് സേതുപതി ചിത്രം മാസ്റ്റര്‍ പ്രേക്ഷക പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ല. സ്ഥിരം രക്ഷകന്റെ റോളിലേക്ക് മാറുന്ന വിജയ്‌യെ അതേ രൂപത്തില്‍ അവതരിപ്പിച്ച മാസ്റ്ററിന്റെ തിരക്കഥയില്‍ ഒട്ടും തന്നെ പുതുമയില്ലെന്നതാണ് ന്യൂനതയായി തോന്നിയത്. വിജയ് സേതുപതിയുടെ സാന്നിധ്യമാണ് സാധാരണ വിജയ്ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ അനുഭവം നല്‍കിയത്. തിരക്കഥയില്‍ വിജയ് സേതുപതിയുടെ ‘ഭവാനി’ എന്ന കഥാപാത്രത്തിന്റെ തുടക്കം മുതല്‍ അവസാനം വരെയുള്ള വളര്‍ച്ച ഒഴിച്ചാല്‍ വിജയ്‌യുടെ വാണിജ്യ സാധ്യതകള്‍ക്കായി ഉണ്ടാക്കിയ തിരക്കഥ തന്നെയാണ് മാസ്റ്റര്‍. ലോകേഷ് കനകരാജ് എന്ന സംവിധായകന്റെ കയ്യൊപ്പില്ലാത്ത ഒരു വിജയ് ചിത്രമായി മാസ്റ്റര്‍ അവസാനിച്ചപ്പോള്‍ അഭിനയ മികവിനാല്‍ ശ്രദ്ധേയനാകാന്‍ വിജയ് സേതുപതിക്ക് സാധിച്ചു. കഥാപാത്രത്തിന്റെ സൂക്ഷ്മമായ ചലനങ്ങള്‍, ഡയലോഗ് ഡെലിവറി, തുടര്‍ച്ച എന്നിവയെല്ലാം എത്രത്തോളം ഒരു നടനെ സംബന്ധിച്ച് പ്രാധാന്യമര്‍ഹിക്കുന്നുണ്ടെന്ന് കാണിച്ചുതരുന്നുണ്ട് വിജയ് സേതുപതി.

ആക്ഷന്‍ കൊറിയോഗ്രാഫി, ഗാനരംഗങ്ങള്‍ എന്നിവയെല്ലാം മികച്ചുനിന്നു. അനിരുദ്ധ് രവിചന്ദറിന്റെ സംഗീതവും, നൃത്തരംഗങ്ങളും വൈവിധ്യമേറിയതായിരുന്നു. സത്യന്‍ സൂര്യന്റെ ക്യാമറയും, ഫിലോമിന്‍ രാജിന്റെ ചിത്രസംയോജനവും സാങ്കേതിക പിന്തുണ നല്‍കി. മാളവിക മോഹന്‍, അര്‍ജുന്‍ദാസ്, ശാന്തനു ഭാഗ്യരാജ്, നാസര്‍ എന്നിവരെ കൂടാതെ ബാലതാരങ്ങളായെത്തിയവരുടെയും പ്രകടനം നന്നായിരുന്നു. മികച്ച കാസ്റ്റിംഗ്, മികച്ച സാങ്കേതിക സംവിധാനം, തുടങ്ങീ ഒരു നല്ല ചിത്രമൊരുക്കാന്‍ വേണ്ട അനുകൂല ഘടകങ്ങളെല്ലാമുണ്ടായിട്ടും നല്ലൊരുതിരക്കഥയുടെയും സംവിധാനത്തിന്റെയും അഭാവമാണ് ചിത്രത്തിലുടനീളം മുഴച്ചു നിന്നത്.